Districts

അധികാര കേന്ദ്രങ്ങളില്‍ മുസ്‌ലിം പ്രാതിനിധ്യം കുറഞ്ഞു

പിഎം അഹ്മദ്

കോട്ടയം: സംസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പില്‍ ത്രിതല പഞ്ചായത്ത് ഭരണത്തിലെ മുസ്‌ലിം പ്രാതിനിധ്യം ഗണ്യമായി കുറഞ്ഞു. സംസ്ഥാനത്തെ പ്രബല മുന്നണികള്‍ അധികാര കേന്ദ്രങ്ങളില്‍നിന്ന് മുസ്‌ലിം വിഭാഗത്തെ ബോധപൂര്‍വം വെട്ടിനിരത്തുന്നതിന്റെ പ്രകടമായ തെളിവാണ് ഫലം വ്യക്തമാക്കുന്നത്. ജില്ല, കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് ഭരണരംഗങ്ങളിലെല്ലാം മുസ്‌ലിം പ്രാതിനിധ്യം കുറഞ്ഞിരിക്കുകയാണ്.
2010ല്‍ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 14 ജില്ലാ പഞ്ചായത്തുകളിലായി 63 മുസ്‌ലിം അംഗങ്ങള്‍ ഉണ്ടായിരുന്നത് ഇത്തവണ 58 ആയി കുറഞ്ഞു. ആകെയുള്ള 331 സീറ്റുകളിലാണ് 58 സീറ്റുകള്‍ നേടിയത്. അവസാന റിപോര്‍ട്ട് പ്രകാരം കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ 26 ശതമാനത്തിലധികമാണ്. ആനുപാതികമായി 90ലധികം സീറ്റുകള്‍ക്കെങ്കിലും അര്‍ഹതയുണ്ട്. മധ്യകേരളത്തിലെ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലാ പഞ്ചായത്തുകളില്‍ നാമമാത്രമാ യി പോലും മുസ്‌ലിം പ്രാതിനിധ്യമില്ല. കഴിഞ്ഞ തവണ കോട്ടയം ജില്ലാ പഞ്ചായത്തില്‍ എരുമേലി ഡിവിഷനില്‍നിന്നുള്ള പി എ സലീം (യുഡിഎഫ്) അംഗ മായിരുന്നു. ഇത്തവണ ഒരാളെപ്പോലും സ്ഥാനാര്‍ഥിയാക്കാന്‍ മുന്നണികള്‍ തയ്യാറായില്ല. ജില്ലയില്‍ പുതുതായി രൂപീകരിച്ച ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി, കാഞ്ഞിരപ്പള്ളി, വൈക്കം, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, കോട്ടയം നിയോജക മണ്ഡലങ്ങളില്‍ മുസ്‌ലിം ജനസംഖ്യ നിര്‍ണായകമാണെന്നിരിക്കെയാണ് തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ ഈ വിഭാഗത്തെ മുന്നണികള്‍ പാടെ അവഗണിച്ചത്. കഴിഞ്ഞ ഭരണത്തില്‍ തിരുവനന്തപുരത്ത് മൂന്ന് അംഗങ്ങളുണ്ടായിരുന്നത് ഇത്തവണ രണ്ടായി ചുരുങ്ങി. ഏറ്റവും കുറവു വന്നത് പാലക്കാട് ജില്ലാ പഞ്ചായത്തിലാണ്. അവിടെ ഒമ്പത് അംഗങ്ങളുണ്ടായിരുന്നത് രണ്ടായി ചുരുങ്ങി. തൃശൂര്‍ ജില്ലയില്‍ ആറ് ഉണ്ടായിരുന്നത് മൂന്നായി. കൊല്ലം ജില്ലാ പഞ്ചായത്തില്‍ ഒന്ന്, ആലപ്പുഴയില്‍ ഒന്ന്, എറണാകുളം മൂന്ന് എന്നിങ്ങനെയാണ് വിജയം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങി ഏഴു ജില്ലാ പഞ്ചായത്തിലെത്തിയത് ഏഴു പേര്‍ മാത്രം. മലപ്പുറം ജില്ലാ പഞ്ചായത്തില്‍ വിജയിച്ച 22 പേരെ മാറ്റി നിര്‍ത്തിയാല്‍ മറ്റു 13 ജില്ലകളിലായി ജില്ലാ പഞ്ചായത്ത് അംഗങ്ങളായി വെറും 33 പേര്‍.
സംസ്ഥാനത്തെ ജനസംഖ്യാ കണക്കനുസരിച്ച് 120ഓളം സീറ്റുകളിലെങ്കിലും പ്രാതിനിധ്യം വേണ്ടിടത്ത് പകുതി പോലുമില്ല. ഒരു മുസ്‌ലിം പ്രതിനിധി പോലുമില്ലാത്ത ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം ഇത്തവണ കൂടിയിട്ടുണ്ട്. മുസ്‌ലിം ലീഗ് പ്രതിനിധികളെ മാറ്റി നിര്‍ത്തിയാല്‍ യുഡിഎഫില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പോലും മുസ്‌ലിംകള്‍ കടുത്ത അവഗണനയാണ് നേരി ടുന്നത്.
Next Story

RELATED STORIES

Share it