Kerala

അണിയറയില്‍ നടന്നത്...

അണിയറയില്‍ നടന്നത്...
X
pinarayi-&-kodiyeriന്യൂനപക്ഷ മേഖലകള്‍ തുണയായി

എസ് നിസാര്‍

പത്തനംതിട്ട: നിര്‍ണായകമായ ഒരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ അണിയറയില്‍ നടത്തിയ ഒരുക്കങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ നീങ്ങിയപ്പോള്‍, ഇടതിന് ആധികാരിക വിജയത്തോടെ അധികാരത്തിലേക്ക് വഴിതുറന്നു. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി അപസ്വരങ്ങളില്‍നിന്ന് അകന്നു നില്‍ക്കാന്‍ സിപിഎം കാണിച്ച ജാഗ്രത, മുന്നണിയുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന് വഴിയൊരുക്കിയപ്പോള്‍ ശക്തമായ സാമുദായിക അടിയൊഴുക്കകള്‍ക്കിടയിലും രാഷ്ട്രീയാടിത്തറ ഭദ്രമാക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സ്വീകരിച്ച തന്ത്രപൂര്‍വമായ ചില നീക്കങ്ങള്‍ ഫലം കാണുകകൂടി ചെയ്തതോടെ ന്യൂനപക്ഷ മേഖലകളിലും ശക്തമായ മുന്നേറ്റം സാധ്യമാക്കാന്‍ മുന്നണിക്ക് കഴിഞ്ഞു. ബിജെപി മുന്നാക്ക വോട്ടുകളുടെ പ്രധാന ഗുണഭോക്താവായ തിരഞ്ഞെടുപ്പില്‍, ഭരണവിരുദ്ധ വികാരത്തിനൊപ്പം ക്രിസ്ത്യന്‍, മുസ്‌ലിം മേഖലകളില്‍ ഉണ്ടായ അനുകൂല അന്തരീക്ഷവും ഇടതിനു തുണയാവുകയായിരുന്നു.
പ്രചാരണരംഗത്ത് പ്രകടമായ ശക്തമായ പോരാട്ടത്തിന് ഉപരിയായ വിജയമാണ് എല്‍ഡിഎഫ് സാധ്യമാക്കിയത്. യുഡിഎഫ് സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങള്‍ അവസാനം വരെ സജീവമാക്കി നിലനിര്‍ത്താനായത് എല്‍ഡിഎഫിന്റെ രാഷ്ട്രീയവിജയത്തില്‍ നിര്‍ണായകമായി. എന്‍ഡിഎ അക്കൗണ്ട് തുറക്കുകയും ഏഴു മണ്ഡലങ്ങളില്‍ രണ്ടാംസ്ഥാനത്തെത്തുകയും ചെയ്ത തിരഞ്ഞെടുപ്പില്‍, ലോകസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് ഭിന്നമായി അടിസ്ഥാന വോട്ടുകളില്‍ വിള്ളല്‍ വീഴുന്നത് തടയാന്‍ കഴിഞ്ഞുവെന്നതാണ് എല്‍ഡിഎഫ് വിജയം അനായാസമാക്കിയത്. സിപിഎമ്മിലെ വിഭാഗീയത പൂര്‍ണമായി വഴിമാറി നിന്നതും സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ പ്രശ്‌നങ്ങളെ അതത് സമയത്ത് ഇടപെട്ട് പരിഹരിക്കാന്‍ കഴിഞ്ഞതും താഴെക്കിടയിലെ പ്രവര്‍ത്തനം കൂടുതല്‍ ചടുലമാക്കിയതോടെ പരമ്പരാഗത യുഡിഎഫ് മേഖലകള്‍ പോലും ശക്തമായ പോരാട്ടത്തിലേക്ക് വഴിമാറുകയായിരുന്നു.
ഉത്തര കേരളത്തില്‍ ഇടതിന് വ്യക്തമായ മേധാവിത്വത്തിന്റെ സൂചനകള്‍ തുടക്കത്തില്‍തന്നെ പ്രകടമായിരുന്നു. കാസര്‍കോട് വ്യക്തമായ ലീഡ് നിലനിര്‍ത്തിക്കൊണ്ട് തന്നെ ബിജെപിക്ക് സാധ്യത കല്‍പ്പിക്കപ്പെട്ട രണ്ടു മണ്ഡലങ്ങളില്‍ ക്രോസ്‌വോട്ടിങ് ഒഴിവാക്കാന്‍ മുന്നണിക്ക് കഴിഞ്ഞു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും പ്രതീക്ഷിച്ചതിലും മികച്ച മുന്നേറ്റമാണ് ഉണ്ടായത്. മലപ്പുറത്ത് സ്വതന്ത്രരെ ഇറക്കി നടത്തിയ പരീക്ഷണവും ലീഗ് കോട്ടയില്‍ ചെറുതല്ലാത്ത വിള്ളല്‍ വീഴ്ത്താന്‍ ഇടയാക്കി. താനൂരും നിലമ്പൂരും എല്‍ഡിഎഫ് നേടിയ ആധികാരിക വിജയം യുഡിഎഫിനെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. കേസുകള്‍ പിന്‍വലിക്കുന്നതടക്കം, യുഡിഎഫ് സര്‍ക്കാര്‍ ബിജെപിയോട് കാണിച്ച മൃദുസമീപനവും ബിജെപി-കോണ്‍ഗ്രസ് ധാരണ സംബന്ധിച്ച പ്രചാരണവും മുസ്‌ലിം ന്യൂനപക്ഷ വോട്ടുകളില്‍ പ്രതിഫലിച്ചതും സിപിഎമ്മിന് ഗുണകരമായി.
ആധികാരിക വിജയം ഉറപ്പാക്കിയതോടെ മന്ത്രിസഭയെ ആരു നയിക്കുമെന്നത് തന്നെയാണ് എല്‍ഡിഎഫില്‍ ഉയരുന്ന പ്രധാന ചോദ്യം. വിഎസ് സ്ഥാനാര്‍ഥി ആയപ്പോള്‍ തന്നെ, മുഖ്യമന്ത്രി പദത്തിലേക്കുള്ള പിണറായിയുടെ പാത ഏകകണ്ഠമായിരിക്കില്ലെന്ന് ഉറപ്പിച്ചിരുന്നു.

അഴിമതിയും ഗ്രൂപ്പുപോരും വിനയായി

എച്ച് സുധീര്‍

തിരുവനന്തപുരം: അഴിമതി ആരോപണങ്ങളില്‍ നട്ടംതിരിഞ്ഞാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ യുഡിഎഫ് മെനഞ്ഞ തന്ത്രങ്ങളൊന്നും വിജയം കണ്ടില്ല. തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഘടകകക്ഷികളുടെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് കോണ്‍ഗ്രസ് മറുപടി പറയേണ്ടിവരും. എല്‍ഡിഎഫിന്റെ പ്രതീക്ഷകള്‍ പൂവണിഞ്ഞതോടെ യുഡിഎഫ് പണിതുയര്‍ത്തിയ സ്വപ്‌നകോട്ടകള്‍ തകര്‍ന്നടിഞ്ഞു. കോണ്‍ഗ്രസ്സിന്റെ അടിവേരിളകിയ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലീംലീഗ് ഒഴികെയുള്ള ഘടകകക്ഷികള്‍ക്കും വന്‍പതനം.
86 സീറ്റുകളില്‍ മല്‍സരിച്ച കോണ്‍ഗ്രസ്സിന് സിറ്റിങ് സീറ്റുകള്‍പോലും നിലനിര്‍ത്താനായില്ല. വടക്കാഞ്ചേരിയില്‍ അന്തിമഫലം വന്നതോടെ 22 സീറ്റുകളില്‍ മാത്രമായി കോണ്‍ഗ്രസ് ഒതുങ്ങിയപ്പോള്‍ 24 സീറ്റുകളില്‍ മല്‍സരിച്ച മുസ്‌ലിംലീഗിന് 18 സീറ്റുകള്‍ ലഭിച്ചു. രണ്ടു സിറ്റിങ് സീറ്റുകള്‍ ലീഗിന് നഷ്ടമായി. 15 സീറ്റില്‍ മല്‍സരിച്ച കേരളാ കോണ്‍ഗ്രസ് (എം) ആറു സീറ്റിലേക്ക് ഒതുങ്ങി. മൂന്നു സിറ്റിങ് സീറ്റുകള്‍ മാണിവിഭാഗത്തെ കൈവിട്ടു. കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ഒരു സീറ്റ് നിലനിര്‍ത്തിയപ്പോള്‍ ഏഴു സീറ്റില്‍ മല്‍സരിച്ച ജെഡിയുവും അഞ്ചു സീറ്റില്‍ മല്‍സരിച്ച ആര്‍എസ്പിയും ഒരു സീറ്റില്‍ പോരാടിയ സിഎംപി (സിപി ജോണ്‍) വിഭാഗവും സംപൂജ്യരായി നാണംകെട്ടു. പലയിടത്തും അട്ടിമറികള്‍ പ്രകടമായതോടെ തെക്കന്‍ കേരളത്തില്‍ നാണംകെട്ട യുഡിഎഫിന് അല്‍പമെങ്കിലും തലയുയര്‍ത്തി നില്‍ക്കാനായത് മധ്യകേരളത്തിലെ കോട്ടയം, എറണാകുളം ജില്ലകളിലും ലീഗിനു സ്വാധീനമുള്ള മലപ്പുറത്തുമാണ്. മറ്റു വടക്കന്‍ ജില്ലകളില്‍ യുഡിഎഫിന്റെ പ്രാതിനിധ്യം പേരിനു മാത്രമായി. ബിജെപി അക്കൗണ്ട് തുറന്ന നേമത്ത് യുഡിഎഫിന് ലഭിച്ചത് കേവലം 13,860 വോട്ടുകളാണ്.
അതേസമയം, തുടര്‍ഭരണമെന്ന സ്വപ്‌നം പൊലിഞ്ഞതോടെ ഉമ്മന്‍ചാണ്ടി ഇനി പ്രതിപക്ഷ നേതൃസ്ഥാനത്തേക്കും വരാനിടയില്ല. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ഉമ്മന്‍ചാണ്ടി ഒഴിയുകയാണെങ്കില്‍ രമേശ് ചെന്നിത്തലയാവും അടുത്ത പ്രതിപക്ഷനേതാവ്. കെ മുരളീധരന്റെ പേരും പ്രതിപക്ഷനേതാവ് സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്.

തീവ്രഹിന്ദുത്വത്തിലൂന്നിയ പ്രചാരണം ഫലം കണ്ടു

എ എം ഷമീര്‍ അഹ്മദ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയുടെ ഭേദപ്പെട്ട പ്രകടനം കേരളത്തില്‍ ഹിന്ദുത്വരാഷ്ടീയം കൂടുതല്‍ ശക്തമായി പയറ്റാന്‍ അവര്‍ക്ക് ആത്മവിശ്വാസമാവുമെന്ന് വിലയിരുത്തല്‍. ബിഡിജെഎസിനെയും വിവിധ ജാതി സംഘടനകളെയും കൂടെക്കൂട്ടി തീവ്രഹിന്ദുത്വ അജണ്ടയിലൂന്നി ഹിന്ദുവോട്ടുകളില്‍ ധ്രൂവീകരണം സൃഷ്ടിക്കാനുള്ള ബിജെപി തന്ത്രം ഏറെക്കുറെ വിജയം കണ്ടതായാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. നേമത്ത് വിജയിക്കാനും ഏഴ് മണ്ഡലങ്ങളില്‍ രണ്ടാംസ്ഥാനത്ത് എത്താനും എന്‍ഡിഎക്ക് കഴിഞ്ഞതും ഇതേ തന്ത്രം കൊണ്ടാണ്.
എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള സ്റ്റാര്‍ പ്രചാരകരെ ഇറക്കി ശക്തമായ പ്രചാരണം നടത്തിയിട്ടും ഒരു സീറ്റിലൊതുങ്ങിയത് തിരിച്ചടിയായി. മുന്നണിയിലെ രണ്ടാമനായ ബിഡിജെഎസിലൂടെ തെക്കന്‍കേരളത്തിലും മധ്യകേരളത്തിലും വലിയ മുന്നേറ്റമുണ്ടാക്കാമെന്ന പ്രതീക്ഷയും തകര്‍ന്നു. ചില മണ്ഡലങ്ങളില്‍ ചെറിയ ചില മുന്നേറ്റങ്ങള്‍ ഉണ്ടാക്കിയത് ഒഴിച്ചാല്‍ ബിഡിജെഎസ് കറുത്ത കുതിരകളാവുമെന്ന് കരുതിയ കുട്ടനാട്, ചെങ്ങന്നൂര്‍, ഉടുമ്പന്‍ചോല മണ്ഡലങ്ങളില്‍ അവര്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
സഖ്യം ബിജെപിക്ക് നേട്ടമായപ്പോള്‍ ബിഡിജെഎസിന് കാര്യമായ ഗുണംലഭിച്ചില്ല. വിജയിക്കുമെന്ന് എണ്ണിപ്പറഞ്ഞ എട്ട് മണ്ഡലങ്ങളിലും പാര്‍ട്ടി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിഡിജെഎസിന് സിപിഎം വോട്ടുകളില്‍ വിള്ളലുണ്ടാക്കാനായില്ലെന്ന് മാത്രമല്ല മല്‍സരിച്ച മണ്ഡലങ്ങളില്‍ സിപിഎം സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം വര്‍ധിച്ചതും അവര്‍ക്ക് തിരിച്ചടിയായി.
Next Story

RELATED STORIES

Share it