wayanad local

അധികാരക്കൈമാറ്റം; കല്‍പ്പറ്റ നഗരസഭയില്‍ തര്‍ക്കം തുടങ്ങി

കല്‍പ്പറ്റ: നഗരസഭയില്‍ കടുംപിടിത്തത്തിനുറച്ച് ജനതാദള്‍ (യു). നഗരസഭാ ചെയര്‍പേഴ്‌സണ്‍ സ്ഥാനം വിട്ടുനല്‍കില്ലെന്നു കാണിച്ച് അടുത്തയാഴ്ച യുഡിഎഫ് ജില്ലാ കമ്മിറ്റിക്ക് കത്ത് നല്‍കും. തീരുമാനം തങ്ങള്‍ക്കനുകൂലമല്ലെങ്കില്‍ സിപിഎമ്മിനൊപ്പം നിന്നു നഗരസഭാ ഭരണമെന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിടാനും തീരുമാനമുണ്ട്.
മൂന്ന് അംഗങ്ങളുടെ പിന്‍ബലത്തില്‍ യുഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ അധികാരക്കൈമാറ്റം സംബന്ധിച്ച തര്‍ക്കങ്ങള്‍ അടുത്ത ദിവസങ്ങളില്‍ രൂക്ഷമായേക്കുമെന്ന സൂചനകളാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്നത്. നിലവില്‍ യുഡിഎഫിലെ കക്ഷിയായ ജനതാദള്‍ (യു)വിനാണ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം. മുന്നണി ധാരണ പ്രകാരം ചെയര്‍പേഴ്‌സണ്‍ സ്ഥാനം ആദ്യവര്‍ഷത്തിനു ശേഷം ലീഗിന് നല്‍കണം.
പിന്നീടുള്ള രണ്ടു വര്‍ഷം കോണ്‍ഗ്രസ്സിനാണ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം. വൈസ് ചെയര്‍മാന്‍ ആദ്യഘട്ടത്തില്‍ ലീഗിനും അടുത്തത് കോണ്‍ഗ്രസ്സിനുമാണ്. അവസാന ഒരു വര്‍ഷം വൈസ് ചെയര്‍മാന്‍ സ്ഥാനം ജനതാദള്‍ (യു)വിന് നല്‍കണമെന്നാണ് ധാരണ. ഇതുപ്രകാരം ജനതാദള്‍ (യു)വിന്റെ കാലാവധി അവസാനിക്കാന്‍ ഒന്നോ രണ്ടോ മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.
എന്നാല്‍, ഈ സമയത്തിനുള്ളില്‍ ചെയര്‍പേഴ്‌സണ്‍ ഒഴിഞ്ഞു കൊടുക്കേണ്ടതില്ലെന്ന നിലപാടിലാണ് ജനതാദള്‍ (യു)വിലെ ഭൂരിപക്ഷ വിഭാഗം. നഗരസഭയിലെ വിരലിലെണ്ണാവുന്ന മുന്‍നിര നേതാക്കളൊഴിച്ചാല്‍ പ്രവര്‍ത്തകരെല്ലാം ഈ അഭിപ്രായത്തോടൊപ്പമാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭാ കമ്മിറ്റിയും ഈ അഭിപ്രായത്തിലെത്തിയാണ് പിരിഞ്ഞത്. തീരുമാനം സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിക്ക് കത്ത് നല്‍കിയതായും അറിയുന്നു.
ഒരാഴ്ചയ്ക്കുള്ളില്‍ ഈ തീരുമാനം അറിയിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റിക്ക് കത്ത് നല്‍കാനാണ് തീരുമാനം. എന്നാല്‍, ജനതാദള്‍ (യു)വിന്റെ ഈ ആവശ്യത്തിനു മുന്നില്‍ കോണ്‍ഗ്രസ്സും ലീഗും വഴങ്ങില്ലെന്ന കാര്യം ഉറപ്പാണ്. ഭരണം ലഭിച്ചപ്പോള്‍ തന്നെ ചെയര്‍പേഴ്‌സണ്‍ സ്ഥാനം ആദ്യഘട്ടത്തില്‍ ജനതാദള്‍ (യു) ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ യുഡിഎഫ് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പരിഹരിച്ചത്. തീരുമാനം ജനതാദള്‍ (യു)വിന് അനുകൂലവുമായിരുന്നു. ആകെ 28 വാര്‍ഡുകളാണ് നഗരസഭയിലുള്ളത്. ഇതില്‍ യുഡിഎഫിന് 15ഉം എല്‍ഡിഎഫിന് 12ഉം അംഗങ്ങളുണ്ട്. ഒരു സീറ്റില്‍ സ്വതന്ത്രനും വിജയിച്ചു.
യുഡിഎഫില്‍ കോണ്‍ഗ്രസ്സിന് എട്ടും ലീഗിന് അഞ്ചും ജനതാദള്‍ (യു)വിന് രണ്ടു കൗണ്‍സിലര്‍മാരുമാണുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എം വി ശ്രേയാംസ്‌കുമാറിന്റെ പരാജയത്തിനു കാരണം കോണ്‍ഗ്രസ്-ലീഗ് വോട്ടു ചോര്‍ച്ചയാണെന്ന വാദമുയര്‍ത്തിയാണ് ജനതാദള്‍ (യു) ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിന് പിടിമുറുക്കുന്നത്. ജനതാദള്‍ (യു)വിന്റെ രണ്ടു കൗണ്‍സിലര്‍മാരുടെ പിന്തുണ ലഭിച്ചാല്‍ എല്‍ഡിഎഫിന് സ്വതന്ത്രന്റെ പിന്തുണയോടെ ഭരണം അട്ടിമറിക്കാന്‍ കഴിയും. അറ്റകൈക്ക് ഇങ്ങനെയൊരു ശ്രമം നടത്താനും ജനതാദള്‍ (യു) തയ്യാറായേക്കും.
Next Story

RELATED STORIES

Share it