wayanad local

അനധികൃത കെട്ടിട നിര്‍മാണം; നടപടി തുടരാനാവാതെ മാനന്തവാടി നഗരസഭ

മാനന്തവാടി: അനധികൃത കെട്ടിട നിര്‍മാണം പൊളിച്ചു നീക്കാന്‍ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെ വാടകക്കാര്‍, പൊളിച്ചു നീക്കാന്‍ നല്‍കിയ കാലാവധി കഴിഞ്ഞിട്ടും ഉന്നത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നടപടിയെടുക്കാനാവാതെ നഗരസഭയും. മാനന്തവാടി നഗരസഭയുടെ കീഴിലുള്ള എരുമത്തെരുവിലെ മല്‍സ്യ മാംസ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് അനധികൃതമായി വിപുലീകരിച്ച് പ്രവര്‍ത്തിക്കുന്നതായി കഴിഞ്ഞ ദിവസം നഗരസഭ കണ്ടെത്തിയത്.
തുടര്‍ന്ന് ഈ മുറികള്‍ പഞ്ചായത്തില്‍ നിന്നും ഏറ്റെടുത്ത കെ ജെ ഫിലിപ്പോസ്, ഷിജോ വര്‍ഗീസ്, കെ ഹനീഫ, കെ സൂപ്പി, സി മുഹമ്മദ് എന്നിവര്‍ക്കെതിരെ നഗരസഭ നോട്ടീസ് നല്‍കി. കൂടുതലായി കൂട്ടിച്ചേര്‍ത്ത് നിര്‍മിച്ചവ ഉടന്‍ പൊളിച്ചു നീക്കണമെന്നും അല്ലാത്ത പക്ഷം വാടകക്കരാര്‍ റദ്ദാക്കുമെന്നും കാണിച്ചായിരുന്നു ഏഴ് ദിവസത്തെ കാലാവധി നല്‍കിക്കൊണ്ട് ജനുവരി 19 ന് നോട്ടീസ് നല്‍കിയത്. എന്നാല്‍ കാലാവധിക്കുള്ളില്‍ രണ്ട് പേര്‍ മാത്രമാണ് വിശദീകരണമെങ്കിലും നല്‍കിയത്.
ഇതിനിടെ ഇടതുപക്ഷം ഭരിക്കുന്ന നഗരസഭയില്‍ സിപിഎംന്റെ ജില്ലാ നേതാവ് കൂടിയായ ഒരാള്‍ വിഷയത്തിലിടപെട്ട് തുടര്‍ നടപടികള്‍ നിര്‍ത്തിവപ്പിച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ടൗണില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോഴുള്ള പ്ലാന്‍ പ്രകാരം നിര്‍മാണം പൂര്‍ത്തിയാക്കി പഞ്ചായത്ത് നമ്പര്‍ നേടിയ ശേഷം പാര്‍ക്കിങ് ഏരിയയില്‍ പോലും മുറികള്‍ നിര്‍മിച്ച് അനധികൃതമായി വാടകപിരിക്കുന്നതായി വര്‍ഷങ്ങളായി തുടരുന്ന ആരോപണമാണ്. ടൗണിലെ മുഴുവന്‍ കെട്ടിടങ്ങളുടെയും അവസ്ഥ ഇത് തന്നെയാണ്. നാലും അഞ്ചും നിലകളുള്ള കെട്ടിടങ്ങള്‍ക്കു പോലും പാര്‍ക്കിങ് സൗകര്യമില്ല.
കോഴിക്കോട് റോഡിലെ മൂന്ന് നിലകെട്ടിടത്തില്‍ കേവലം നാലു വാഹനങ്ങള്‍ മാത്രം പാര്‍ക്കു ചെയ്യാന്‍ കഴിയുന്ന സ്ഥലത്ത് പാര്‍ക്കിങ് ഫീസ് നല്‍കിയാണ് വാഹനങ്ങള്‍ നിര്‍ത്തുന്നത്. ഇതിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്ന ഇടതുപക്ഷം ഭരണത്തിലെത്തിയപ്പോള്‍ നഗരസഭയുടെ സ്വന്തം കെട്ടിടത്തില്‍ പോലും അനധികൃത നിര്‍മാണത്തിന് ഒത്താശ ചെയ്യുന്നുവെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.
Next Story

RELATED STORIES

Share it