kannur local

അധ്യാപകര്‍ കുറവായതിനാല്‍ പഠനം തടസ്സപ്പെട്ടു; ജീവനക്കാരുടെ പണിമുടക്ക് ജില്ലയില്‍ ഭാഗികം

കണ്ണൂര്‍: ശമ്പള പരിഷ്‌കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇടത് അനുകൂല അധ്യാപക സംഘടനകളും ജീവനക്കാരും ആഹ്വാനം ചെയ്ത പണിമുടക്ക് ജില്ലയില്‍ ഭാഗികം. മിക്ക സ്‌കൂളുകളുടെയും പ്രവര്‍ത്തനം താളംതെറ്റി. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. കലക്ടറേറ്റില്‍ പകുതിയിലേറെ പേര്‍ പണിമുടക്കി. ആകെയുള്ള 195 ജീവനക്കാരില്‍ 97 പേര്‍ ജോലിക്ക് ഹാജരായി. കലക്ടറേറ്റില്‍ ജില്ലാ കലക്ടറും എഡിഎമ്മും ഇന്‍ഫര്‍മേഷന്‍ ഓഫിസറുമെല്ലാം പതിവുപോലെ ഹാജരായി.
സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇടതനുകൂല സര്‍വീസ് സംഘടനകളുടെ പ്രവര്‍ത്തകര്‍ മിക്കവരും പണിമുടക്കില്‍ പങ്കാളികളായി. ജില്ലാ പോലിസ് ഓഫിസ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, ജില്ലാ മെഡിക്കല്‍ ഓഫിസ്, ട്രഷറി, വിദ്യാഭ്യാസ ഓഫിസ്, ജോയിന്റ് രജിസ്റ്റാര്‍ തുടങ്ങി പ്രധാന ഓഫിസുകളിലെല്ലാം പകുതിയോളം പേര്‍ ഹാജരായി. ചില സ്‌കൂളുകളില്‍ രാവിലെ മുതല്‍ അധ്യയനം മുടങ്ങിയപ്പോള്‍ ചിലയിടങ്ങളില്‍ അധ്യാപകരുടെ കുറവ് കാരണം ഉച്ചയ്ക്കു ശേഷം അവധി നല്‍കി. ഹര്‍ത്താലനുകൂലികള്‍ നഗരത്തില്‍ പ്രകടനം നടത്തി. കണ്ണൂര്‍ സര്‍വകലാശാലയില്‍ ആകെയുള്ള 253പേരില്‍ 150 പേര്‍ പണിമുടക്കി. 13 പേര്‍ അവധിയെടുത്തു. ജില്ലാ ട്രഷറിയില്‍ 162ല്‍ 81 പേര്‍ ജോലിക്കെത്തി.
മലയോര മേഖലയായ ഇരിക്കൂറിലും പരിസരങ്ങളിലും ഭാഗികമായിരുന്നു. പണിമുടക്ക് കാരണം സര്‍ക്കാര്‍ ഓഫിസുകള്‍ ഹാജര്‍ കുറവായിരുന്നെങ്കിലും ഓഫിസുകള്‍ പ്രവര്‍ത്തിച്ചു.
വിദ്യാലയങ്ങളില്‍ അധ്യാപകര്‍ കുറവായതിനാല്‍ അധ്യയനം തടസ്സപ്പെട്ടു. അതേസമയം, 75 ശതമാനത്തിലധികം ജീവനക്കാര്‍ ജോലിക്ക് ഹാജരായതായി കേരള എന്‍ജിഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. നുണ പ്രചാരണങ്ങളെയും ഭീഷണികളെയും അതിജീവിച്ച് ജോലിക്ക് ഹാജരായ ജില്ലയിലെ മുഴുവന്‍ ജീവനക്കാരെയും അഭിവാദ്യം ചെയ്ത് എന്‍ജിഒ അസോസിയേഷന്‍ കലക്ടറേറ്റിനു മുന്നില്‍ പ്രകടനം നടത്തി. എന്‍ പി ജയകൃഷ്ണന്‍, കെ കെ രാജേഷ ഖന്ന, സി ടി സുരേന്ദ്രന്‍, ടി മോഹന്‍ കുമാര്‍, എ ഉണ്ണികൃഷ്ണന്‍, ജോയ് പ്രിന്‍സസ്, എം പി ഷനീജ്, കെ ഉഷാകുമാരി, കെ പി ഗിരീഷ് കുമാര്‍, അശ്രഫ് ഇരിവേരി സംസാരിച്ചു.
Next Story

RELATED STORIES

Share it