അതെ, ഞാന്‍ അദ്ദേഹത്തെ വെടിവച്ചു കൊന്നു; അതൊരു വ്യാജ ഏറ്റുമുട്ടലായിരുന്നു

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: മണിപ്പൂരിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) നേതാവായിരുന്ന 22കാരന്‍ ചുങ്കാം സഞ്ജിത് മീതിയുടെ കൊലപാതകം വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന് കൃത്യം നിര്‍വഹിച്ച പോലിസുകാരന്‍. മേലുദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം നിരായുധനായ സഞ്ജിത്തിനെ താന്‍ വെടിവച്ചു കൊല്ലുകയായിരുന്നുവെന്നാണ് മണിപ്പൂര്‍ പോലിസ് ഹെഡ് കോണ്‍സ്റ്റബിള്‍ ഹിറോജിത് സിങ് കഴിഞ്ഞ ദിവസം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. 2009 ജൂലൈയിലാണ് സഞ്ജിത് കൊലചെയ്യപ്പെട്ടത്.
അതെ, ഞാന്‍ അദ്ദേഹത്തെ വെടിവച്ചു. ഞാന്‍ സഞ്ജിത്തിനെ വെടിവച്ചു. ഇല്ല, അദ്ദേഹത്തിന്റെ കൈവശം ആയുധങ്ങള്‍ ഉണ്ടായിരുന്നില്ല. 35കാരനായ ഹെഡ്‌കോണ്‍സ്റ്റബിള്‍ ഹിറോജിത്ത് പറഞ്ഞു.
എനിക്കൊരു ഖേദവും തോന്നിയില്ല. സഞ്ജിത്തിനെ കൊന്നതിന് ശേഷം യാതൊരു സഹാനുഭൂതിയും തോന്നിയില്ല. അത് തന്റെ മേലുദ്യോഗസ്ഥന്റെ ഒരു ഉത്തരവായിരുന്നു. കേവലം ആ ഉത്തരവ് അനുസരിക്കുക മാത്രമാണ് ഞാന്‍ ചെയ്തതെന്ന് സഞ്ജിത്തിനെ കൊന്നതിന് ധീരതയ്ക്കുള്ള അവാര്‍ഡ് വാങ്ങിയ ഹിറോജിത്ത് ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെ വെളിപ്പെടുത്തി. 9എംഎം പിസ്റ്റള്‍ ഉപയോഗിച്ച് സഞ്ജിത്തിന്റെ നെഞ്ചിലേക്കാണ് താന്‍ വെടിയുതിര്‍ത്തത്. ഇപ്പോള്‍ ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ പോലിസ് സുപ്രണ്ടും സംഭവം നടന്ന സമയത്ത് ഇതേ ജില്ലയിലെ അഡീഷനല്‍ എസ്പിയുമായിരുന്ന ഡോ. അകോയിജം ജലജിത്താണ് അവനെ അവസാനിപ്പിക്കൂ എന്ന ഉത്തരവ് തനിക്കു തന്നത്. ഫോണ്‍ വഴി എസ്എംഎസ് സന്ദേശമായിട്ടാണ് തനിക്ക് ഉത്തരവ് ലഭിച്ചത്.
സംഭവം നടന്ന പ്രദേശം ഏറ്റുമുട്ടലിന് പറ്റിയ സ്ഥലമല്ലെന്ന് താന്‍ ജലജിത്തിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. എന്നാല്‍, താന്‍ പറഞ്ഞ കാര്യം ചെയ്താല്‍ മതിയെന്ന നിര്‍ദേശമാണ് അദ്ദേഹം നല്‍കിയത്. ജനത്തിരക്കുള്ള പ്രദേശമാണെന്നും സ്ഥലത്ത് ധാരാളം മാധ്യമ പ്രവര്‍ത്തകര്‍ ഉണ്ടെന്നും താന്‍ വീണ്ടും അദ്ദേഹത്തോടു പറഞ്ഞു. എന്നാല്‍, മാധ്യമ പ്രവര്‍ത്തകരെ കാര്യമാക്കേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതോടെ, താന്‍ നിരായുധനായ സഞ്ജിത്തിനു നേരെ ആറോ ഏഴോ തവണ വെടിയുതിര്‍ത്തു-ഹിറോജിത്ത് പറഞ്ഞു.
എന്തുകൊണ്ടാണ് ഇപ്പോള്‍ ഇക്കാര്യം വെളിപ്പെടുത്താന്‍ കാരണം എന്ന ചോദ്യത്തിന് ഹിറോജിത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം കോടതിയില്‍ ഹാജരായി തിരിച്ചു വരുന്നതിനിടെ, എന്നെ തന്റെ പോലിസ് സ്‌റ്റേഷനിലെ തന്നെ ഒരു കൂട്ടം പോലിസുകാര്‍ വഴിയില്‍ തടഞ്ഞുവച്ചു. പോലിസ് സ്‌റ്റേഷനില്‍ കൊണ്ടുവന്നു അഞ്ച്, ആറ് മണിക്കൂര്‍ സ്‌റ്റേഷനില്‍ പിടിച്ചു നിര്‍ത്തി ചോദ്യം ചെയ്തു. തന്റെ ഭാവി പരിപാടികള്‍ എന്തൊക്കെയാണെന്ന് അവര്‍ ചോദിച്ചു.
ഞാന്‍ സുരക്ഷിതനല്ലെന്നും എന്റെ ജീവനില്‍ തനിക്ക് ഭയമുണ്ടെന്നും ഈ സംവിധാനത്തില്‍ തനിക്ക് വിശ്വാസമില്ലെന്നും അതിനാലാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യാജ ഏറ്റുമുട്ടലിലൂടെ ഭീകരനെ വധിച്ച കാര്യം മണിപ്പൂര്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും അറിയാമായിരുന്നെന്നും തന്റെ ജീവന് ഭീഷണിയുണ്ടാവുമോ എന്ന ഭയത്തിലാണ് താനെന്നും അദ്ദേഹം പറയുന്നു.
ഇപ്പോള്‍ സിബിഐ അന്വേഷിക്കുന്ന ഈ കേസിലെ ഒമ്പതു പ്രതികളില്‍ ഒരാളാണ് ഹിറോജിത് സിങ്. കേസുമായി ബന്ധപ്പെട്ട് മണിപ്പൂര്‍ പോലിസ് സിബിഐയ്ക്കും കോടതിയിലും സമര്‍പ്പിച്ച റിപോര്‍ട്ടുകള്‍ പരസ്പര വിരുദ്ധമായിരുന്നു.
അതിനിടെ, തനിക്ക് സര്‍ക്കാര്‍ നീതി ഉറപ്പാക്കണമെന്നും അല്ലെങ്കില്‍ തന്റെ മകനെ അന്യായമായി കൊലപ്പെടുത്തിയ പോലിസുകാരനോട് പകരം വീട്ടാന്‍ തനിക്ക് കൈമാറണമെന്ന ആവശ്യവുമായി സഞ്ജിത്തിന്റെ മാതാവ് രംഗത്തെത്തി.
സഞ്ജിത്തിന്റെ മാതാവ് 2009ല്‍ ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് 2010ല്‍ സിബിഐയ്ക്ക് കൈമാറിയത്.
Next Story

RELATED STORIES

Share it