ernakulam local

അനധികൃത തൊഴിലാളി റിക്രൂട്ട്‌മെന്റ് സ്ഥാപനം പൂട്ടിച്ചു

കൊച്ചി: വിദേശരാജ്യങ്ങളിലേക്ക് അനധികൃതമായി തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരുന്ന സ്ഥാപനം കൊച്ചി ഷാഡോ പോലിസ് കണ്ടെത്തി പൂട്ടിച്ചു.
കടവന്ത്രയില്‍ പ്രവര്‍ത്തിച്ചിരുന്ന അല്‍ കരിം ഓവര്‍സീസ് കണ്‍സള്‍ട്ടന്റ്‌സ് ആന്റ് ട്രേഡിങ്  കമ്പനി എന്ന സ്ഥാപനമാണ് അനധികൃത റിക്രൂട്ട്‌മെന്റ് നടത്തിയതായി ഷാഡോ പോലിസ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൂട്ടിച്ചത്. അനധികൃത റിക്രൂട്ടിങ് ഏജന്‍സികളെ കണ്ടെത്തുന്നതിനായുള്ള 'ഓപറേഷന്‍ ഓവര്‍സീസ് ഡ്രൈവി'ന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്.
ഇതുമായി ബന്ധപ്പെട്ട് വൈറ്റില സ്വദേശിയായ സ്ഥാപന ഉടമ ജോര്‍ജ് തോമസി (61)നെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിയമവിരുദ്ധമായി ഈ സ്ഥാപനം വിദേശരാജ്യങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നതായി ഷാഡോ പോലിസ് വിങ് സബ് ഇന്‍സ്‌പെക്ടര്‍ വി ഗോപകുമാര്‍ പറഞ്ഞു.
ഉദ്യോഗാര്‍ഥികളില്‍ നിന്നും റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി ശേഖരിച്ച 124 പാസ്‌പോര്‍ട്ടുകളും ഈ സ്ഥാപനത്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ലൈസന്‍സില്ലാതെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി കെ ജി ബാബുകുമാര്‍ പറഞ്ഞു.
കഴിഞ്ഞമാസം നടത്തിയ റെയ്ഡില്‍ അനധികൃത റിക്രൂട്ട്‌മെന്റ് നടത്തിയിരുന്ന എട്ട് ട്രാവല്‍ ഏജന്‍സികളുടെ ഓഫിസുകള്‍ കൊച്ചി സിറ്റി പോലിസ് അടച്ചുപൂട്ടിച്ചിരുന്നു.
Next Story

RELATED STORIES

Share it