kannur local

അധ്യാപകനെ കൗണ്‍സലിങിന് വിധേയമാക്കണമെന്ന് ദലിത് സംഘടനകള്‍

കണ്ണൂര്‍: പയ്യന്നൂര്‍ കുന്നരു ഗവ. യുപി സ്‌കൂളില്‍ ആറാംക്ലാസ് വിദ്യാര്‍ഥിയെ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെ കൗണ്‍സലിങിന് വിധേയമാക്കണമെന്ന് ദലിത് സംഘടനകള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ശ്രേയസ് എന്ന ദലിത് വിദ്യാര്‍ഥിയെ 'ട്രീ' എന്ന ഇംഗ്ലീഷ് വാക്കിന്റെ അര്‍ഥം പറഞ്ഞില്ലെന്ന കാരണത്താല്‍ അധ്യാപകന്‍ സുനില്‍കുമാര്‍, ഉത്തരം പറഞ്ഞ ഇതേ സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയുടെ കാലു പിടിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിനുപുറമെ മുഴുവന്‍ കുട്ടികളോടും ചിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. സംഭവം വിദ്യാര്‍ഥിയെ മാനസികമായി തളര്‍ത്തിയിരുന്നു. പ്രശ്‌നം അറിഞ്ഞെത്തിയ ദലിത് സംഘടനാ പ്രവര്‍ത്തകരെ പ്രദേശത്തെ സിപിഎമ്മുകാര്‍ തടഞ്ഞുവച്ചതായും ഭാരവാഹികള്‍ പറഞ്ഞു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അധ്യാപക മനസ്സുകള്‍ക്ക് വെളിച്ചം പകരുകയെന്ന സന്ദേശവുമായി ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ ഡിസംബര്‍ 10ന് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ കുട്ടികളുടെ ദീപം തെളിയിക്കല്‍ പരിപാടി സംഘടിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഗോത്ര മഹാസഭ കോ-ഓഡിനേറ്റര്‍ എം ഗീതാനന്ദന്‍, കേരള പട്ടികസമാജം സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍, കിളര്‍കുടിയന്‍ ശ്രീധരന്‍, ബിജു അയ്യപ്പന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it