palakkad local

അട്ടപ്പാടിയില്‍ ഊര് മൂപ്പന്‍ നേതൃ സംവിധാനം നടപ്പാക്കണമെന്ന്

പാലക്കാട്: അട്ടപ്പാടിയില്‍ പാരമ്പര്യ ആദിവാസി ഊര് മൂപ്പന്‍ നേതൃ സംവിധാനം നടപ്പാക്കി ആദിവാസി സംരക്ഷണം ഉറപ്പാക്കണമെന്ന് ഗുരുവ് ആദിവാസി സംഘടനയും ആദിവാസി മൂപ്പന്‍ സഭയും ആവശ്യപ്പെട്ടു.
ആദിവാസികളുടെ സുസ്ഥിര വികസന പദ്ധതികളെ അവതാളത്തിലാക്കിയും പൊതുവികസന പ്രവര്‍ത്തനങ്ങള്‍ക്കായി തലമുറകളായി കൂലിപ്പണിയെടുക്കുന്നത് കൂടുതല്‍ അധപതനത്തിന് കാരണമാവുകയാണ്.
കേന്ദ്രസര്‍ക്കാര്‍ 1960ല്‍ വിനിയോഗിച്ച ശ്രീ ദേബര്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ക്കു പകരം നടപ്പാക്കിയവയാണ് ആദിവാസികളെ ഇത്തരത്തില്‍ ദുരിതത്തിലാക്കിയത്. 1958ല്‍ മുക്കാലി മുഡുക ആദിവാസികളുടെ സുസ്ഥിര വികസനത്തിനായി നടപ്പാക്കിയ പട്ടികവര്‍ഗ ക്ഷേമപദ്ധതി നാമാവശേഷമായി, 1962 മുതല്‍ പില്ലൂര്‍ ഡാമിലേക്ക് സില്‍ട്ടേഷന്‍ തടയുന്നതിനും കൃഷി അഭിവൃദ്ധിക്കും വേണ്ടി ബിനാമി കരാറുകാര്‍ നടപ്പാക്കിയ 13.44 കോടിയുടെ വര്‍ഷങ്ങളോളം ചെയ്ത കൂലി തൊഴില്‍ പദ്ധതി, പിന്നീടുള്ള തൊഴിലുറപ്പ് പദ്ധതി, 219 കോടിയുടെ അഹാഡ്‌സ് നടപ്പാക്കിയ പരിസ്ഥിതി പുനസ്ഥാപനപദ്ധതിയെല്ലാം ഇതിന് ഉദാഹരണമാണ്. ആദിവാസികളെ കൂലി തൊഴിലാളികളായി പരിവര്‍ത്തനപ്പെടുത്തിയതോടെ അവര്‍ ആവാസവ്യവസ്ഥയില്‍ നിന്നും പുറന്തള്ളപ്പെടുകയായിരുന്നു.
സുഭിക്ഷമായി ജീവിച്ചിരുന്ന വരെ ഭൂരഹിത പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 580 കുടുംബങ്ങളെ 1552.02 ഹെക്ടര്‍ ഭൂമിയില്‍ നടത്തിയ ക്ഷേമപദ്ധതി ആദിവാസികളെ അടിമതൊഴിലാളികളാക്കി മാറ്റുകയും ചെയ്തു. ഐ ടി ഡി പിയുടെ കീഴില്‍ സഹകരണവകുപ്പാണ് ഇത്തരമൊരു നീക്കം നടത്തിയത്. ഇതിനുപുറമെ 7271 അംഗങ്ങളെ ചേര്‍ത്ത് ആറ് ഗിരിജന്‍ സഹകരണ സംഘങ്ങളുണ്ടാക്കി ആദിവാസികളെ കടക്കെണിയിലുമാക്കി ഭൂരേഖകള്‍ നഷ്ടപ്പെടുത്തി.
1976ല്‍ ആദിവാസി സങ്കേതങ്ങളെ ഉള്‍പ്പെടുത്തി 4347 ഹെക്ടര്‍ ആയക്കെട്ട് ഏരിയായില്‍ 3367 ലക്ഷം രൂപയുടെ പദ്ധതിയേയും അവതാളത്തിലാക്കിയതായി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. വ്യാജമദ്യ ഇടപാടുകള്‍ നടത്തി ആദിവാസി പുരുഷ ജനസംഖ്യ കുറയുന്നതിന് ഇടവരുത്തുകയും കുടുംബകലഹങ്ങള്‍ വരുത്തിച്ചും ഇവര്‍ നരകയാതന അനുഭവിക്കുകയാണ്.
ആദിവാസികള്‍ക്ക് മേലുള്ള ക്രിമിനല്‍, സിവില്‍ വ്യവഹാരങ്ങള്‍ നടത്തുന്നതിന് നാലുവര്‍ഷം മുന്‍പ് അനുവദിച്ച സ്‌പെഷ്യല്‍ കോടതി അട്ടപ്പാടിയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ മണ്ണാര്‍ക്കാട്ടാണ് സ്ഥാപിച്ചത്. മറ്റിടങ്ങളില്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ കോടതി അനുവദിച്ചപ്പോഴാണ് അട്ടപ്പാടിയില്‍ ഇത്തരമൊരു സ്ഥിതി വിശേഷം.
1999ല്‍ ഉണ്ടാക്കിയ ഭൂനിയമങ്ങളും സര്‍ക്കാര്‍ ഉത്തരവുകളും പുനഃപരിശോധിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയ്ക്ക് അനുസൃതമായ നിയമഭേദഗതികളും ഉത്തരവുകളും അടിയന്തരമായി പുറപ്പെടുവിക്കണം.
അട്ടപ്പാടിയിലെ ഊരുകള്‍ മൂപ്പന്‍, കുറതല, വണ്ടാരി, മണ്ണുക്കാരന്‍ എന്നിവര്‍ നേതൃത്വം വഹിക്കുന്ന പാരമ്പര്യ ഊരുമൂപ്പന്‍ സംവിധാനം മുഖേന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്നും ഗുരുവ് പ്രസിഡന്റ് സി എന്‍ ബാബുരാജും ആദിവാസി മൂപ്പന്‍ സഭ ചെയര്‍മന്‍ എസ് എന്‍ മല്ലനും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it