palakkad local

അട്ടപ്പാടിയില്‍ യുഡിഎഫിനെ പ്രതിസന്ധിയിലാക്കി  കേരളാ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും രാജിവച്ചു

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ യു ഡി എഫിന് വന്‍ തിരിച്ചടി നല്‍കി കേരള കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയംഗങ്ങള്‍ രാജിവച്ചു.യു ഡി എഫ് സംവിധാനത്തിലെ തകര്‍ച്ചയും കേരള കോണ്‍ഗ്രസ്സിലെ പണാധിപത്യവും അരോപിച്ചാണ് പതിനൊന്ന് അംഗ മണ്ഡലം കമ്മിറ്റി പൂര്‍ണ്ണമായും രാജിവച്ച് ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ ജനാധിപത്യ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്.ഇവരോടൊപ്പം ഇരുന്നുറോളം പ്രവര്‍ത്തകരും രാജിവച്ചതായി ഭാരവാഹികള്‍ അറിയിച്ചു. അട്ടപ്പാടിയിലെ പാര്‍ട്ടിയിലെ മുന്‍ പഞ്ചായത്ത് അംഗത്തിനെതിരെ നടപടി ആവശ്യപ്പെട്ടിട്ടും അത് ജില്ലാ കമ്മിറ്റിയോ സംസ്ഥാന കമ്മിറ്റിയോ അംഗീകരിച്ചില്ല.
അട്ടപ്പാടിയിലെ യുഡിഎഫ്‌സംവിധാനം തകര്‍ത്തവരുടെ കൈയില്‍ തന്നെയാണ് ഇപ്പോഴും തിരഞ്ഞെടുപ്പ് ചുമതല. മലയോരകര്‍ഷകരെ ബാധിക്കുന്ന കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ പാര്‍ട്ടി ശക്തമായ നടപടി എടുത്തില്ലെന്നും രാജിവച്ചവര്‍ ആരോപിക്കുന്നു. അഴിമതി ആരോപണത്തില്‍പ്പെട്ട മുന്‍ മെമ്പര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടപ്പോള്‍ മണ്ഡലം കമ്മിറ്റി അറിയാതെ ബ്ലോക്കിലേക്ക് സീറ്റ് നല്‍കുകയാണുണ്ടായത്.ഇവര്‍ക്ക് ബ്ലോക്ക് സീറ്റ് നല്‍കിയതോടെ പാര്‍ട്ടിയുടെ രണ്ട് പഞ്ചായത്ത് സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നു.വീരേന്ദ്രകുമാറിന്റെ പരാജയത്തോടെ അട്ടപ്പാടിയിലെ യു ഡി എഫ് സംവിധാനം തകര്‍ന്നു.. കേരള കോണ്‍ഗ്രസ് എമ്മില്‍ ജനാധിപത്യത്തിലുപരി പണാധിപത്യമാണ്. കഴിഞ്ഞ പാര്‍ല്ലമെന്റ് തിരഞ്ഞെടുപ്പില്‍ പത്ത് ലക്ഷത്തി ആറായിരത്തി എണ്ണൂറ് രൂപ തെരഞ്ഞെടുപ്പ്പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചു എന്ന് അട്ടപ്പാടി യുഡിഎഫ് കമ്മിറ്റിയില്‍ കണക്ക് അവതരിപ്പിച്ചെങ്കിലും ഒരു കമ്മിറ്റിക്കും പണം കിട്ടിയതായി അറിവില്ല. വിരേന്ദ്രകുമാറിന്റെ പരാജയത്തെക്കുറിച്ച് ബാലകൃഷണപിള്ള കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയെങ്കിലും ആ റിപോര്‍ട്ട് വെളിച്ചം കണ്ടില്ല.ഈ സാഹചര്യത്തില്‍ യുഡിഎഫിനൊപ്പം നില്‍ക്കുന്നതില്‍ പ്രയോജനമില്ലെന്ന പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് രാജിയെന്ന് മണ്ഡലം പ്രസിഡന്റ് പി ബി ഹാന്‍സണ്‍, സെക്രട്ടറിമാരായ എന്‍ എ മാത്യു, ടോം ആലപ്പാട്ട് ,പി ബി അനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു.രാജിവച്ച അട്ടപ്പാടി കേരള കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റിക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കുമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ജോയ് കാക്കനാട് ,തോമസ്‌കുട്ടി, ജയ്‌മോന്‍, ബിജു മലയില്‍, എന്‍ പി ചാക്കോ എന്നിവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it