അദ്ഭുതങ്ങള്‍ പ്രതീക്ഷിച്ച് ചാംപ്യന്‍മാര്‍

കൊല്‍ക്കത്ത: ഐഎസ്എല്‍ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുക്കുന്ന രണ്ടാമത്തെ ടീമിനെ ഇന്നറിയാം. ഇന്നു നടക്കുന്ന രണ്ടാം സെമി ഫൈനലിന്റെ രണ്ടാംപാദത്തില്‍ നിലവിലെ ചാംപ്യന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ശക്തരായ ചെന്നൈയ്ന്‍ എഫ്‌സിയെ എതിരിടും.
പൂനെയില്‍ നടന്ന ഒന്നാംപാദത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് ചെന്നൈയോട് തകര്‍ന്നടിഞ്ഞ കൊല്‍ക്കത്ത അദ്ഭുതങ്ങള്‍ പ്രതീക്ഷിച്ചാണ് ജീവന്‍മരണ പോരാട്ടത്തിന് സ്വന്തം തട്ടകത്തില്‍ കച്ചകെട്ടുന്നത്. ഇന്ന് നടക്കുന്ന രണ്ടാംപാദത്തില്‍ നാലു ഗോള്‍ മാര്‍ജിനിലെങ്കിലും ജയിച്ചാല്‍ മാത്രമേ ഒരു ഭാഗ്യപരീക്ഷണത്തിന് കാത്തുനില്‍ക്കാതെ കൊല്‍ക്കത്തയ്ക്ക് ഫൈനലിലേക്ക് മുന്നേറാനാവുകയുള്ളൂ.
എന്നാല്‍, മൂന്ന് ഗോള്‍ മാര്‍ജിനില്‍ തോല്‍ക്കാതിരുന്നാല്‍ മാര്‍കോ മറ്റെരാസി പരിശീലിപ്പിക്കുന്ന ചെന്നൈക്ക് അനായാസം കന്നി ഫൈനലിലേക്ക് മുന്നേറാം. കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ തകര്‍പ്പന്‍ വിജയവുമായി കുതിക്കുന്ന ചെന്നൈയെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കുകയെന്നത് അന്റോണിയോ ഹബാസ് തന്ത്രങ്ങളോതുന്ന കൊല്‍ക്കത്തയ്ക്ക് അഗ്നിപരീക്ഷയാവും. ഒന്നാംപാദത്തില്‍ ബ്രൂണോ പെല്ലിസ്സാറി, ജെജെ ലാല്‍പെഖ്‌ലുവ, ഗോള്‍ഡന്‍ ബൂട്ടിനായി പോരടിക്കുന്ന സ്റ്റീവന്‍ മെന്‍ഡോസ എന്നിവരാണ് ചെന്നൈക്ക് തകര്‍പ്പന്‍ വിജയം നേടിക്കൊടുത്തത്.
നിര്‍ണായക മല്‍സരത്തില്‍ ക്യാപ്റ്റന്‍ ബോര്‍ജ ഫെര്‍ണാണ്ടസ് പരിക്കുമൂലം കളിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലാത്തത് കൊല്‍ക്കത്തയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. പരിക്കില്‍ നിന്ന് മോചിതനായി മാര്‍ക്വി താരം ഹെല്‍ഡര്‍ പോസ്റ്റിഗ ടീമില്‍ തിരിച്ചെത്തിയേക്കുമെന്ന റിപോര്‍ട്ടുകള്‍ കൊല്‍ക്കത്തയ്ക്ക് നേരിയ ആശ്വാസം നല്‍കും.
അതേസമയം, സസ്‌പെന്‍ഷന്‍ കഴിഞ്ഞ് എലാനോയും മെഹ്‌റാജുദ്ദിന്‍ വാഡുവും മടങ്ങിയെത്തുന്നത് ചെന്നൈക്ക് കരുത്തേകും.
Next Story

RELATED STORIES

Share it