Kollam Local

അനധികൃത പാര്‍ക്കിങ്: പത്തനാപുരത്ത് ഗതാഗതകുരുക്ക് രൂക്ഷം

പത്തനാപുരം : അനധികൃത പാര്‍ക്കിങ് മൂലം പത്തനാപുരം പട്ടണം ഗതാഗതക്കുരുക്കിലായി. പട്ടണത്തില്‍ ദിവസവും മണിക്കൂറുകളോളമാണ് വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് ദുരിതം അനുഭവിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ലക്ഷങ്ങള്‍ മുടക്കി മാര്‍ക്കറ്റ് ജങ്ഷനില്‍ ട്രാഫിക് നിയന്ത്രിക്കാനായി സ്ഥാപിച്ച സിഗ്‌നല്‍ ലൈറ്റ് നോക്കുകുത്തിയായി മാറി.
കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പത്ത് ലക്ഷത്തോളം രൂപയാണ് സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കുന്നതിനായി വിനിയോഗിച്ചത്. അനധികൃത പാര്‍ക്കിങും വാഹനങ്ങളുടെ തിരക്കൊഴിവാക്കുവാനും ടൗണില്‍ ആവശ്യത്തിന് പോലിസുകാരോ ഹോംഗാര്‍ഡുകളോ ഇല്ലാത്തതും കുരുക്ക് രൂക്ഷമാക്കിയിട്ടുണ്ട്. കൂടുതല്‍ ജീവനക്കാരെ നിയമിച്ച് വണ്‍വേ റോഡുവഴി ചെറിയ വാഹനങ്ങള്‍ വിട്ടാല്‍ ഒരു പരിധി വരെ വാഹന കുരുക്ക് ഒഴിവാക്കാനാകും.
എന്നാല്‍ വണ്‍വേ റോഡ് പൊട്ടിപ്പൊളിഞ്ഞ് താറുമാറായി കിടക്കുന്നത് മൂലം വാഹനങ്ങള്‍ ഇതുവഴി പോകാന്‍ വിസമ്മതിക്കുകയാണ്. കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തി ആഴ്ചകള്‍ പിന്നിട്ടതോടെ റോഡ് തകര്‍ന്നിരുന്നു. ഇത് ഗതാഗത യോഗ്യമാക്കുവാന്‍ നടപടികളില്ല. പഞ്ചായത്ത് അധീനതയിലുളള റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറുകയും വളവുകള്‍ വരുന്ന ഭാഗം അല്‍പ്പം വീതികൂട്ടിയെടുക്കുക കൂടി ചെയ്താല്‍ പട്ടണത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നിരിക്കെ പഞ്ചായത്തിനോ മറ്റ് ജനപ്രതിനിധികള്‍ക്കോ ഇതിനൊന്നും താല്‍പ്പര്യമില്ലെന്ന മട്ടാണ്. ഇതിനിടെ വണ്‍വേ റോഡിലേക്ക് ഇറക്കി കെട്ടിടവും മതില്‍ നിര്‍മാണവും സജീവമാണ്. ഇത് അധികൃതരുടെ മൗനാനുവാദത്തോടെയെന്ന് ആക്ഷേപമുണ്ട്. പട്ടണത്തിലൂടെ കടന്ന് പോകുന്ന റോഡരുകില്‍ ഓടകള്‍ നിര്‍മിച്ച് അതിനോട് ചേര്‍ന്ന് വരെ റോഡ് വീതി കൂട്ടി ടാറിങ് നടത്തിയതാണ് ഏക ആശ്വാസം.
പട്ടണത്തിലെ ചില സ്ഥാപനങ്ങളുടെ റോഡിലേക്ക് ഇറക്കി സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്യുകയും വാഹന പാര്‍ക്കിങ്ങിന് ക്രമീകരണം ഏര്‍പ്പെടുത്തുകയും ചെയ്താല്‍ ഗതാഗത തടസത്തിന് ഒരു പരിധിവരെ പരിഹാരമാകും. പത്തനാപുരത്ത് ട്രാഫിക് പരിഷ്‌കരണ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി യോഗം വിളിച്ചിട്ട് വര്‍ഷങ്ങളായി. വികസനവും പരിഷ്‌കരണവും അടക്കം മിക്കതും പ്രഖ്യാപനത്തില്‍ ഒതുങ്ങിയതായി ആക്ഷേപമുണ്ട്. ഗതാഗതക്കുരിക്ക് ഒഴിവാക്കുന്നതിനായി കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം എന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it