thrissur local

അധികൃതരുടെ നിസ്സംഗതയില്‍ വ്യാപക പ്രതിഷേധം

മാള: പൊയ്യ കെഎസ്ഇബി സബ് എഞ്ചിനീയര്‍ ഓഫിസിന്റെ അവസ്ഥ വളരെയേറെ പരിതാപകരമായിട്ടും പരിഹരിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമില്ലാത്തതില്‍ വ്യാപക പ്രതിഷേധം. പതിറ്റാണ്ടുകളായി ഒരു കുടുസു മുറിയിലാണ് ഈ ഓഫിസ് പ്രവര്‍ത്തിക്കുന്നത്.
സെക്ഷന്‍ ഓഫീസാക്കി ഉയര്‍ത്തണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. തൃശൂര്‍ ജില്ലയിലെ ഈ ഓഫീസ് എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര സെക്ഷന്‍ ഓഫീസിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. പുത്തന്‍വേലിക്കര സെക്ഷനു കീഴില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്ത അവസ്ഥയിലാണ് ഈ ഓഫീസിന്റെ ചാര്‍ജ്ജ് കൂടി വഹിക്കുന്നത്. പുത്തന്‍വേലിക്കര സെക്ഷന്‍ ഓഫീസില്‍ ആറു ഓവര്‍സീയര്‍മാര്‍ വേണ്ടിടത്ത് നാലു പേര്‍ മാത്രമാണ് ഉള്ളത്.
അതില്‍ത്തന്നെ ഒരാള്‍ അസുഖം നിമിത്തം മിക്കവാറും ലീവിലായിരിക്കും. 13 ലൈന്‍മാന്‍മാര്‍ വേണ്ടിടത്ത് ഒമ്പതു പേര്‍ മാത്രമാണുള്ളത്. ആറു വര്‍ക്കര്‍മാര്‍ വേണ്ടിടത്ത് അഞ്ചു പേരും. ഓവര്‍സീയര്‍മാരില്‍ ഒരാള്‍ ഫോണ്‍ അറ്റന്റ് ചെയ്യാനും മറ്റൊരാള്‍ ലൈനിലും പ്രവര്‍ത്തിക്കുമ്പോള്‍ കരാറുകാര്‍ നടത്തുന്ന പണികള്‍ക്ക് സൂപ്പര്‍വിഷന് ആളില്ലാത്ത അവസ്ഥയാകുന്നു. പുത്തന്‍വേലിക്കര, പൊയ്യ പഞ്ചായത്തുകളും ചേന്ദമംഗലം പഞ്ചായത്തിന്റെ ഒരു ഭാഗവുമാണ് പുത്തന്‍വേലിക്കര സെക്ഷനു കീഴില്‍ വരുന്നത്.
ആകെ 18000 ത്തില്‍പ്പരം കണ്‍സ്യൂമേഴ്‌സാണ് സെക്ഷനു കീഴില്‍ ഉള്ളത്. 15 കിലോമീറ്റര്‍ ചുറ്റളവാണ് പ്രവര്‍ത്തന മേഖല. 1750 കിലോമീറ്ററാണ് ഒരു മാസത്തെ വാഹന ക്വാട്ട. അത് മാസം പകുതി എത്തുമ്പോഴേക്കും കഴിയും.
പിന്നെ ജീവനക്കാരുടെ ചുമലിലുമാവും വാഹന ചിലവ്. പൊയ്യ ഓഫീസില്‍ അസിസ്റ്റന്റ് എഞ്ചിനീയറെ കൂടാതെ ഒരു ഓവര്‍സീയറും നാലു ലൈന്‍മാന്‍മാരും രണ്ട് വര്‍ക്കര്‍മാരും വേണ്ടിടത്ത് രണ്ട് ലൈന്‍മാന്‍മാര്‍ മാത്രമാണൂള്ളത്. രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് പവര്‍ത്തന സമയമെങ്കിലും വളരെ വൈകി മാത്രമേ ലൈന്‍മാന്‍മാര്‍ക്ക് വീട്ടില്‍ പോകാനാകുന്നുള്ളു.
രാത്രി ലൈനില്‍ തകരാറുണ്ടായാല്‍ പുത്തന്‍വേലിക്കരയില്‍ നിന്നും ആളെത്തണം. പൊയ്യ പഞ്ചായത്തില്‍ മാത്രം 9000 ത്തോളം കണ്‍സ്യൂമര്‍മാരാണുള്ളത്. ഇവരുടെ വൈദ്യുതി ബില്‍ സ്വീകരിക്കുന്നത് ഈ ഓഫീസിലാണ്. അടച്ചുറപ്പില്ലാത്തതിനാല്‍ റസീപ്റ്റുകള്‍ അതാത് ദിവസങ്ങളില്‍ പുത്തന്‍വേലിക്കരയില്‍ നിന്നും എത്തിക്കുകയാണ് . ബില്ലുകള്‍ സ്വീകരിച്ച് മാനുവലായി റസീപ്റ്റ് എഴുതി നല്‍കുകയാണ്. പിറ്റേ ദിവസം പുത്തന്‍വേലിക്കരയിലെത്തിച്ച് കംമ്പ്യൂട്ടറില്‍ കയറ്റും.
പൊയ്യ ഓഫീസിനെ സെക്ഷന്‍ ഓഫീസാക്കി മാറ്റണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മഴ പെയ്താല്‍ നിറയെ ചോര്‍ച്ചയുള്ള കെട്ടിടത്തിലാണ് ഈ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടം പുതുക്കി പണിത് സെക്ഷന്‍ ഓഫീസാക്കി മാറ്റണമെന്നാണ് ആവശ്യമുയരുന്നത്. അതിലൂടെ നിരവധിയായ ദുരിതങ്ങള്‍ക്ക് അറുതി വരുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it