palakkad local

അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍; ജനപ്രതിനിധികളുമായി ചീഫ്  സെക്രട്ടറി ചര്‍ച്ച നടത്തി

പാലക്കാട്: അട്ടപ്പാടിയിലെ വികസനങ്ങളെക്കുറിച്ച് ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്യാന്‍ മുന്നറിയിപ്പൊന്നുമില്ലാതെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അഗളിയിലെത്തി.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഈശ്വരീരേശന്‍, ജില്ലാ പഞ്ചായത്തംഗം സി രാധാകൃഷ്ണന്‍, അഗളി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീലക്ഷ്മി ശ്രീകുമാര്‍, പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍, ഷോളയൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി രവി എന്നിവരാണ് ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ സ്ഥലം എംഎല്‍എ അഡ്വ. എന്‍ ഷംസുദീനോ എം പി എംബി രാജേഷോ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നില്ല.
കല്ലും മണ്ണും എടുക്കാന്‍ പറ്റാത്തതുമൂലം അട്ടപ്പാടിയിലെ നിര്‍മാണ മേഖലയിലെ പ്രതിസന്ധി രൂക്ഷമാണെന്നും അതിന് പരിഹാരം കാണാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ചര്‍ച്ച നടത്തിയ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. 3000ത്തോളം വീടുകള്‍ സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും പാസായിട്ടുണ്ടെന്നും ഇത് നിര്‍മിക്കുവാന്‍ കല്ലും മണലും നിലവില്‍ ലഭ്യമാകുന്നില്ലെന്നും ഇതിന് പരിഹാരം ആവശ്യമാണെന്നും അവര്‍ ആവശ്യപ്പെട്ടു.
രാവിലെ പട്ടികജാതി-പട്ടികവര്‍ഗ വകുപ്പിന് കീഴിലുള്ള കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെത്തിയ അദ്ദേഹം ആരോഗ്യവകുപ്പ് ജീവനക്കാരുമായും തുടര്‍ന്ന് പ്രവര്‍ത്തനങ്ങളും പരാതികളും വിലയിരുത്തിയശേഷം അഹാഡ്‌സും സന്ദര്‍ശിച്ചു.
പ്രശ്‌നങ്ങളുടെ നിജസ്ഥിതി വിവിധ വകുപ്പുതല ജീവനക്കാരുമായി വിലയിരുത്തിയശേഷമാണ് ചീഫ് സെക്രട്ടറി മടങ്ങിയത്. വകുപ്പുതല മേധാവികളുടെ യോഗത്തില്‍ പങ്കെടുത്തശേഷം അദ്ദേഹം മടങ്ങുകയും ചെയ്തു.
ഒറ്റപ്പാലം സബ് കളക്ടര്‍ നൂഹ് പി ബാവ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. അതേസമയം ചീഫ് സെക്രട്ടറിയെത്തുന്ന കാര്യത്തിന് ഔദ്യോഗിക അറിയിപ്പൊന്നുമില്ലാത്തത് ദുരൂഹതയുണ്ടാക്കുന്നതാണ്. അഹാഡ്‌സ് പുനരുജ്ജീവിപ്പിച്ച നടപടി അട്ടപ്പാടിയിലെ ആദിവാസി സംഘടനകളില്‍ എതിര്‍പ്പുളവാക്കിയിരുന്നു. അട്ടപ്പാടിയിലേക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഫണ്ടനുവദിക്കുന്നത് സമഗ്രമായ ഓഡിറ്റിംഗിന് ശേഷമായിരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
അട്ടപ്പാടിയില്‍ ഒരു മാസം മുമ്പ് പേമാരിയില്‍ സര്‍വതും നശിച്ചപ്പോള്‍ ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ സേനയും കാര്യമായ ഇടപെടലുകളോ നടപടികളോ സ്വീകരിച്ചില്ലെന്ന് തേജസ് വാര്‍ത്ത നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it