അഡ്വ. കെ രാജു മൂന്നാം അങ്കത്തിലെ കന്നിക്കാരന്‍

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഹാട്രിക് നേടിയ അഡ്വ. കെ രാജുവിന് മന്ത്രിക്കുപ്പായം ലഭിച്ചത് അപ്രതീക്ഷിതമായി. മുന്‍മന്ത്രി കൂടിയായ മുല്ലക്കര രത്‌നാകരനായിരുന്നു ജില്ലയില്‍ നിന്ന് മന്ത്രിസ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പരിഗണിച്ചിരുന്നത്. എന്നാല്‍, മന്ത്രിസ്ഥാനത്തേക്ക് പുതുമുഖങ്ങള്‍ മതിയെന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനമാണ് ജില്ലയിലെ മുതിര്‍ന്ന നേതാവായ രാജുവിനു തുണയായത്.
മുസ്‌ലിംലീഗ് നേതാവ് എ യൂനുസ്‌കുഞ്ഞിനെ 33,582 വോട്ടിനു പരാജയപ്പെടുത്തിയാണ് കെ രാജു ഇത്തവണ ഹാട്രിക് വിജയം നേടിയത്. 2006ലെ തിരഞ്ഞെടുപ്പില്‍ സിഎംപി നേതാവ് എം വി രാഘവനെ 7925 വോട്ടിന് പരാജയപ്പെടുത്തിയാണ് ആദ്യമായി നിയമസഭാ സാമാജികനായത്. 2011ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ അഡ്വ. ജോണ്‍സണ്‍ എബ്രഹാമിനെ പരാജയപ്പെടുത്തി ഭൂരിപക്ഷം 18,005 ആയി ഉയര്‍ത്തി.
എഐഎസ്എഫ് പ്രവര്‍ത്തകനായിട്ടാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയശേഷം തിരുവനന്തപുരം ഗവ. ലോ കോളജില്‍ നിന്ന് നിയമബിരുദം നേടി. അഡ്വ. എന്‍ രാജഗോപാലന്‍നായരുടെ കീഴില്‍ പുനലൂര്‍ ബാറില്‍ പ്രാക്ടീസ് തുടങ്ങിയ ഇദ്ദേഹം 35 വര്‍ഷമായി അഭിഭാഷകവൃത്തി ചെയ്യുന്നു.
എഐവൈഎഫ് ഭാരവാഹിയായിരുന്ന ഇദ്ദേഹം പിന്നീട് 12 വര്‍ഷക്കാലം പാര്‍ട്ടിയുടെ മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. 25ാമത്തെ വയസ്സില്‍ ഏരൂര്‍ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ജില്ലാ പഞ്ചായത്തില്‍ കുളത്തൂപ്പുഴ ഡിവിഷനില്‍ നിന്ന് വിജയിക്കുകയും ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാനായി അഞ്ചു വര്‍ഷം പ്രവര്‍ത്തിക്കുകയും ചെയ്തു. റിട്ട. സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഡി ഷീബയാണ് ഭാര്യ. ഋത്വിക്‌രാജ്, നിഥിന്‍രാജ് മക്കളാണ്.
Next Story

RELATED STORIES

Share it