അധ്യാപകരുടെ നിയമനം: കേരള സിന്‍ഡിക്കേറ്റ് യോഗം അലസിപ്പിരിഞ്ഞു

തിരുവനന്തപുരം: അധ്യാപകരുടെ നിയമനവിഷയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൂടിയ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം അലസിപ്പിരിഞ്ഞു. അജണ്ടയില്‍ ഉള്‍പ്പെടാത്ത വിഷയങ്ങള്‍ അംഗീകരിക്കണമെന്ന അംഗങ്ങളുടെ ആവശ്യം തള്ളിയതാണു യോഗം നടക്കാതിരുന്നതിനു കാരണമെന്നു സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
എന്നാല്‍, വൈസ് ചാന്‍സലറുടെ നിസ്സഹകരണമാണു വിഷയമെന്നു സിന്‍ഡിക്കേറ്റംഗങ്ങളും അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കൂടിയ ഭൂരിഭാഗം സിന്‍ഡിക്കേറ്റ് യോഗങ്ങളും അലസിപ്പിരിയുകയായിരുന്നു. 10 മണിക്ക് സിന്‍ഡിക്കേറ്റ് യോഗം ആരംഭിച്ചപ്പോള്‍ കഴിഞ്ഞ യോഗത്തിന്റെ മിനുട്‌സില്‍ ഉള്‍പ്പെടുത്തിയിരുന്ന അധ്യാപകരുടെ നിയമനകാര്യമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഗണനയ്‌ക്കെടുക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍, അധ്യക്ഷനായ വൈസ് ചാന്‍സലര്‍ അതംഗീകരിക്കാതെ ഇറങ്ങിപ്പോവുകയായിരുന്നെന്ന് സിന്‍ഡിക്കേറ്റംഗമായ ചാമക്കാല ജ്യോതികുമാര്‍ പറഞ്ഞു.
12.45 ആയിട്ടും വൈസ് ചാന്‍സലര്‍ തിരിച്ചെത്താത്തതിനാല്‍ അംഗങ്ങള്‍ ഇറങ്ങിപ്പോവുകയായിരുന്നെന്നും ജ്യോതികുമാര്‍ വ്യക്തമാക്കി. എന്നാല്‍, അംഗങ്ങള്‍ അജണ്ടയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത വിഷയങ്ങള്‍ ഉന്നയിക്കുകയും കഴിഞ്ഞ യോഗത്തില്‍ പരിഗണനയ്ക്കു വരാതിരുന്ന വിഷയങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നെന്നു സര്‍വകലാശാല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അംഗങ്ങള്‍ അവരുടെ നിലപാടില്‍ ഉറച്ചുനിന്നതിനാല്‍ യോഗത്തില്‍ സമാധാനാന്തരീക്ഷം വന്നതിനു ശേഷം തിരിച്ചെത്താമെന്നറിയിച്ച് വൈസ് ചാന്‍സലര്‍ സഭയില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നെന്നും സര്‍വകലാശാല വ്യക്തമാക്കി.
Next Story

RELATED STORIES

Share it