Gulf

അത്താഴം മുട്ടിന്റെ ഓര്‍മകള്‍ തിരിച്ചു പിടിച്ച് കത്താറ

അത്താഴം മുട്ടിന്റെ ഓര്‍മകള്‍ തിരിച്ചു പിടിച്ച് കത്താറ
X
kathara mesahar

ദോഹ: പോയ കാലത്തെ പരമ്പരാഗത ആചാരങ്ങള്‍ തിരിച്ചുപിടിക്കാന്‍ കത്താറ ഒരുക്കിയ കത്താറമെസാഹര്‍ സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവമായി. പഴയ കാലത്ത് പുലര്‍ച്ചെ അത്താഴത്തിന് ആളുകളെ വിളിച്ചുണര്‍ത്താന്‍ ബാന്റ് മുട്ടി തെരുവുകള്‍ തോറും നടന്നതിന്റെ ഓര്‍മകള്‍ പുതുക്കുന്നതായിരുന്നു പരിപാടി. പ്രത്യേക യൂണിഫോമണിഞ്ഞവര്‍ ബാന്റ് മുട്ടി, അത്താഴത്തിനുണരാനുള്ള പ്രത്യേക വാക്കുകള്‍ വിളിച്ചു പറഞ്ഞ് കത്താറയിലെ തെരുവുകള്‍ തോറും നടന്നപ്പോള്‍ സന്ദര്‍ശകര്‍ കൗതുകത്തോടെയും ആഹ്ലാദത്തോടെയും വരവേറ്റു. തങ്ങളുടെ ചെറുപ്പ കാലത്ത് പ്രഭാതത്തിന് രണ്ടു മണിക്കൂര്‍ മുമ്പ് വീടിന്റെ പരിസരത്തെത്താറുണ്ടായിരുന്ന ഇത്തരം സംഘങ്ങളുടെ ഓര്‍മകള്‍ പ്രായമുള്ളവര്‍ പലരും പങ്കുവച്ചു.
രാത്രി 10 മണിയോടെയാണ് കത്താറയില്‍ പ്രത്യേകമായി ഒരുക്കിയ റദമാന്‍ നിലാവിന് കീഴില്‍ കത്താറമെസാഹര്‍ എത്തിയത്. കൂടെ നിരവധി കുട്ടികളും പാവ വേഷധാരികളും ഉണ്ടായിരുന്നു.
ഉറങ്ങുന്നവരേ എഴുന്നേല്‍ക്കൂ, എഴുന്നേല്‍ക്കൂ, അല്ലാഹുവിന്റെ ആരാധനയിലേക്കു വരൂ തുടങ്ങിയ വചനങ്ങളടങ്ങിയ പാട്ടുകള്‍ ഉരുവിട്ടു കൊണ്ടായിരുന്നു സംഘത്തിന്റെ വരവ്. റമദാന്റെ പുണ്യങ്ങള്‍ വിവരിക്കുന്ന പാട്ടുകളും സംഘം അവതരിപ്പിച്ചു.
ആധുനിക സാങ്കേതിക വിദ്യകള്‍ റദമാന്‍ പാരമ്പര്യത്തെ കീഴടക്കിയതായി പലരും അഭിപ്രായപ്പെട്ടു. അത്താഴം മുട്ടിന് പകരം ഇന്ന് ടെലിവിഷനും മൊബൈലുകളും അലാറം ക്ലോക്കുകളും രംഗം കീഴടക്കിയതായി അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it