അട്ടപ്പാടിയില്‍ തണ്ടര്‍ബോള്‍ട്ട് തിരച്ചിലിനിടെ വെടിവയ്പ്

സ്വന്തം  പ്രതിനിധി

പാലക്കാട്: അട്ടപ്പാടിയിലെ കടുകുമണ്ണ ഊരില്‍ തണ്ടര്‍ബോള്‍ട്ട് നടത്തിയ പരിശോധനയ്ക്കിടെ മാവോവാദികളുമായി വെടിവയ്പുണ്ടായതായി അട്ടപ്പാടി സിഐ ദേവസ്യ. ഇന്നലെ രാവിലെ 11.30ന് അഗളിയിലെ കടുകുമണ്ണ ഊരില്‍ പട്രോളിങിനു പോയ ഏഴംഗ തണ്ടര്‍ബോള്‍ട്ട് സംഘത്തിനു നേരെയാണ് അജ്ഞാതസംഘത്തിന്റെ വെടിവയ്പുണ്ടായത്. അഞ്ചു പേരടങ്ങുന്ന സംഘങ്ങളുമായി ഏറ്റുമുട്ടിയെന്നാണ് പോലിസ് നല്‍കുന്ന വിവരം.

മാവോവാദികളാണ് ആക്രമണത്തിനു പിന്നിലെന്നാണ് പോലിസ് പറയുന്നത്. പോലിസും മാവോവാദികളും പരസ്പരം വെടിവച്ചുവെന്നും രണ്ടു മാവോവാദികള്‍ക്ക് വെടിയേറ്റുവെന്നു കരുതുന്നതായും പോലിസ് പറയുന്നു. കര്‍ണാടകയില്‍ നിന്നുള്ള വിക്രം ഗൗഡ, ജയണ്ണ, സോമന്‍ എന്നിവരുടെ സംഘം അട്ടപ്പാടിയിലേക്കു കടന്നതായി സൂചന ലഭിച്ചതനുസരിച്ചായിരുന്നു തണ്ടര്‍ബോള്‍ട്ട് അംഗങ്ങള്‍ കടുകുമണ്ണ വനമേഖലയില്‍ തിരച്ചില്‍ തുടങ്ങിയത്. പോലിസ് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഓടിമറഞ്ഞ ആയുധധാരികള്‍ ഉപേക്ഷിച്ചുപോയ ബാഗില്‍ നിന്നു മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ കണ്ടെടുത്തതായി പോലിസ് പറയുന്നു.

മാവോവാദികള്‍ വനമേഖലയില്‍ നിന്നു രക്ഷപ്പെടുന്നത് ഒഴിവാക്കുന്നതിന് അഗളി, ഷോളയൂര്‍ പോലിസ് സ്റ്റേഷനില്‍ നിന്നു കൂടുതല്‍ പോലിസ് ഉദ്യോഗസ്ഥരെ തിരച്ചിലിനു ചുമതലപ്പെടുത്തിയതായി ജില്ലാ പോലിസ് മേധാവി എന്‍ വിജയകുമാര്‍ അറിയിച്ചു. തമിഴ്‌നാട് പോലിസുമായി സഹകരിച്ച് ഇന്നും തിരച്ചില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വനംവകുപ്പിനെ അറിയിക്കാതെയായിരുന്നു തണ്ടര്‍ബോള്‍ട്ട് തിരച്ചിലെന്നാണ് അറിയുന്നത്. വനമേഖലയില്‍ തിരച്ചില്‍ ശക്തിപ്പെടുത്തുന്നതിനു കൂടുതല്‍ സേനയെ ആവശ്യമെങ്കില്‍ നിയോഗിക്കുമെന്നും ഏറ്റുമുട്ടലില്‍ പോലിസ് ഉദ്യോഗസ്ഥരില്‍ ആര്‍ക്കും പരിക്കില്ലെന്നും ജില്ലാ കലക്ടര്‍ പി മേരിക്കുട്ടിയും അറിയിച്ചു. അട്ടപ്പാടി വനത്തിലാണ് വെടിവയ്പ് നടന്നത്.

പുതൂര്‍ കടുകുമണ്ണ പ്രദേശത്തു നിന്ന് ആറു കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഒരു സ്ത്രീയും നാലു പുരുഷന്മാരുമാണ് സംഘത്തിലുണ്ടായിരുന്നത്.
സ്ത്രീയാണ് പോലിസ് സംഘത്തിനു മുന്നില്‍ ആദ്യമെത്തിയത്. തുടര്‍ന്ന് നാലു പുരുഷന്മാരും എത്തിയതോടെ ഇരുവിഭാഗവും വെടിയുതിര്‍ക്കുകയായിരുന്നു. പോലിസ് തിരികെ ഏഴ് റൗണ്ട് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് മാവോവാദി സംഘം ഉള്‍വനത്തിലേക്കു പിന്‍വലിഞ്ഞു.

അഗളി സിഐ ദേവസ്യയുടെ നേതൃത്വത്തിലുള്ള 18 അംഗ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ സംഘമാണ് വനത്തില്‍ തിരച്ചില്‍ നടത്തിയത്. ഇതില്‍ ഏഴു പേരാണ് മാവോവാദി സംഘവുമായി നേരിട്ട് ഏറ്റുമുട്ടിയത്.
സംഭവം നടന്ന തുടുക്കി, കടുകുമണ്ണ, ആനവായ്, ഇടവാണി പ്രദേശങ്ങളെല്ലാം മാവോവാദി സാന്നിധ്യമുള്ള പ്രദേശങ്ങളാണ്.
ഇവിടങ്ങളിലെ ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് സംഘം വലിയ തോതില്‍ ആശയപ്രചാരണം നടത്തുന്നതായി പോലിസ് പറയുന്നു. സംഭവത്തെത്തുടര്‍ന്ന് പോലിസ്, ഇന്റലിജന്‍സ്, വനംവകുപ്പ് എന്നിവയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
Next Story

RELATED STORIES

Share it