അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്: തുടക്കം ഗംഭീരമാക്കാന്‍ യുവ ഇന്ത്യ

ധക്ക: വിജയത്തോടെ തുടക്കം ഗംഭീരമാക്കാനുറച്ച് മുന്‍ ചാംപ്യന്‍മാരായ ഇന്ത്യ ഇന്ന് ഐസിസി അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ പോരാട്ടത്തിനിറങ്ങും. അയര്‍ലന്‍ഡാണ് ഇന്ത്യയുടെ ഇന്നത്തെ എതിരാളി. ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മല്‍സരങ്ങളില്‍ നേടിയ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന യുവ ഇന്ത്യ കളത്തിലിറങ്ങുന്നത്.
സന്നാഹ മല്‍സരങ്ങളില്‍ കാനഡയ്‌ക്കെതിരേ 372 റണ്‍സിന്റെ കൂറ്റന്‍ ജയം നേടിയ ഇന്ത്യ പാകിസ്താനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. ഗ്രൂപ്പ് ഡിയില്‍ അയര്‍ലന്‍ഡിന് പുറമേ ന്യൂസിലന്‍ഡും നേപ്പാളുമാണ് ഇന്ത്യയുടെ മറ്റു എതിരാളികള്‍. നേരത്തെ മുന്‍ ജേതാക്കളായ ആസ്‌ത്രേലിയ ഈ ഗ്രൂപ്പിലുണ്ടായിരുന്നു.
എന്നാല്‍, ബംഗ്ലാദേശിലെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആസ്‌ത്രേലിയ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഇതോടെ അയര്‍ലന്‍ഡിന് നറുക്ക് വീഴുകയായിരുന്നു. യുവ ലോകകപ്പില്‍ മൂന്നു തവണ ഇന്ത്യ ചാംപ്യന്‍മാരായിട്ടുണ്ട്.
ഇന്ന് ഗ്രൂപ്പ് ഡിയില്‍ നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ ന്യൂസിലന്‍ഡ് നേപ്പാളിനെ എതിരിടും. ഗ്രൂപ്പ് ബിയിലും ഇന്ന് രണ്ട് മല്‍സരങ്ങളുണ്ട്. പാകിസ്താന്‍ അഫ്ഗാനിസ്താനെയും ശ്രീലങ്ക കാനഡയെയുമാണ് എതിരിടുന്നത്.
Next Story

RELATED STORIES

Share it