wayanad local

അധികൃതര്‍ ചന്ദ്രന്റെ കുടുംബത്തെ സന്ദര്‍ശിച്ചു

കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട താല്‍ക്കാലിക ഫോറസ്റ്റ് വാച്ചര്‍ വേലിയമ്പം ചുള്ളിക്കാട് കോളനിയിലെ ചന്ദ്രന്റെ (45) കുടുംബത്തെ ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം പി വി ഗംഗാധരന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. കുടുംബത്തിന് വനംവകുപ്പ് നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപ നല്‍കുമെന്ന് എഡിഎം അറിയിച്ചു. മൂത്ത മകന് വനംവകുപ്പില്‍ താല്‍ക്കാലിക വാച്ചറായി ജോലി നല്‍കും. മൂന്നു മക്കള്‍ക്ക് 'സ്‌നേഹപൂര്‍വം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കോളര്‍ഷിപ്പ് നല്‍കും. ഇദ്ദേഹത്തിന്റെ മൂന്നാമത്തെ കുട്ടിയെയും മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂളില്‍ ചേര്‍ക്കാന്‍ നടപടിയെടുക്കും. കൂടാതെ ചന്ദ്രന്റെ അനുജന്റെ മകള്‍ അഞ്ജുവിനെ ഈയാഴ്ച തന്നെ ബിരുദപഠനത്തിന് കോളജില്‍ ചേര്‍ക്കാന്‍ നടപടി സ്വീകരിക്കും.
കുടുംബത്തിന് ലീഡ് ബാങ്ക് മാനേജര്‍ എം വി രവീന്ദ്രന്‍ ധനസഹായമായി 5,000 രൂപ കൈമാറി. പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, വൈസ് പ്രസിഡന്റ് കെ ജെ പോള്‍, പഞ്ചായത്ത് അംഗങ്ങളായ രജനി ചന്ദ്രന്‍, കെ എം ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അര്‍ജുന്‍ കെ രാഘവന്‍, ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ പി രഞ്ജിത്ത് കുമാര്‍ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it