thrissur local

അധ്യാപകര്‍ ആഴത്തില്‍ പഠിക്കണം:ഡോ. എസ് കെ വസന്തന്‍

തൃശൂര്‍: അധ്യാപകര്‍ ആഴത്തില്‍ പഠിച്ചാല്‍ മാത്രമേ പുതിയ തലമുറയ്ക്ക് പുതിയ ദിശാബോധവും കര്‍മ്മശേഷിയും പ്രദാനം ചെയ്യുവാന്‍ കഴിയുകയുള്ളൂവെന്ന് ഡോ. എസ് കെ വസന്തന്‍ അഭിപ്രായപ്പെട്ടു. തൃശൂര്‍ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഭരണഭാഷാ വാരാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഷാപഠനത്തിന്റെ കാര്യത്തില്‍ അധ്യാപകരുടെ കുറവുകളും പാഠ്യക്രമത്തിന്റെ വൈകല്യങ്ങളും വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇത് ഇന്ന് ഭാഷയ്ക്കും ഭീഷണിയായി വളര്‍ന്നു വരുന്നു. വായനാശീലം അധ്യാപകരില്‍ നിന്ന് വിട്ടുപോകുന്നതായാണ് കണ്ടുവരുന്നത്.   പഠനത്തിനു പ്രധാന്യം നല്‍കാതെ വിജയത്തിനു പ്രാധാന്യം നല്‍കുന്ന പാഠ്യക്രമത്തില്‍ വിദ്യാര്‍ഥികളുടെ പാഠ്യക്രമത്തില്‍ കുട്ടികളുടെ നിലവാരത്തെ കുറിച്ച് വിലപിക്കുന്നത് അര്‍ത്ഥശൂന്യമാണെന്നും ഡോ.വസന്തന്‍ പറഞ്ഞു. യോഗത്തില്‍ സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ. പി വി കൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍, കേരളവര്‍മ്മ കോളേജ് മലയാളം വകുപ്പ് മേധാവി ഡോ.കെ.കൃഷ്ണകുമാരി, അഖില കേരള അക്ഷകശ്ലോക പരീഷത്ത് പ്രസിഡന്റ് പീറ്റര്‍ ചെറുവത്തൂര്‍, ഐ ആന്റ് പിആര്‍ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ എം എസ് അലിക്കുഞ്ഞ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി സി സുരേഷ് കുമാര്‍, അസി എഡിറ്റര്‍ എന്‍ സതീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു വിദ്യാര്‍ഥികള്‍ക്കായി കാവ്യാലാപനം, വായന, അക്ഷരശ്ലോകം എന്നിവയില്‍ മത്സരങ്ങളും സംഘടിപ്പിച്ചു.
Next Story

RELATED STORIES

Share it