Idukki local

അധികൃതരുടെ അനാസ്ഥ; മാലിന്യവാഹിനിയായി തൊടുപുഴയാര്‍

തൊടുപുഴ: വന്‍തോതിലുള്ള മാലിന്യം തള്ളല്‍ മൂലം തൊടുപുഴയാര്‍ നാശത്തിന്റെ വക്കിലേക്ക്. പുഴ മലിനീകരണത്തിനെതിരേ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടെങ്കിലും അധികൃതര്‍ നിസ്സംഗത പുലര്‍ത്തുന്നതാണ് പുഴയെ ഓരോ ദിവസവും നാശത്തിലേക്ക് തള്ളിവിടുന്നത്.തൊടുപുഴ നഗരത്തിന്റെ ഹൃദയഭാഗത്തൂടെയാണ് പുഴയൊഴുകുന്നത്.
പുഴയുടെ ഇരുവശത്തുമുള്ള വന്‍കിട കെട്ടിടങ്ങളില്‍നിന്നും ഹോട്ടലുകള്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും വന്‍തോതില്‍ മാലിന്യം പുഴയിലേക്ക് എത്തുന്നതായി മലിനീകരണ നിയന്ത്രണ ബോര്‍ഡും വ്യക്തമാക്കിയിട്ടും നഗരസഭാ അധികൃതര്‍ പുഴ സംരക്ഷണത്തിന് ചെറുവിരല്‍പോലും അനക്കുന്നില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. ഏതാനം വര്‍ഷം മുമ്പ് റസിഡന്റ് അസോസിയേഷന്‍ കൂട്ടായ്മായ ട്രാക്കിന്റെ നേതൃത്വത്തില്‍ മലങ്കര ഡാമില്‍ നിന്നുള്ള വെള്ളമൊഴുക്ക് നിയന്ത്രിച്ച് തൊടുപുഴയാറിലെ മാലിന്യങ്ങള്‍ കോരിയിരുന്നു. തൊടുപുഴയാറിനെ നഗരത്തിലുള്ളവരും പ്രാന്തപ്രദേശങ്ങളില്‍ നിന്നത്തെുന്നവരും മാലിന്യത്തൊട്ടിയായാണ് കാണുന്നത്. സാധാരണക്കാര്‍ മുതല്‍ വന്‍കിട ഹോട്ടലുകളും ടൂറിസ്റ്റ് ഹോമുകളും മാലിന്യം തള്ളുന്നുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുഴയില്‍ നടത്തിയ പരിശോധനയില്‍ കോളിഫോം ബാക്ടീരിയ സാന്നിധ്യം കണ്ടത്തെിയിരുന്നു.
അടുത്തിടെ സന്നദ്ധ സംഘടനകള്‍ നടത്തിയ ജലമാലിന്യ പരിശോധനയിലും പുഴ മലിനീകരണത്തിന്റെ തോത് വലുതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തൊടുപുഴയാറ്റില്‍ 49 ശതമാനം ഓക്‌സിജനും 17.28 ശതമാനം ആസിഡിന്റെ അംശവും കണ്ടത്തെിയിരുന്നു. കൂടാതെ, അറവുശാലകളിലെ അവശിഷ്ടങ്ങള്‍, ആശുപത്രി മാലിന്യം, കീടനാശിനികളുടെയും കളനാശിനികളുടെയും രാസവളങ്ങളുടെയും അവശിഷ്ടങ്ങള്‍ എന്നിവയെല്ലാം നദികളില്‍ എത്തുന്നതായും പഠനത്തില്‍ കണ്ടത്തെിയിട്ടുണ്ട്. 100 മില്ലി വെള്ളത്തില്‍ ഒരുകോളിഫോം ബാക്ടീരിയയുടെ സാന്നിധ്യംപോലും ജലം മലിനമാണെന്ന സൂചന നല്‍കുമ്പോള്‍ തൊടുപുഴയാറ്റില്‍ ഏഴു ബാക്ടീരിയകളുടെ എണ്ണമാണ് രേഖപ്പെടുത്തിയത്.
പുഴയില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ കാമറകളടക്കം സ്ഥാപിച്ചെങ്കിലും മാലിന്യം തള്ളുന്നവരുടെ എണ്ണത്തില്‍ കുറവൊന്നും വന്നിട്ടില്ല. പിടിക്കപ്പെട്ടാല്‍ പിഴയടച്ച് രക്ഷപ്പെടുകയാണ് ചെയ്യുന്നത്. ശക്തമായ നടപടിയുമായി നഗരസഭ ആദ്യമൊക്കെ രംഗത്തിറങ്ങിയെങ്കിലും ഇപ്പോള്‍ നടപടി കൈക്കൊള്ളുന്ന കാര്യത്തില്‍ നിസ്സംഗത പുലര്‍ത്തുകയാണെന്ന് ആക്ഷേപമുണ്ട്.
മാലിന്യം തള്ളുന്നത് കൂടാതെ കൈയേറ്റവും തൊടുപുഴയാറിന്റെ തീരത്ത് വര്‍ധിക്കുകയാണ്. ലോഡ് കണക്കിന് മണ്ണും കെട്ടിടാവശിഷ്ടങ്ങളും ഇട്ട് നദി കൈയേറുമ്പോള്‍ നിയമപാലകര്‍ മൗനം തുടരുകയാണ്. ടൗണിലുള്ള മല്‍സ്യ-പച്ചക്കറി മാര്‍ക്കറ്റിലെ മാലിന്യവും തൊടുപുഴയാറ്റിലേയ്ക്കാണ് ഒഴുകുന്നത്.
അറവുശാലകളില്‍ നി്ന്നുള്ള മാലിന്യങ്ങള്‍ പോലും ഇത്തരത്തില്‍ പുഴയിലേയ്ക്ക് ഒഴുക്കി വിടുന്നുണ്ട്.
മാലിന്യം ഒഴുകിയെത്തി ടൗണ്‍ഹാളിനു സമീപത്തുളള കുളിക്കടവ് തകര്‍ന്നു. വന്‍തോതില്‍ മാലിന്യം ഇവിടെ കുമിഞ്ഞു കൂടിയിട്ടുണ്ട്. പുഴയോരത്തുള്ള ചില കെട്ടിടങ്ങളില്‍നിന്നുള്ള മലിനജലം നദിയിലേക്ക് ഒഴുകുന്നത് മൂലം നദിയിലെ ജൈവ വൈവിധ്യവും ഭീഷണിയിലാണ്. അതിലുപരി നഗരത്തിന്റെയും സമീപ പഞ്ചായത്തുകളുടെയും ഏക കുടിവെള്ള സ്രോതസ്സുകൂടിയാണ് ഈ പുഴ. വിവിധ കുടിവെള്ള പദ്ധതികളില്‍ ഉപയോഗിക്കുന്ന ജലത്തിലേക്ക് ഇത്തരത്തില്‍ മാലിന്യം തള്ളുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നു.
Next Story

RELATED STORIES

Share it