malappuram local

അനധികൃതമായി പ്രവര്‍ത്തിച്ച യതീംഖാന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അടച്ചുപൂട്ടി

മലപ്പുറം: പെരിന്തല്‍മണ്ണ ചെറുകരയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ബൈത്തുര്‍റഹ്മ ബനാത്ത് യതീംഖാന അഗതി മന്ദിരം എന്ന സ്ഥാപനം ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അടച്ചുപൂട്ടി. സ്ഥാപനം നിയമ വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തുടര്‍ പരിശോധനകള്‍ക്കായി താല്‍കാലിക ഉത്തരവിലൂടെ അടച്ചുപൂട്ടുകയായിരുന്നു.
രണ്ടു വര്‍ഷമായി പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലയില്‍ നിന്നുമുള്ള പതിനൊന്ന് പെണ്‍കുട്ടികളെയാണ് ആസ്പ്പറ്റോസ് ഷീറ്റ് മേഞ്ഞ വാടക കെട്ടിടത്തില്‍ അനതികൃതമായി താമസിപ്പിച്ചിരുന്നത്. കട്ടില്‍, മേശ, പഠന സൗകര്യം എന്നിവ ഒന്നും തന്നെ സ്ഥാപനത്തില്‍ ഇല്ലയിരുന്നു. ഒരു ലേഡി വാര്‍ഡനും ഒരു മാനേജറും മാത്രമായാണു സ്ഥാപനം നടത്തിയിരുന്നത.് കുട്ടികളെ നേരിട്ട് ഏറ്റെടുക്കുന്നതിനായി ചൈല്‍ഡ് വെല്‍ ഫെയര്‍ കമ്മിറ്റി ഫുള്‍ ബെഞ്ച് നേരിട്ട് സന്ദര്‍ശനം നടത്തിയെങ്കിലും മറ്റ് രഹസ്യ കേന്ദ്രത്തിലേക്ക് കുട്ടികളെ മാറ്റി സ്ഥാപനം അടച്ച് അധികാരികള്‍ രക്ഷപെടുകയായിരുന്നു. അവശ്യ സൗകര്യങ്ങളുടെ അപര്യാപ്തതയും പ്രവര്‍ത്തനരീതിയും രജിസ്‌ട്രേഷന്‍ ഇല്ലാത്തതുമാണ് യതീംഖാന അടച്ചുപൂട്ടാന്‍ കാരണമായത്. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയോ ബാല നീതി നിയമം 2015 ന്റെയോ യാതൊരുവിധ രജിസ്‌ട്രേഷനും ഇല്ലാതെയായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. യതീംഖാനയുടെ ദുരവസ്ഥയും കുട്ടികള്‍ സുരക്ഷിതര്‍ അല്ലന്നുമുള്ള സോഷ്യല്‍ ഇന്‍ വെന്നജിഗേഷന്‍ റിപോര്‍ട്ട് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു സിഡബ്ലിയുസിയുടെ പ്രത്യേക പരിശോധനയും തുടര്‍ നടപടികളും. സ്ഥാപനത്തിലെ മുഴുവന്‍ കുട്ടികളെയും സൗകര്യങ്ങളുള്ള അംഗീകൃത സ്ഥാപനങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ: ഷെരീഫ് ഉള്ളത്, അംഗങ്ങളായ അഡ്വ: ഹാരിസ് പാഞ്ചിലി, അഡ്വ: നജ്മല്‍ ബാബു കൊരമ്പയില്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ സമീര്‍ മച്ചിങ്ങല്‍, പ്രൊട്ടക്ഷന്‍ ഓഫിസര്‍ മുഹമ്മദ് സാലിഹ്, സോഷ്യല്‍ വര്‍ക്കര്‍മാരായ മുഹമ്മദ് ഫസല്‍ പുള്ളാട്ട്, റൂബി രാജ് എന്നിവരടങ്ങുന്ന സംഘമാണു പരിശോധന നടത്തിയത്.
യതീംഖാനയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കാന്‍ പെരിന്തല്‍മണ്ണ പോലിസിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ദേശം നല്‍കി. സ്ഥാപനത്തിലെ കുട്ടികളെ കമ്മിറ്റിക്കു മുമ്പില്‍ എത്തിക്കുന്നതിനുള്ള മേല്‍നോട്ട ചുമതല പെരിന്തല്‍മണ്ണ എസ്‌ഐക്ക് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രത്യേക ഉത്തരവിലൂടെ അധികാരപ്പെടുത്തി.
യതീംഖാനയിലെ മുഴുവന്‍ കുട്ടികളെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ 12ന് രാവിലെ 10:30ന് ഹാജരാക്കണമെന്നാണ് നിര്‍ദേശം.
Next Story

RELATED STORIES

Share it