Kottayam Local

അധികൃതരുടെ അനാസ്ഥ: കുളപ്പുരക്കടവ് സായാഹ്ന വിശ്രമകേന്ദ്രം അവഗണനയില്‍

കോട്ടയം: ഏറെ കൊട്ടിഘോഷിച്ചു തുടങ്ങിയ താഴത്തങ്ങാടി കുളപ്പുരക്കടവ് സായാഹ്ന വിശ്രമ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടു. കോട്ടയത്തിന്റെ ടൂറിസം സാധ്യതയും മീനച്ചിലാറിന്റെ സാധ്യതകളും ചര്‍ച്ചയാവുമ്പോള്‍ കുളപ്പുരകടവിനോടു മാത്രമാണ് അധികൃതര്‍ക്ക് അവഗണന.
2005ല്‍ ബി ഗോപകുമാര്‍ നഗരസഭ അധ്യക്ഷനായിരിക്കെയാണു പദ്ധതി ഉദ്ഘാടനം ചെയ്തത്. മീനച്ചിലാറിന് അഭിമുഖമായി നിര്‍മിച്ച വിശ്രമകേന്ദ്രത്തില്‍ സിമന്റ് ബഞ്ചുകള്‍, വിവിധയിനം റൈഡുകള്‍ എന്നിവയ്‌ക്കൊപ്പം കുട്ടികളുടെ ലൈബ്രറിയും സജ്ജീകരിച്ചിരുന്നു.
നഗരസഭയുടെ സെക്യൂരിറ്റി ജീവനക്കാരന്റെ സേവനവും ലഭ്യമാക്കിയിരുന്നു. തദ്ദേശവാസികളും പുറത്തു നിന്നുള്ളവരും താമസിയാതെ ഇവിടത്തെ സായാഹ്നങ്ങളെ സ്‌നേഹിച്ചു തുടങ്ങി. എന്നാല്‍ ഒരു വര്‍ഷം മാത്രമാണു കടവിന്റെ പ്രവര്‍ത്തനം നടന്നത്. പിന്നീട് നഗരസഭ പ്രദേശത്തെ അവഗണിച്ചതോടെ ഇവിടെയെത്തുന്നവരുടെ എണ്ണവും കുറഞ്ഞു. ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ റൈഡുകള്‍ തുരുമ്പോടുത്തു നശിച്ചു.
സിമന്റ് ബഞ്ചുകള്‍ പൊട്ടിത്തകര്‍ന്നു ലൈബ്രറി കെട്ടിടം ഏതു നിമിഷവും തകര്‍ന്നുവീഴാവുന്ന സ്ഥിതിയിലെത്തി. താഴത്തങ്ങാടി വള്ളംകളിയുടെ സമയത്തു മാത്രമാണ് കളപ്പുരക്കടവിലെ കാട് വെട്ടി തെളിക്കാന്‍ മാത്രം നഗരസഭ ആളെ നിയോഗിക്കുന്നത്.
മിനി ആന്റണി ജില്ലാ കലക്ടര്‍ ആയിരിക്കെ കളപ്പുരക്കടവ് ടൂറിസം പദ്ധതിക്കു മാര്‍ഗരേഖ ഒരുങ്ങിയെങ്കിലും പിന്നീട് പദ്ധതി തന്നെ നിശ്ചലമായി. പുതിയ നഗരസഭാ ഭരണ സമിതിയുടെ കാലത്തെങ്കിലും സായാഹ്ന വിശ്രമകേന്ദ്രത്തിന് ശാപമോക്ഷം ലഭിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
Next Story

RELATED STORIES

Share it