അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം; ആഭ്യന്തര മന്ത്രാലയം റിപോര്‍ട്ട് ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമകേന്ദ്രത്തില്‍ ആക്രമണം നടത്തിയ സായുധ സംഘം ഇന്ത്യാ-പാക് അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറിയ സംഭവത്തെക്കുറിച്ച് റിപോ ര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്)യോടാവശ്യപ്പെട്ടു. അടുത്തിടെ നിരവധി തവണ അക്രമികള്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ നുഴഞ്ഞുകയറിയ സംഘം ഗുരുദാസ്പൂരില്‍ ഒരു പോലിസ് സൂപ്രണ്ടിനെയടക്കം ഏഴുപേരെ വധിച്ചിരുന്നു.
പഞ്ചാബിലെ അതിര്‍ത്തിപ്രദേശത്തെ വേലികളില്ലാത്ത ഒരു തോട്ടിലൂടെയാണ് അക്രമികള്‍ കടന്നതെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണരേഖയടക്കം 3,323 കിലോമീറ്റര്‍ നീളത്തിലുള്ളതാണ് ഇന്ത്യാ-പാക് അതിര്‍ത്തി. ഇതില്‍ 553 കിലോമീറ്റര്‍ പഞ്ചാബിലും 1,225 കിലോമീറ്റര്‍ ജമ്മുകശ്മീരിലുമാണ്. ഭൂരിഭാഗം സ്ഥലങ്ങളിലും വേലികള്‍ സ്ഥാപിച്ചിട്ടുണ്ട്.
പഞ്ചാബില്‍ ബിഎസ്എഫിന്റെ 178 ഔട്ട് പോസ്റ്റുകളും ജമ്മുകശ്മീരില്‍ 90 ഔട്ട് പോസ്റ്റുകളുമാണുള്ളത്.
Next Story

RELATED STORIES

Share it