അധ്യയനം തീരാറായിട്ടും അധ്യാപക പരിശീലനം നടന്നില്ല

ആബിദ്

കോഴിക്കോട്: വാര്‍ഷികപ്പരീക്ഷ അടുക്കാറായിട്ടും ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് പരിശീലനം ലഭിച്ചില്ല. ഈ അധ്യയന വര്‍ഷത്തില്‍ പുതുക്കിയ പാഠപുസ്തകങ്ങളെ പരിചയപ്പെടുത്തുന്നതിന് അധ്യാപകര്‍ക്ക് നല്‍കേണ്ട പരിശീലനമാണ് നടക്കാത്തത്.
പ്ലസ്ടുവിലെ മലയാളം, ഇംഗ്ലീഷ്, അറബിക്, ഉര്‍ദു, ഹിന്ദി തുടങ്ങിയ ഭാഷാ വിഷയങ്ങളിലെ പാഠപുസ്തകങ്ങളെല്ലാം ഈ അധ്യയന വര്‍ഷം പുതുക്കിയിരുന്നു. പ്ലസ് വണിലെ കൊമേഴ്‌സ് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ പാഠപുസ്തകവും പുതിയതാണ്. മാറുന്ന പാഠപുസ്തകങ്ങളിലെ ഓരോ പാഠങ്ങളിലെയും പ്രാധാന്യം, ഭാഷാ പ്രവര്‍ത്തനങ്ങളില്‍ ഊന്നല്‍ നല്‍കേണ്ട കാര്യങ്ങള്‍, പാഠ്യപദ്ധതിയുടെ ലക്ഷ്യം, പ്രത്യേക പരിഗണന നല്‍കേണ്ട കാര്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ അധ്യാപകര്‍ക്ക് കൈമാറുന്നത് ഈ പരിശീലന ക്ലാസുകളിലാണ്. ചോദ്യങ്ങളുണ്ടാക്കേണ്ട രീതിയെക്കുറിച്ചുള്ള വിവരങ്ങളും ഇവിടെവച്ചാണ് അധ്യാപകര്‍ക്ക് ലഭിക്കുക. ഏതു മേഖലയില്‍നിന്നാണ് കൂടുതല്‍ ചോദ്യങ്ങളുണ്ടാവുക?, ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങള്‍ എത്ര? തുടങ്ങിയ വിവരങ്ങളും ഇതുവരെ അധ്യാപകര്‍ക്കു കിട്ടിയിട്ടില്ല. ഓരോ പാഠഭാഗത്തിനും നല്‍കേണ്ട പ്രാധാന്യം മനസ്സിലാക്കണമെങ്കില്‍ പ്രത്യേക പരിശീലനം ലഭിച്ചേ മതിയാവൂ എന്നിരിക്കെയാണ് ക്ലാസ് അനന്തമായി നീളുന്നത്.
നാലു ദിവസം നീളുന്ന പരിശീലനക്കളരിയിലാണ് സാധാരണ ഇത്തരം കാര്യങ്ങള്‍ അധ്യാപകര്‍ക്ക് നല്‍കുന്നത്. പാഠപുസ്തകത്തിലെ എല്ലാ കാര്യങ്ങളെക്കുറിച്ചുമുള്ള വിശദമായ ചര്‍ച്ചകള്‍ ഈ കളരിയില്‍ നടക്കും.പുസ്തകം മാറുമ്പോള്‍ നിര്‍ബന്ധമായും ഇത്തരം ക്ലാസുകള്‍ നടത്തണമെന്നാണ് ചട്ടം. പരീക്ഷാ ചോദ്യപേപ്പര്‍ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട നിയമനിര്‍ദേശങ്ങളും ഇവിടെയാണ് അവതരിപ്പിക്കുക. ഇപ്പോള്‍ പാഠഭാഗത്തിന്റെഅവസാനത്തിലുള്ള പഠനപ്രവര്‍ത്തനങ്ങളെ ആശ്രയിച്ചാണ് അധ്യാപകര്‍ പഠിപ്പിക്കുന്നത്.
വിഷയത്തെക്കുറിച്ച് അധ്യാപകര്‍ക്കുതന്നെ നല്ല അവഗാഹം ലഭിക്കാത്തത് കുട്ടികളുടെ നിലവാരത്തെ ദോഷകരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മാതൃകാ ചോദ്യങ്ങള്‍ ഇതുവരെ തയ്യാറാക്കിയിട്ടില്ല. സാധാരണഗതിയില്‍ പരീക്ഷകളുടെ മാതൃകാ ചോദ്യങ്ങള്‍ സൈറ്റുകളില്‍ ലഭ്യമാവാറുണ്ടെങ്കിലും പുതുക്കിയ പാഠഭാഗങ്ങളിലെ ചോദ്യങ്ങള്‍ സൈറ്റുകളില്‍ കിട്ടാത്ത അവസ്ഥയാണുള്ളത്. ഈ മാസാവസാനം ക്ലസ്റ്റര്‍ മീറ്റിങുകള്‍ കൂടുമെന്നറിയിച്ചിട്ടുണ്ടെങ്കിലും പാഠപുസ്തകത്തെക്കുറിച്ചോ ചോദ്യങ്ങളെക്കുറിച്ചോ വ്യക്തമായ ധാരണയില്ലാതെയാണ് അധ്യാപകര്‍ എത്തുകയെന്നത് ക്ലസ്റ്റര്‍ മീറ്റിങുകളെ പ്രഹസനമാക്കും.
Next Story

RELATED STORIES

Share it