Flash News

അണികളെ നിയന്ത്രിച്ചില്ലെങ്കില്‍ സമ്പദ് വ്യവസ്ഥ അപകടത്തിലാവും : മോഡിക്ക് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയുടെ മുന്നറിയിപ്പ്.

ന്യൂഡല്‍ഹി :  അണികളെ നിയന്ത്രിച്ചില്ലെങ്കില്‍ വര്‍ഗീയകലാപങ്ങളുണ്ടായി രാജ്യത്തിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പിക്കുമെന്ന് പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡീസ് കോര്‍പറേഷന്റെ ഗവേഷണവിഭാഗമായ മൂഡീസ് അനലിറ്റിക്‌സിന്റെ മുന്നറിയിപ്പ്.  നരേന്ദ്രമോഡി വാഗ്ദാനം ചെയ്ത പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയില്ലെന്നും ഏജന്‍സി കുറ്റപ്പെടുത്തി. ഇന്ത്യാ ഔട്ട്‌ലുക്ക്, സെര്‍ച്ചിങ് ഫോര്‍ പൊടെന്‍ഷ്യല്‍ എന്ന പുസ്തകത്തിലാണ് മൂഡീസ് അനലിറ്റിക്‌സ് മോഡിയെ കടിച്ചുകീറുന്നത്.

പാര്‍ലിമെന്റിന്റെ ഉപരിസഭയില്‍ ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിന് പ്രധാനപ്പെട്ട നിയമനിര്‍മാണങ്ങള്‍ നടത്താന്‍ സാധിക്കുന്നില്ലെന്ന സ്ഥിതിയാണ്. ഇതോടൊപ്പം ബിജെപി അംഗങ്ങള്‍ നടത്തുന്ന വിവാദ പ്രസ്താവനകള്‍ രാജ്യത്ത് അക്രമസംഭവങ്ങള്‍ വര്‍ധിപ്പിക്കുകയും പാര്‍ലിമെന്റ് ചര്‍ച്ചകള്‍ സാമ്പത്തിക നയത്തില്‍ നിന്ന് അകലുന്നതോടെ ഉപരിസഭയില്‍ സര്‍ക്കാരിനെതിരായ എതിര്‍പ്പ്  കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്യുന്നു. അണികളെ കര്‍ശനമായി നിയന്ത്രിച്ചില്ലെങ്കില്‍ ആഗോളതലത്തിലും ആഭ്യന്തരതലത്തിലും രാജ്യത്തിന് വിശ്വാസ്യത നഷ്ടപ്പെടും. വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിന് ഇനിയുള്ള നാളുകളില്‍ അവ നിറവേറ്റാന്‍ സാധിക്കുമോ എന്നും വളര്‍ച്ചാലക്ഷ്യം കൈവരിക്കാനാകുമോ എന്നുമുള്ള സംശയവും റിപോര്‍ട്ട് പ്രകടിപ്പിക്കുന്നുണ്ട്. വളര്‍ച്ചാ ലക്ഷ്യം കൈവരിക്കുന്നതിലെ വിജയം നിരവധി രാഷ്ട്രീയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന അവസ്ഥയാണെന്നും റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുത ആഗോളതലത്തില്‍ത്തന്നെ മോഡി സര്‍ക്കാരിനെ ബാധിക്കുന്നതിന്റെ തെളിവായാണ് ബിസിനസ് ലോകം മൂഡീസ് മുന്നറിയിപ്പിനെ വിലയിരുത്തുന്നത്. മൂഡീസ് കോര്‍പറേഷന്റെ അവലോകനങ്ങള്‍ പൊതുവേ ബിസിനസ് ലോകം ഏറെ പ്രാധാന്യത്തോടെ കാണുന്നവയാണ്. കേന്ദ്രസര്‍ക്കാരിന് രൂക്ഷവിമര്‍ശനങ്ങളുമായി റിപോര്‍ട്ട് പുറത്തുവന്നത് ബിസിനസ് രംഗത്തുനിന്ന് മോഡിക്ക് ലഭിക്കുന്ന പിന്തുണയെ സാരമായി ബാധിക്കുമെന്ന് കരുതപ്പെടുന്നു
Next Story

RELATED STORIES

Share it