അധികാരം നിലനിര്‍ത്താന്‍ സ്ഥാനാര്‍ഥിനിര്‍ണയം ശ്രദ്ധിക്കണം: ആന്റണി

തിരുവനന്തപുരം: അധികാരം നിലനിര്‍ത്തണമെങ്കില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുഡിഎഫ് ശ്രദ്ധിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി. ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന സ്ഥാനാര്‍ഥിപ്പട്ടികയുമായി അവരെ സമീപിച്ചാല്‍ അതിന്റെ ഗുണം യുഡിഎഫിനുണ്ടാവും. കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ യുവാക്കള്‍ക്കു മതിയായ പ്രാതിനിധ്യമുണ്ടാവും. സിറ്റിങ് സീറ്റിലും അല്ലാതെയും ചെറുപ്പക്കാര്‍ക്കും പുതുമുഖങ്ങള്‍ക്കും മതിയായ പ്രാതിനിധ്യം ഉറപ്പാണെന്നും ആന്റണി മാധ്യമങ്ങളോടു പറഞ്ഞു.
കെപിസിസി പ്രസിഡന്റ് നയിച്ച കേരളയാത്രയ്ക്ക് താന്‍ എത്തിയപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമാണ്. ഒരുമാസംകൊണ്ട് യുഡിഎഫിന്റെ സാധ്യത വര്‍ധിച്ചു. വിവാദങ്ങള്‍ക്കിടയിലും വികസന പദ്ധതികളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമാണ് യുഡിഎഫിന്റെ സാധ്യത വര്‍ധിപ്പിച്ചത്. എന്നാല്‍ ഇപ്പോഴും തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമല്ലെന്നും കടുത്ത മല്‍സരത്തിന്റെ പ്രതീതിയാണുള്ളതെന്നും ആന്റണി പറഞ്ഞു.
ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. കോണ്‍ഗ്രസ്സും യുഡിഎഫും ഒറ്റക്കെട്ടായി നില്‍ക്കുകയും ജനങ്ങള്‍ക്കു സ്വീകാര്യരായ സ്ഥാനാര്‍ഥികളെ നിര്‍ത്തുകയും ചെയ്താല്‍ ഒപ്പത്തിനൊപ്പമെന്ന സ്ഥിതി മാറി കാര്യങ്ങള്‍ യുഡിഎഫിന് അനുകൂലമാവും.
ഇതുവരെ നടന്ന സ്ഥാനാര്‍ഥിനിര്‍ണയ പ്രക്രിയ തികച്ചും ജനാധിപത്യപരമാണ്. മുകളില്‍ നിന്നു പട്ടിക നല്‍കുന്നതിനു പകരം താഴെനിന്ന് അണികളുടെ അഭിപ്രായം അറിഞ്ഞാണു പട്ടിക തയ്യാറാക്കുന്നത്. സെക്രട്ടേറിയറ്റില്‍ കയറിയിരുന്നു ഭരണം പിടിച്ചെടുക്കാനല്ല ബിജെപി മല്‍സരിക്കുന്നത്. മറിച്ച് ഇത്തവണയെങ്കിലും അക്കൗണ്ട് തുറക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ജനങ്ങള്‍ക്കു വേണ്ടത് നല്ല മുന്നണി ഭരണമാണെന്നും ആന്റണി വ്യക്തമാക്കി.
Next Story

RELATED STORIES

Share it