Districts

അഡ്വ. ബേസില്‍ അട്ടിപ്പേറ്റി: നഷ്ടമായത് ജനങ്ങള്‍ക്കൊപ്പം നിന്ന അഭിഭാഷകനെ

കൊച്ചി: അഡ്വ. ബേസില്‍ അട്ടിപ്പേറ്റി(58)യുടെ നിര്യാണത്തിലൂടെ നഷ്ടമായത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന അഭിഭാഷകനെ. തെരുവുനായ പ്രശ്‌നത്തില്‍ ഇദ്ദേഹം നല്‍കിയ ഹരജിയില്‍ ഇന്ന് ഹൈക്കോടതി വിധി പറയാനിരിക്കുകയായിരുന്നു.
ബസ്ചാര്‍ജ് വര്‍ധന, ഫെയര്‍ സ്‌റ്റേജ് അപാകത, പാചകവാതക സിലിണ്ടറുകളുടെ പൊട്ടിത്തെറി, ഹോട്ടലുകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണം തുടങ്ങിയ ബേസില്‍ നല്‍കിയ ഹരജികളില്‍ കോടതിയുടെ അനുകൂല ഉത്തരവുണ്ടായിട്ടുണ്ട്. തല ചായ്ക്കാന്‍ കൂരപോലുമില്ലാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍ക്കു രാത്രി ഷെല്‍ട്ടര്‍ ഒരുക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹരജിയിലും അനുകൂല ഉത്തരവുണ്ടായി. ഫോര്‍ട്ട്‌കൊച്ചി ബോട്ട് ദുരന്തമുണ്ടായപ്പോള്‍ സ്ഥലത്തെത്തി അതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും മുന്നില്‍ അവതരിപ്പിച്ചത് ബേസിലാണ്.
മുല്ലപ്പെരിയാര്‍, ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് രണ്ട് മല്‍സ്യത്തൊഴിലാളികളുടെ മരണം തുടങ്ങിയ കേസുകളിലും വിവിധ കക്ഷികള്‍ക്കു വേണ്ടി ഹാജരായി. ബേസില്‍ കൂടുതലായും കൈകാര്യം ചെയ്തിരുന്നത് ആരാലും ശ്രദ്ധിക്കപ്പെടാതെ പോവുന്ന ജനങ്ങളുടെ പ്രശ്‌നങ്ങളായിരുന്നു. രണ്ടു തമിഴ്‌നാട് സ്വദേശികള്‍ കൊച്ചിയിലെ മാന്‍ഹോളില്‍ ശ്വാസംകിട്ടാതെ മരിച്ചപ്പോള്‍ അവരുടെ ആശ്രിതര്‍ക്കു നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവ് സമ്പാദിച്ചു നല്‍കി. മന്ത്രി കെ സി ജോസഫ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ അവഹേളിച്ചുവെന്ന് ആരോപിച്ചു നല്‍കിയ കോടതിയലക്ഷ്യ പരാതി അഡ്വക്കറ്റ് ജനറലിന്റെ പരിഗണനയിലാണ്.
Next Story

RELATED STORIES

Share it