അതിര്‍ത്തിയിലെ നിയന്ത്രണത്തിന് സ്ലോവേനിയ അയവുവരുത്തി

ബുഡാപെസ്റ്റ്: ക്രൊയേഷ്യന്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ ചളിക്കുളമായി മാറിയ പ്രദേശത്ത് കഴിച്ചുകൂട്ടേണ്ടി വന്ന 5000ഓളം അഭയാര്‍ഥികളെ തിങ്കളാഴ്ച രാജ്യത്തേക്കു കടക്കാന്‍ അനുവദിച്ചതായി സ്ലോവേനിയ. ദിവസം 2500 പേരെ മാത്രമേ അതിര്‍ത്തി കടത്തൂ എന്നായിരുന്നു സ്ലോവേനിയ നേരത്തേ അറിയിച്ചത്. വടക്കന്‍ യൂറോപ്പിലേക്കു പ്രവേശിക്കാന്‍ അഭയാര്‍ഥികള്‍ക്കു മുമ്പില്‍ ക്രൊയേഷ്യ സെര്‍ബിയന്‍ അതിര്‍ത്തി തുറന്നിട്ടു. ആയിരത്തിലധികം പേരാണ് സെര്‍ബിയന്‍ അതിര്‍ത്തിവഴി വടക്കന്‍ യൂറോപ്പിലേക്കു കടക്കാന്‍ ഒരുങ്ങുന്നത്. അഭയാര്‍ഥി പ്രവാഹത്താല്‍ ബാല്‍ക്കന്‍ രാജ്യാതിര്‍ത്തികളില്‍ ഗതാഗതസ്തംഭനം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നു സന്നദ്ധസംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിറിയ, ആഫ്രിക്ക, അഫ്ഗാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പതിനായിരങ്ങളാണ് മെഡിറ്ററേനിയനും ഈജിയന്‍ കടലും കടന്നു ബാല്‍ക്കന്‍ രാജ്യങ്ങളിലെത്തുകയും അവിടുന്ന് ജര്‍മനി, സ്വീഡന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കു കടക്കുകയും ചെയ്യുന്നത്. അതിനിടെ, ജര്‍മനിയിലെ കുടിയേറ്റ വിരുദ്ധ സംഘടനയായ പെജിഡയുടെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച് ഡ്രെസ്ഡനില്‍ തിങ്കളാഴ്ച വൈകീട്ട് വന്‍ കുടിയേറ്റവിരുദ്ധ റാലി അരങ്ങേറി. ഹംഗറി സുരക്ഷാമുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് തെക്കന്‍ അതിര്‍ത്തികളില്‍ ഇരുരാജ്യങ്ങളും നേരത്തേ നിയന്ത്രണം ശക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it