wayanad local

അതിര്‍ത്തി കടന്നെത്തുന്നത് ചുവന്ന ചെടയന്‍ കഞ്ചാവ്

പുല്‍പ്പള്ളി: കബനീതീരം വഴി കര്‍ണാടകയില്‍ നിന്നു കഞ്ചാവ് കടത്തുന്നതു വ്യാപകമാവുമ്പോഴും അധികൃതര്‍ക്ക് മൗനം. കര്‍ണാടകയിലെ ഉള്‍ഗ്രാമങ്ങളില്‍ വിളയുന്ന കഞ്ചാവാണ് സംസ്ഥാനത്തേക്ക് കബനീതീരം വഴി കടത്തുന്നത്.
ചുവന്ന ചെടയന്‍ എന്ന ഇനത്തിലുള്ള കഞ്ചാവാണ് അതിര്‍ത്തി കടക്കുന്നത്. ബൈരക്കുപ്പയിലെ ഏജന്റുമാര്‍ മുഖേന പുല്‍പ്പള്ളിയില്‍ എത്തിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോവുന്നതാണ് പതിവ്. മലബാറിലെ കഞ്ചാവിന്റെ കവാടമായി ബൈരക്കുപ്പ മാറിക്കഴിഞ്ഞിരിക്കുകയാണ്.
വയനാടിനെ കൂടാതെ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കാണ് കഞ്ചാവെത്തുന്നത്. നേരത്തെ കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട് എക്‌സൈസ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും വില്‍പനക്കാരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. യുവാക്കളും രംഗത്ത് സജീവമാണ്. കടുപ്പം കൂടിയ ഒഡീഷന്‍ കഞ്ചാവിനാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. കര്‍ണാടക അതിര്‍ത്തിയിലെ കോളനികളിലും കൃഷിയിടങ്ങളിലും വനപ്രദേശത്തുമെല്ലാം സൂക്ഷിക്കുന്ന കഞ്ചാവ് രാത്രികാലങ്ങളിലാണ് ഇക്കരെ എത്തിക്കുന്നത്.
ലഹരിവസ്തുക്കളുടെ കടത്ത് തടയുന്നതിന് ബൈരക്കുപ്പയില്‍ സ്ഥാപിച്ച പോലിസ് എയ്ഡ്‌പോസ്റ്റും പ്രയോജനപ്പെടുന്നില്ലെന്ന് ആക്ഷേപമുണ്ട്. എയ്ഡ്‌പോസ്റ്റില്‍ ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാത്തതാണ് കാരണം. മീനങ്ങാടിയില്‍ നിന്നും സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും എക്‌സൈസ് ഉദ്യോഗസ്ഥരെത്തി ഇവിടെ പരിശോധന നടത്താറുണ്ട്.
എന്നാല്‍, പരിശോധന പകല്‍ സമയത്ത് മാത്രം ഒതുങ്ങുകയാണ്. പുല്‍പ്പള്ളി മേഖലയില്‍ എക്‌സൈസ് ഓഫിസ് സ്ഥാപിക്കണമെന്ന ആവശ്യം നിരന്തരമായി ഉയരുന്നുണ്ടെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല. പ്രദേശത്ത് ലഹരിവസ്തുക്കള്‍ സുലഭമായി ലഭിക്കുന്നതു കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it