wayanad local

അധികൃതരുടെ അവഗണന: കനാലുകള്‍ നന്നാക്കിയില്ല; കര്‍ഷകര്‍ പുഞ്ചകൃഷി ഉപേക്ഷിച്ചു

പെരിക്കല്ലൂര്‍: പൊട്ടിപൊളിഞ്ഞ കനാലുകള്‍ അറ്റകുറ്റപണിനടത്താത്തതിനാലും കേടായ വൈദ്യുതി മോട്ടോറുകള്‍ നന്നാക്കാത്തതിനാലും പെരിക്കല്ലൂര്‍ പാടത്തെ പുഞ്ചകൃഷി മുടങ്ങി.
വൈദ്യുതി മോട്ടോറുകള്‍ നന്നാക്കുവാന്‍ ഫണ്ട് അനുവദിക്കാത്തതും, പൊട്ടിപൊളിഞ്ഞ കനാലുകള്‍ അറ്റകുറ്റപ്പണി നടത്തുവാന്‍ ചെറുകിട ജലസേചന വകുപ്പ് അധികൃതര്‍ തയ്യാറാകാത്തതുമാണ് 100 ഏക്കറോളമുള്ള വയലില്‍ പുഞ്ചകൃഷി മുടങ്ങാന്‍ കാരണം.
രണ്ട് വര്‍ഷം മുമ്പ്തന്നെ പൊട്ടിപൊളിഞ്ഞ കനാലുകള്‍ നന്നാക്കുവാനായി ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ചെറുകിട ജലസേചന വകുപ്പിന് അപേക്ഷ നല്‍കിയിരുന്നു.
എന്നാല്‍ അധികൃതര്‍ അവഗണിക്കുകയായിരുന്നു. എന്നിട്ടും ദുരിതങ്ങള്‍ സഹിച്ച് കര്‍ഷകര്‍ കഴിഞ്ഞ തവണ പുഞ്ചകൃഷി നടത്തിയിരുന്നു. ഭൂരിപക്ഷം കര്‍ഷകര്‍ക്കും ആവശ്യത്തിന് വെള്ളം ലഭിക്കാത്തിനാല്‍ വിത്തിനുള്ള നെല്ല് പോലും ലഭിച്ചില്ല. ആ സാഹചര്യത്തിലാണ് ഇത്തവണ കനാല്‍ അറ്റകുറ്റപണി നടത്തുവാനുള്ള ഫണ്ട് ലഭ്യമായില്ലെങ്കില്‍ കൃഷിനടത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്. പാടത്തേക്ക് വെള്ളം പമ്പുചെയ്യുന്നതിനായി സ്ഥാപിച്ചിട്ടുള്ള മോട്ടോറുകള്‍ അടിക്കടി കേടാകുന്നതും കര്‍ഷകരെ ദുരിതത്തിലാക്കിയിരുന്നു.
പാടത്തെ നെല്‍കൃഷിക്ക് ആവശ്യമായ വെള്ളം പമ്പ് ചെയ്ത് കനാലിലെത്തിക്കുന്നതിനായി മൂന്ന് വൈദ്യുതി മോട്ടോറുകളാണുണ്ടായിരുന്നത്. അതില്‍ രണ്ടെണ്ണം കഴിഞ്ഞ വര്‍ഷം തന്നെ കേടായി. അതിന് ശേഷം പുതിയതായി രണ്ട് മോട്ടോറുകള്‍ കൊണ്ടുവന്നെങ്കിലും അര മണിക്കൂര്‍ വെള്ളമടിക്കുമ്പോഴേക്കും ആ മോട്ടോറുകളും പ്രവര്‍ത്തനം നിലക്കും. പഴയ മോട്ടോറുകള്‍ പെയിന്റ് അടിച്ച് പുതിയതെന്ന പേരില്‍ പമ്പ് ഹൗസില്‍ സ്ഥാപിക്കുകയായിരുന്നെന്നും ആക്ഷേപമുണ്ട്.
കേടായ മോട്ടോറുകള്‍ നന്നാക്കാത്തതും ജല ദൗര്‍ലഭ്യത്തിന് കാരണമായിട്ടുണ്ട്. പാടശേഖരത്തോട് ചേര്‍ന്ന് കബനിപ്പുഴ ഒഴുകുമ്പോഴാണ് വെള്ളമില്ലാത്തതിന്റെ പേരില്‍ കര്‍ഷകര്‍ക്ക് കൃഷി ഉപേക്ഷിക്കേണ്ടിവന്നത്.
Next Story

RELATED STORIES

Share it