അധ്യാപകര്‍ സ്ഥാനാര്‍ഥികളാവുമ്പോള്‍

കേരളത്തില്‍ സര്‍ക്കാര്‍-എയ്ഡഡ് എന്നീ രണ്ടുതരത്തിലുള്ള വിദ്യാലയങ്ങളാണല്ലോ പ്രധാനമായും ഉള്ളത്. ഈ രണ്ടുതരം വിദ്യാലയങ്ങളിലെയും അധ്യാപകര്‍ക്ക് ഒരേതരത്തിലുള്ള ശമ്പളവും ഒരേതരത്തിലുള്ള യോഗ്യതയും തന്നെയാണ്.
എന്നാല്‍, ഇവ തമ്മില്‍ വലിയ വ്യത്യാസം കാണുന്നു. സര്‍ക്കാര്‍ അധ്യാപകര്‍ക്ക് രാഷ്ട്രീയപ്രവര്‍ത്തനം പാടില്ല. എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്കാവട്ടെ സ്വാതന്ത്ര്യമുണ്ട്. അവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാം. വിജയിച്ചാല്‍ നാട് നന്നാക്കാന്‍ ഇറങ്ങാം. സ്‌കൂളിനെയും വിദ്യാര്‍ഥികളെയും നന്നാക്കണമെന്നില്ല!
ശിശുകേന്ദ്രീകൃത വിദ്യാഭ്യാസരീതി വന്നതോടെ അധ്യാപകര്‍ക്ക് വിദ്യാലയങ്ങളില്‍ ധാരാളം കാര്യങ്ങള്‍ ചെയ്യാനുണ്ട്. ക്ലാസ്മുറികളില്‍ മാത്രം ഒതുങ്ങുന്നതല്ല ഇന്നത്തെ പഠനരീതി. ഫീല്‍ഡ് ട്രിപ്പ്, സ്വയം പരീക്ഷണം അങ്ങനെ പലതും. ഇവയുടെ രേഖകളും ഉണ്ടാക്കി അവര്‍ ഹാജരാക്കണം.
ഇനിയുമുണ്ട് കുറേ കാര്യങ്ങള്‍. വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ്, കഞ്ഞിയുടെ കണക്ക് സൂക്ഷിക്കല്‍, യൂനിഫോമിന്റെ കണക്ക്, ഇടയ്ക്കിടെ എസ്ആര്‍ജി കൂടല്‍, ഇടയ്ക്കിടെയുള്ള ഇന്‍ സര്‍വീസ് കോഴ്‌സുകള്‍, സ്‌പോര്‍ട്‌സ്, പ്രവൃത്തിപരിചയമേള, കലാമേള തുടങ്ങിയ കാര്യങ്ങളും അധ്യാപകരുടെ തലയിലാണ്. ഇതിനൊന്നും 200 സാധ്യായദിവസങ്ങള്‍ മതിയാവില്ല.
അതിനാല്‍, അധ്യാപകര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിച്ച് നാട് നന്നാക്കാനിറങ്ങിയാല്‍ വിദ്യാലയങ്ങളുടെ അവസ്ഥ എന്താവും? പ്രചാരണത്തിനു തന്നെ അവര്‍ക്ക് ലീവ് എടുക്കേണ്ടിവരും. ജയിച്ചാല്‍ പിന്നെ സ്‌കൂളിന്റെ കാര്യം കട്ടപ്പുക. വാര്‍ഡും സ്‌കൂളും ഒരുമിച്ചു നന്നാക്കുമ്പോള്‍ ഏതെങ്കിലുമൊന്ന് അവഗണിക്കപ്പെടും. അതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെപ്പോലെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പാടില്ലെന്ന നിയമം സര്‍ക്കാര്‍ കൊണ്ടുവരണം. രണ്ടുകൂട്ടര്‍ക്കും സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന സ്ഥിതിക്ക് ഒരുകൂട്ടര്‍ക്ക് മാത്രമെന്തിന് ഈ ആനുകൂല്യം. ഇനി ചിലര്‍ക്ക് നാട് നന്നാക്കാനാണ് ഇഷ്ടമെങ്കില്‍ അധ്യാപകജോലി രാജിവച്ച് നാട് നന്നാക്കട്ടെ.

സി എം സി അബ്ദുല്‍ ഖാദര്‍
പറവണ്ണ



Next Story

RELATED STORIES

Share it