അധ്യാപക പാക്കേജ്; ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ പോവും

തിരുവനന്തപുരം: അധ്യാപക പാക്കേജ് സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ പോവാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അതേസമയം, അധ്യാപകനിയമനത്തിന്റെ കാര്യത്തില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് അധ്യാപക നിയമനം നടത്തണമെന്നാണ് കോടതി നിര്‍ദേശം. 2015-16 അധ്യയനവര്‍ഷം കൂടി ഹൈക്കോടതി നിര്‍ദേശം ബാധകമാക്കി നിയമനം നടത്തും. വരും വര്‍ഷങ്ങളില്‍ ഹൈക്കോടതി നിര്‍ദേശം ബാധകമാക്കുകയാണെങ്കില്‍ സര്‍ക്കാരിന് അധിക ബാധ്യതയുണ്ടാവും. സര്‍ക്കാര്‍ അപ്പീല്‍ പോവുന്നതിന്റെ പേരില്‍ അധ്യാപകര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാവില്ല. അപ്പീലിന്‍മേലുള്ള തീരുമാനപ്രകാരമായിരിക്കും സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍. ഹൈക്കോടതി വിധി നടപ്പാക്കുന്നത് സംബന്ധിച്ച് മാനേജ്‌മെന്റ് പ്രതിനിധികളുമായി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഹൈക്കോടതി നിര്‍ദേശപ്രകാരം അധ്യാപക - വിദ്യാര്‍ഥി അനുപാതം 1:30, 1:35 എന്ന തരത്തിലാവും നിയമനം നടത്തുക. 2011ലെ തസ്തിക നിര്‍ണയപ്രകാരം ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളില്‍ 1:45 എന്ന അധ്യാപക - വിദ്യാര്‍ഥി അനുപാതത്തില്‍ 37,851 അധ്യാപക തസ്തികകളാണുള്ളത്. എന്നാല്‍, 1:30 എന്ന അനുപാതപ്രകാരം ഇത്രയും തസ്തികകളില്‍ 45,419 പേര്‍ ജോലി ചെയ്യുന്നുണ്ട്. ആറുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ 19,957 തസ്തികകളില്‍ 24,368 പേരും ജോലി ചെയ്യുന്നു. ഏറ്റവും ഒടുവില്‍ തസ്തിക നിര്‍ണയം നടന്ന 2011 ജൂണിന് ശേഷം 424 അധിക തസ്തികകളാണുണ്ടായത്. 2011ന് ശേഷമുണ്ടായ രാജി, വിരമിക്കല്‍, മരണം ഒഴിവുകളില്‍ 978 പേരെയാണ് നിയമിച്ചത്. 424 അധിക തസ്തികകള്‍ കൂടി ചേര്‍ന്നാല്‍ 1402 പേര്‍ക്കാണ് നിയമനാംഗീകാരം ലഭിക്കാനുള്ളത്.
വിദ്യാഭ്യാസം, ധനവകുപ്പുകള്‍ പറയുന്നതു പോലെ മൂവായിരത്തിലധികം പേര്‍ക്ക് നിയമനാംഗീകാരം ലഭിക്കാനുണ്ടെന്ന കണക്ക് ശരിയല്ലെന്ന് അധ്യാപക സംഘടനകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ച കണക്കില്‍ വ്യക്തമാക്കുന്നു. വരും വര്‍ഷങ്ങളില്‍ 1:45 എന്ന അനുപാതം പാലിച്ച് നിയമനം നടത്താന്‍ അനുവദിക്കണമെന്നായിരിക്കും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടുക.
Next Story

RELATED STORIES

Share it