അതിവേഗം...ബഹുദൂരം

കോഴിക്കോട്: കരിമ്പനയുടെ കരുത്തുമായെത്തുന്ന പാലക്കാടന്‍ താരങ്ങളുടെ വെല്ലുവിളി എറണാകുളത്തിന്റെ കൗമാര പ്രതിഭകളെ തളര്‍ത്തുന്നില്ല. അന്‍പത്തിയൊന്‍പതാമത് സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന്റെ രണ്ടാം ദിനവും നിലവിലെ ചാംപ്യന്‍മാരായ എറണാകുളത്തിന്റെ കുതിപ്പിനാണ് ഒളിംപ്യന്‍ റഹ് മാന്‍ സിന്തറ്റിക് ട്രാക്ക് സാക്ഷ്യം വഹിക്കുന്നത്. 40 ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ 10 സ്വര്‍ണവും 15 വെള്ളിയും 10 വെങ്കലവുമടക്കം 105 പോയിന്റുമായാണ് എറണാകുളം കുതിപ്പ് തുടരുന്നത്. 9 സ്വര്‍ണം, 8 വെള്ളി, 7 വെങ്കലവം നേടി 76 പോയിന്റുള്ള പാലക്കാട് രണ്ടാംസ്ഥാനത്തും 7 സ്വര്‍ണവും 3 വെള്ളിയും നാല് വെങ്കലവുമടക്കം 48 പോയിന്റമായി ആതിഥേയ ജില്ലയായ കോഴിക്കോട് മൂന്നാംസ്ഥാനത്തും തുടരുന്നു.
രണ്ടാം ദിനവും മാര്‍ബേസില്‍
ചാംപ്യന്‍ സ്‌കൂളിനു വേണ്ടിയുള്ള പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ കോതമംഗലം സെന്റ് ജോര്‍ജിനെ ബഹുദൂരം പിന്തള്ളി അയല്‍ക്കാരായ മാ ര്‍ബേസില്‍ എച്ച്എസ്എസ് ഒന്നാംസ്ഥാനത്താണ്. 5 സ്വര്‍ണം, 7 വെള്ളി, നാല് വെങ്കലമടക്കം 50 പോയിന്റാണ് മാര്‍ബേസിലിനുള്ളത്. 6 സ്വര്‍ണവും 2 വെള്ളിയും നാല് വെങ്കലവുമടക്കം 40 പോയിന്റുമായി പാലക്കാട് ജില്ലയിലെ പറളി രണ്ടാംസ്ഥാനത്തും 23 പോയിന്റുമായി കല്ലടി മൂന്നാംസ്ഥാനത്തുമാണ്. 3 സ്വര്‍ണവും രണ്ട് വെള്ളിയുമടക്കം 21 പോയിന്റ് നേടിയ ഉഷ സ്‌കൂള്‍ നാലാമത് എത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ചാംപ്യ ന്‍മാരായ കോതമംഗലം സെന്റ് ജോര്‍ജ് അഞ്ചാം സ്ഥാനത്തു തന്നെയാണ്.
റെക്കോഡ് പുസ്തകത്തില്‍ പേരെഴുതിച്ചേര്‍ത്തത് 6 പേര്‍
മീറ്റിന്റെ രണ്ടാം ദിനമായ ഇന്നലെ ആറു പേരാണ് റെക്കോഡ് പുസ്തകത്തില്‍ തങ്ങളുടെ പേരെഴുതിച്ചേര്‍ത്തത്. രണ്ടു ദേശീയ മീറ്റ് റെക്കോഡിനൊപ്പമെത്തിയ പ്രകടനത്തിനും ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചു. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ ഉഷ സ്‌കൂളിലെ ജിസ്‌ന മാത്യു, പോള്‍വാള്‍ട്ടില്‍ സെ ന്റ് മേരീസ് ഗേള്‍സ് എച്ച്എസ് പാലയിലെ മരിയ ജെയ്‌സണ്‍, ജൂനിയര്‍ ഗേള്‍സ് പോള്‍വാള്‍ട്ടില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ എസി നിവ്യ ആന്റണി, സബ് ജൂനിയര്‍ ഗേള്‍സ് ഹൈജംപില്‍ പറളി എച്ച്എസ്എസിലെ വി ജ്യോതിഷ, ഡിസ്‌കസ് ത്രോയില്‍ നാട്ടിക ഗവ. ഫിഷറീസ് എച്ച്എസിലെ പിഎ അതുല്യ എന്നിവരാണ് ഇന്നലെ പുതിയ റെക്കോഡ് സ്ഥാപിച്ചത്.
സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലപ്പുറം തവനൂര്‍ കെഎംജിവിഎച്ച്എസ്എസിലെ എ റാഷിദ് നിലവിലെ മീറ്റ് റെക്കോഡിനൊപ്പമെത്തിയ പ്രകടനം നടത്തി. ഇവരില്‍ ജിസ്‌നയും നിവ്യആന്റണിയും ദേശീയ റെക്കോഡ് മറികടന്ന പ്രകടനത്തോടെയാണ് പൊന്നണിഞ്ഞത്.
ആവേശം തീര്‍ത്ത് വേഗപ്പോരാട്ടം
സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ കോതമംഗലം സെന്റ് ജോര്‍ജിലെ പ്രണവ് കെഎസും സീനിയര്‍ പെണ്‍കുട്ടികളുടെ സ്പ്രന്റില്‍ പിടി ഉഷയുടെ അരുമശിഷ്യ ജിസ്‌ന മാത്യുവും മീറ്റിലെ ഏറ്റവും ഗ്ലാമര്‍ ഇനമായ നൂറ് മീറ്ററില്‍ വിജയിച്ച് വേഗതയേറിയ താരങ്ങളായി മാറി. ആണ്‍കുട്ടികളില്‍ മലപ്പുറം കടക്കാശ്ശേരി ഐഡിയര്‍ ഇഎച്ച്എസ്എസിലെ അശ്വന്‍ സണ്ണി 10.87 സെക്കന്റില്‍ വെള്ളിയും തിരുവനന്തപുരം ജിവി രാജയിലെ പി എസ് സനീഷ് 11.18 സെക്കന്റില്‍ വെങ്കലവും നേടി. മീറ്റിന്റെ മൂന്നാം ദിനമായ ഇന്ന് 33 ഫൈനലുകളാണ് നടക്കുന്നത്.
Next Story

RELATED STORIES

Share it