Pathanamthitta local

അടൂര്‍ പ്രകാശിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപണം; എന്‍ജിഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ കൈയാങ്കളി

പത്തനംതിട്ട: അടൂര്‍ പ്രകാശിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് എന്‍ജിഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ അടിപിടി. കഴിഞ്ഞദിവസം വൈകീട്ട് മൂന്നിന് ജില്ലാ കമ്മിറ്റി ഓഫിസില്‍ നടന്ന യോഗത്തിനിടെയാണ് അസഭ്യവര്‍ഷവും കൈയാങ്കളിയും നടന്നത്. ജില്ലാ സെക്രട്ടറി പി എസ് വിനോദ് കുമാറിനു നേരെയാണ് മര്‍ദ്ദന ശ്രമം നടന്നത്.
തിരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യം ചര്‍ച്ച ചെയ്യാനും അസോസിയേഷന്‍ പ്രവര്‍ത്തനങ്ങപ്പെറ്റി ആലോചിക്കുന്നതിനും ചേര്‍ന്ന യോഗത്തിലാണ് സംഭവം. യോഗത്തിനിടെ കോന്നിയില്‍ നിന്ന് അടൂര്‍ പ്രകാശിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട ജീവനക്കാരന്‍ എത്തി. കമ്മിറ്റിയംഗം അല്ലാതിരുന്നിട്ടും ഇദ്ദേഹത്തെ യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചുവെന്ന് പറയുന്നു. യോഗം അവസാനിക്കാറായപ്പോഴേക്കും ജില്ലാ സെക്രട്ടറി പി എസ് വിനോദ്കുമാറിനെതിരേ രൂക്ഷ ആരോപണങ്ങളുമായി എഴുന്നേറ്റ ഇദ്ദേഹം കൈയാങ്കളിക്കും മുതിര്‍ന്നു.
അടൂര്‍ പ്രകാശിന് ലഭിക്കേണ്ട പോസ്റ്റല്‍ ബാലറ്റുകള്‍ കൈവശപ്പെടുത്തി വിനോദ്കുമാര്‍ എതിര്‍ സ്ഥാനാര്‍ഥിക്ക് കൊടുത്തുവെന്നും എന്‍എസ്എസ് വോട്ടുകളില്‍ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു പ്രധാനമായും ഉന്നയിച്ച ആരോപണം. ഇതെല്ലാം വിനോദ് നിഷേധിക്കുകയും ചെയ്തു. ഇതോടെ കുപിതനായ അടൂര്‍ പ്രകാശിന്റെ പഴ്‌സണല്‍ സ്റ്റാഫ് അംഗം വിനോദിനെ അടിക്കാന്‍ കസേര എടുന്നെന്ന് പറയുന്നു. മറ്റുള്ളവര്‍ ചേര്‍ന്ന് പിന്തിരിപ്പിക്കുകയായിരുന്നു. എന്‍ജിഒ അസോസിയേഷന്റെ കഴിഞ്ഞ ജില്ലാ സമ്മേളനം മുതല്‍ വിനോദ്കുമാറും അടൂര്‍ പ്രകാശുമായി അകല്‍ച്ചയിലാണ്.
വര്‍ഷങ്ങളായി സെക്രട്ടറി സ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിനോദിന് കഴിഞ്ഞ തവണ പ്രസിഡന്റ് സ്ഥാനം നല്‍കാന്‍ ധാരണയായിരുന്നു. അവസാന നിമിഷം നടന്ന അട്ടിമറിയില്‍ അടൂര്‍ പ്രകാശിന്റെ വിശ്വസ്തനായ അടൂരുകാരന്‍ കോശിമാണിയാണ് പ്രസിഡന്റായത്. അടൂര്‍ പ്രകാശ് അസോസിയേഷന്‍ സംസ്ഥാന നേതൃത്വത്തില്‍ സ്വാധീനം ചെലുത്തി വിനോദിന്റെ പ്രസിഡന്റ് സ്ഥാനം തെറിപ്പിക്കുകയായിരുന്നുവെന്ന് അന്നു തന്നെ ആരോപണണം ഉയര്‍ന്നിരുന്നു. പിന്നീടുണ്ടായ വിവാദം തദ്ദേശ തിരഞ്ഞെടുപ്പിന്റെ സമയത്തായിരുന്നു.
വിനോദ്കുമാറിന്റെ ഭാര്യയ്ക്ക് കോന്നി ബ്ലോക്ക് പഞ്ചായത്തിലേക്ക് സീറ്റ് നല്‍കാനുള്ള നീക്കം തടയാനും ശ്രമം നടന്നുവത്രേ. ഡിസിസി നേതൃത്വം ഇടപെട്ട് സീറ്റ് ലഭ്യമാക്കുകയും അവര്‍ 900ല്‍പ്പരം വോട്ടിന് വിജയിക്കുകയും ചെയ്തു. ഇതോടെ അടൂര്‍ പ്രകാശും വിനോദ്കുമാറും അകന്നെന്നും അതിന്റെ പേരില്‍ വോട്ട് മറിക്കാന്‍ ശ്രമിച്ചെന്നുമാണ് ആരോപണം.
Next Story

RELATED STORIES

Share it