അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ നിന്ന് ഓസീസ് പിന്മാറി

സിഡ്‌നി: ഈ മാസം 22ന് ബംഗ്ലാദേശില്‍ ആരംഭിക്കാനിരിക്കുന്ന അണ്ടര്‍ 19 ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നിന്ന് മുന്‍ ചാംപ്യന്‍മാരായ ആസ്‌ത്രേലിയ പിന്‍മാറി. സുരക്ഷാ ആശങ്കയെ തുടര്‍ന്നാണ് ഓസീസ് ടീമിനെ ബംഗ്ലാദേശിലേക്ക് അയക്കേണതില്ലെന്ന് ക്രിക്കറ്റ് ആസ്‌ത്രേലിയ തീരുമാനിച്ചത്.
കളിക്കാരുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും തീരുമാനത്തെത്തുടര്‍ന്നുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നുവെന്നും ക്രിക്കറ്റ് ആസ്‌ത്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് ജെയിംസ് സണ്ടര്‍ലാന്‍ഡ് പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറില്‍ സുരക്ഷ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഓസീസ് സീനിയര്‍ ടീം ബംഗ്ലാദേശ് പര്യടനം റദ്ദാക്കിയിരുന്നു. ഗ്രൂപ്പ് ഡിയില്‍ ഇന്ത്യ, നീപ്പാള്‍, ന്യൂസിലന്‍ഡ് ടീമുകളുള്‍പ്പെട്ട ഗ്രൂപ്പിലായിരുന്നു ഓസീസ് ടൂര്‍ണമെന്റില്‍ മല്‍സരിക്കേണ്ടിയിരുന്നത്. ഓസീസ് പിന്‍മാറിയതോടെ പകരം അയര്‍ലന്‍ഡിനെ ഐസിസി ടൂര്‍ണമെന്റിലുള്‍പ്പെടുത്തി. ലോകകപ്പ് യോഗ്യത റൗണ്ടില്‍ റണ്ണേഴ്‌സപ്പായിരുന്നു അയര്‍ലന്‍ഡ്.
Next Story

RELATED STORIES

Share it