Readers edit

അധ്യാപകസംഘടനകള്‍ കണ്ണുതുറക്കുമോ?

നിലവില്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകരില്‍ നല്ലശതമാനംപേരും ഉയര്‍ന്ന അധ്യാപകതസ്തികകളിലേക്ക് യോഗ്യതയുള്ളവരാണ്. അതിനാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരാവാനുള്ള ഒഴിവിലേക്ക് കാലാകാലങ്ങളില്‍ അപേക്ഷിക്കാറുണ്ട്. പക്ഷേ, കംപ്യൂട്ടര്‍ സയന്‍സ്, കൊമേഴ്‌സ് ഒഴികെ ഒരു വിഷയത്തിനും കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ പ്രമോഷന്‍ നല്‍കിയിട്ടില്ല. ഇതിനുള്ള കാരണം അടുത്തകാലത്ത് തിരിച്ചറിയാന്‍ ഇടയാവുകയും ആ അനീതിക്കെതിരേ പോരാടാന്‍ സംസ്ഥാനതലത്തില്‍ ഒരു കൂട്ടായ്മയ്ക്ക് രൂപം നല്‍കുകയും ചെയ്തു. അതാണ് എച്ച്എസ്‌ക്യൂപിടിഎ.
ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരായി ബൈ ട്രാന്‍സ്ഫര്‍ ഒഴിവില്‍ യോഗ്യരായ എച്ച്എസ്എമാരുടെ അഭാവത്തില്‍ മാത്രമേ നിയമനം ലഭിക്കൂ. യോഗ്യത പിജി, ബിഎഡ്, സെറ്റ് ആണ്. ഇവ മൂന്നുമുള്ള യോഗ്യരായ എച്ച്എസ്എമാര്‍ക്ക് പ്രമോഷന്‍ നല്‍കിയാല്‍ ബാക്കി ഒഴിവ് പ്രൈമറി വിഭാഗത്തിനുള്ളതാണ്. എന്നാല്‍, ചട്ടങ്ങളില്‍ ഇടപെട്ട് സെറ്റ് ഇല്ലാത്ത എച്ച്എസ്എമാരില്‍ 10 വര്‍ഷത്തെ പരിചയമുള്ളവരെയും ഹയര്‍ സെക്കന്‍ഡറിയില്‍ നിയമനം നടത്തിക്കൊണ്ടേയിരിക്കുന്നു. അതായത്, ഈ വഞ്ചനമൂലം ഒരിക്കലും പ്രൈമറി വിഭാഗത്തിന് ഹയര്‍ സെക്കന്‍ഡറിയിലേക്ക് പ്രവേശനമില്ലാതായി. ഇത്തരം അനീതി എവിടെയെങ്കിലും കേട്ടറിവുണ്ടോ? ബിഎഡ് ഇല്ലെങ്കിലും 10 വര്‍ഷം പ്രൈമറി സ്‌കൂള്‍ ജോലി ചെയ്താല്‍ എച്ച്എസ്എമാരാക്കുമോ? നെറ്റ് ഇല്ലാത്ത ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ 10 വര്‍ഷം സേവനമനുഷ്ഠിച്ചാല്‍ കോളജ് ലക്ചറര്‍ ആകുമോ? അല്ലെങ്കില്‍ അവര്‍ക്ക് എംഎഡ് ഇല്ലെങ്കിലും ഡയറ്റ് ലക്ചറര്‍ ആവാമോ? 10 വര്‍ഷത്തിനിടെ 20 തവണ സെറ്റ് എഴുതാനുള്ള അവസരമുണ്ട്. ഇതുകൊണ്ടൊക്കെ പ്രൈമറി അധ്യാപകരില്‍ പലരും ഹയര്‍ സെക്കന്‍ഡറി അധ്യാപകയോഗ്യത ഉണ്ടായിട്ടും ഹെഡ്മാസ്റ്റര്‍പോലുമാവാതെ റിട്ടയര്‍ ചെയ്യുന്നു. ഡിഗ്രി യോഗ്യത കഴിഞ്ഞ് മറ്റു വകുപ്പുകളില്‍ എത്തുന്നവര്‍ അണ്ടര്‍ സെക്രട്ടറി വരെ ആവാറുണ്ട്. എന്നാല്‍, അധികയോഗ്യതയുള്ള അധ്യാപകരില്‍ പലരും അങ്ങനെ തന്നെ വിരമിക്കുന്നു.
അധ്യാപകരില്‍നിന്നു കാലാകാലങ്ങളില്‍ സംഭാവനകള്‍ കൈപ്പറ്റിയ അധ്യാപകസംഘടനകള്‍ ഇതില്‍ ഉറക്കം നടിക്കാതെ നിലപാട് വ്യക്തമാക്കണം.

ജി ക്രിസോസ്റ്റം
കുളത്തൂപ്പുഴ

Next Story

RELATED STORIES

Share it