അട്ടപ്പാടിയിലെ സ്ത്രീകളുടെ സമരം പുതിയ തലത്തിലേക്ക്; തീരുമാനമായില്ലെങ്കില്‍ നിരാഹാരം തുടങ്ങുമെന്ന് വീട്ടമ്മമാര്‍

കെ സനൂപ്

പാലക്കാട്: മദ്യനിരോധനം ഫലപ്രദമായി നടപ്പാക്കണമെന്നും കേരള-തമിഴ്‌നാട് സംസ്ഥാന അതിര്‍ത്തിയിലുള്ള ആനക്കട്ടിയിലെ മദ്യഷോപ്പുകള്‍ അടച്ചുപൂട്ടണമെന്നുമാവശ്യപ്പെട്ട് അട്ടപ്പാടിയിലെ വനിതകള്‍ നടത്തുന്ന സമരം പുതിയ തലത്തിലേക്ക് നീങ്ങുന്നു. തായ്ക്കുല സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരം പത്തുദിവസം പിന്നിട്ടതോടെയാണ് തമിഴ്‌നാട്ടിലേക്കുള്ള റോഡുകള്‍ ഉപരോധിച്ച് ആനക്കട്ടി ജങ്ഷനില്‍ ഇന്നലെ സമരം ശക്തമാക്കിയത്.
ആനക്കട്ടിയിലെ മുക്കാലിയില്‍ മണ്ണാര്‍ക്കാട്-ചിന്നത്തടാകം റോഡാണ് സമരാനുകൂലികള്‍ ഉപരോധിച്ചത്. ഇതോടെ ആനക്കട്ടി—ക്ക് സമീപമുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ മദ്യഷോപ്പുകള്‍ക്ക് മുമ്പില്‍ തമിഴ്‌നാട് പോലിസ് ബാരിക്കേഡുകള്‍ തീര്‍ക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു. അതേസമയം സമരം മുക്കാലിയിലേക്ക് വ്യാപിച്ചതോടെ സൈലന്റ് വാലിയിലേക്കുള്ള ഗതാഗതത്തിനും തടസ്സം നേരിടുന്നുണ്ട്. സമരത്തില്‍ അട്ടപ്പാടിയിലെ വിവിധ ഊരുകളില്‍ നിന്നുള്ള ആദിവാസി സ്ത്രീകളുടെ പങ്കാളിത്തം ഏറിയതോടെ പിന്തുണയുമായി കേരളത്തിലെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും സമരപ്പന്തലിലെത്തുന്നുണ്ട്.
മണ്ണാര്‍ക്കാട് എംഎല്‍എ അഡ്വ. എന്‍ ഷംസുദ്ദീനും മറ്റു നേതാക്കളും എത്തിയതിന് പിറകേ ഒറ്റപ്പാലം സബ്കലക്ടര്‍ പി ബി നൂഹ് ബാവയും എത്തി. കോയമ്പത്തൂര്‍ കലക്ടര്‍ക്ക് മദ്യവര്‍ജ്ജനം ഫലപ്രദമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി കത്തയച്ചതായി പി ബി നൂഹ് ബാവ സമരക്കാരെ അറിയിച്ചു. തമ്പ് ഉള്‍പ്പെടെ നിരവധി ആദിവാസി സംഘടനകള്‍ സമരത്തിന് പിന്തുണയുമായി ആനക്കട്ടി ജങ്ഷനിലെ സമരപ്പന്തലിലെത്തുന്നുണ്ടെന്ന് തായ്ക്കുല സംഘം പ്രസിഡന്റ് പി കെ ഭഗവതി, കെ വഞ്ചി, എ വടുകിയമ്മ എന്നിവര്‍ തേജസിനോട് പറഞ്ഞു.
വിഷയത്തില്‍ അന്തിമതീരുമാനമായില്ലെങ്കില്‍ നിരാഹാര സമരത്തിലേക്ക് നീങ്ങുമെന്നും അവര്‍ പറഞ്ഞു. ആന്റണി സര്‍ക്കാര്‍ 1996ല്‍ അട്ടപ്പാടിയില്‍ സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ചപ്പോള്‍ കേരള സര്‍ക്കാരിന്റെ ഫലപ്രദമായ നടപടികളുടെ ഭാഗമായി അട്ടപ്പാടിയില്‍ വ്യാജവാറ്റും മറ്റും തടഞ്ഞ് അത് പൂര്‍ണതയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, കേരള-തമിഴ്‌നാട് അതിര്‍ത്തിയിലും മണ്ണാര്‍ക്കാടുമുള്ള വിദേശമദ്യ വില്‍പ്പന ശാലകളില്‍നിന്ന് അട്ടപ്പാടിയിലേക്ക് വ്യാപകമായ തോതില്‍ മദ്യമെത്തുന്നതിനാല്‍ ആദിവാസി യുവാക്കള്‍ വഴിതെറ്റുകയാണ്.
ഫെബ്രുവരി 17 മുതല്‍ അട്ടപ്പാടിയിലെ ആനക്കട്ടി ജങ്ഷനില്‍ കുടില്‍കെട്ടി ആരംഭിച്ച രാപ്പകല്‍ സമരമാണ് 18 ദിവസം പിന്നിട്ടതോടെ പുതിയ രീതിയിലേക്ക് ചുവടുമാറ്റിയത്. ആദ്യഘട്ടത്തില്‍ ഊരുകളില്‍ നിന്നുള്ള അമ്മമാരുടെയും കുട്ടികളുടെയും മുഴുവന്‍ പങ്കാളിത്തവും ഉറപ്പുവരുത്തി മദ്യവിരുദ്ധ മുദ്രാവാക്യവുമായി ആദിവാസികളുടെ പരമ്പരാഗത കലാരൂപങ്ങളുമവതരിപ്പിച്ച് മുന്നേറിയ സമരം പിന്നീട് റോഡ് ഉപരോധമുള്‍പ്പെടെയുള്ള രീതിയിലേക്ക് മാറുകയായിരുന്നു. പിന്നീട് എംഎല്‍എയും സബ് കലക്ടറുമെത്തിയതോടെയാണ് സമരപ്പന്തലിലേക്ക് വീട്ടമ്മമാര്‍ തിരികെ പോയത്.
Next Story

RELATED STORIES

Share it