അനധികൃത ആഡംബര ബസ് സര്‍വീസുകള്‍ക്ക് പിടി വീഴും

അബ്ദുല്‍ഖാദര്‍ പേരയില്‍

ആലുവ: സംസ്ഥാനത്തിന് അകത്ത് അനധികൃതമായി സര്‍വീസ് നടത്തുന്ന ആഡംബര —ബസ്സുകള്‍ക്കെതിരേ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. അന്തര്‍ സംസ്ഥാന സര്‍വീസുകളുടെ മറവില്‍ സംസ്ഥാനത്തിനകത്ത് ഇതര സംസ്ഥാനക്കാരുടേതുള്‍പ്പെടെയുള്ള ബസ്സുകള്‍ അനധികൃതമായി സര്‍വീസ് നടത്തുന്നത് പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിക്കൊരുങ്ങുന്നത്.
തിരുവനന്തപുരം-കണ്ണൂര്‍, തിരുവനന്തപുരം- കോഴിക്കോട്, തിരുവനന്തപുരം- എറണാകുളം, കോട്ടയം- പുല്‍പ്പള്ളി, എറണാകുളം- പുല്‍പ്പള്ളി, എറണാകുളം-കണ്ണൂര്‍, പയ്യന്നൂര്‍- പാലക്കാട്- കോഴിക്കോട് എന്നിങ്ങനെ വിവിധ റൂട്ടുകളിലായി സ്വകാര്യ ആഡംബര ബസ്സുകള്‍ കേരളത്തിനകത്ത് അനധികൃതമായി സര്‍വീസുകള്‍ നടത്തുന്നത് കെഎസ്ആര്‍ടിസിക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് വരുത്തുന്നത്. ഇതുകൂടാതെ ബംഗളൂരു, മംഗളൂരു, മൈസൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്ക് ദീര്‍ഘദൂര അന്തര്‍ സര്‍വീസുകളും ഇത്തരത്തില്‍ നടത്തുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങള്‍ ഓട്ടമേറ്റഡ് സിഗ്‌നല്‍ സംവിധാനം വഴി വരുന്ന പിഴകള്‍ നല്‍കാത്തതും തിരക്ക് സമയത്ത് സംസ്ഥാനത്ത് നികുതി അടയ്ക്കാതെ പ്രത്യേക സര്‍വീസുകള്‍ നടത്തുന്നതുമടക്കം നിരവധി നിയമലംഘനങ്ങള്‍ നടത്തുന്നതായി മോട്ടോര്‍ വാഹന വകുപ്പിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരേ ശക്തമായ നടപടിക്കൊരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.
ഇതിന്റെ ആദ്യപടിയായി ഈ മാസം 14ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി തിരുവനന്തപുരത്ത് ബസ്സുടമകളുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതര സംസ്ഥാന വാഹന ഉടമകള്‍ക്കുള്ള അറിയിപ്പ് എല്ലാ ചെക്ക്‌പോസ്റ്റുകളിലുള്ള ഉദ്യോഗസ്ഥര്‍ വഴി നല്‍കുന്നുണ്ട്. നിരവധി വര്‍ഷങ്ങള്‍ക്കു ശേഷമാണ് അന്തര്‍ സംസ്ഥാന ബസ്സുടമകള്‍ അടക്കമുള്ളവരുടെ യോഗം സംസ്ഥാനത്ത് ചേരുന്നത്.
Next Story

RELATED STORIES

Share it