അനധികൃതമായി പ്രവര്‍ത്തിച്ച എട്ട്വിദേശ റിക്രൂട്ടിങ് സ്ഥാപനങ്ങള്‍ പൂട്ടിച്ചു

കൊച്ചി: അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന എട്ടു വിദേശ റിക്രൂട്ടിങ് സ്ഥാപനങ്ങള്‍ ഷാഡോ പോലിസ് പരിശോധന നടത്തി പൂട്ടിച്ചു. അനധികൃതമായി സൂക്ഷിച്ച പാസ്‌പോര്‍ട്ടുകളും ബയോഡാറ്റകളും വിവിധ ഏജന്‍സികളുടെ ലെറ്റര്‍പാഡുകളുമടക്കം നിരവധി രേഖകള്‍ പിടിച്ചെടുത്തു. വ്യാജ റിക്രൂട്ടിങ് സ്ഥാപനങ്ങള്‍ ഉദ്യോഗാര്‍ഥികളില്‍നിന്നു കോടിക്കണക്കിനു രൂപ തട്ടിയെടുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു 'ഓപറേഷന്‍ ഓവര്‍സീസ്' എന്ന പേരില്‍ പരിശോധന നടത്തിയത്. ഒന്നര മാസത്തോളമായി രഹസ്യാന്വേഷണവിഭാഗം ഇത്തരം സ്ഥാപനങ്ങള്‍ നിരീക്ഷിച്ചുവരുകയായിരുന്നു. വിസാ സ്റ്റാമ്പിങ്, ടിക്കറ്റ് ബുക്കിങ് എന്നിവയുടെ മറവിലാണ് മിക്ക സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ എം പി ദിനേശ് പറഞ്ഞു. വിദേശ ജോലിക്കായി ഏജന്‍സികളെ സമീപിക്കുന്നതിനുമുമ്പ് സ്ഥാപനങ്ങള്‍ക്ക് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സിന്റെ ലൈസന്‍സ് ഉള്ളതാണോയെന്ന് ഉദ്യോഗാര്‍ഥികള്‍ ഉറപ്പു വരുത്തണമെന്നും കമ്മീഷണര്‍ അറിയിച്ചു. ഷാഡോ പോലിസ് എസ്‌ഐ വി ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. നടപടികള്‍ തുടരുമെന്നും അനധികൃത റിക്രൂട്ടിങ് സ്ഥാപനങ്ങളെപ്പറ്റി വിവരം ലഭിക്കുന്നവര്‍ പോലിസ് കണ്‍ട്രോള്‍റൂമില്‍ 100 എന്ന നമ്പറിലോ 9497980430 എന്ന ഷാഡോ പോലിസിന്റെ നമ്പറിലോ വിവരം അറിയിക്കണമെന്നു സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ കെ ജി ബാബുകുമാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it