അടൂര്‍ പ്രകാശിനെതിരേ നടപടി ആവശ്യപ്പെട്ട് വിഎസിന്റെ കത്ത്

തിരുവനന്തപുരം: ഷോളയൂരിലെ ആദിവാസി ജീവിതം തകിടംമറിക്കുന്ന വിധത്തില്‍ ഇടപെട്ട റവന്യൂമന്ത്രി അടൂര്‍ പ്രകാശിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന് കത്ത് നല്‍കി.
ആലപ്പുഴ മാരാരിക്കുളത്ത് ഒരേക്കര്‍ 60 സെന്റ് കായല്‍തീരം വന്‍കിട റിസോര്‍ട്ടിന് നല്‍കുന്നതിനു പകരം പാലക്കാട് ഷോളയൂരില്‍ കിട്ടുന്ന ഇതിന്റെ അഞ്ചിരട്ടിവരുന്ന ഭൂമി 'ഭൂരഹിതരില്ലാത്ത കേരളം' പദ്ധതിക്കായി വിട്ടുനല്‍കുന്നത് ആദിവാസികളെ അത്യന്തം ദോഷകരമായി ബാധിക്കുന്നതാണ്.
50 ശതമാനത്തോളം ആദിവാസികളുള്ള ഷോളയൂരില്‍ ഈ പദ്ധതി നടപ്പാക്കിയാല്‍ ജനസംഖ്യാനുപാതത്തില്‍ മാറ്റമുണ്ടാവുമെന്നും അത് ആദിവാസി ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും മണ്ണാര്‍ക്കാട് അഡീഷനല്‍ തഹസില്‍ദാര്‍, ഒറ്റപ്പാലം സബ്കലക്ടര്‍, പാലക്കാട് ജില്ലാ കലക്ടര്‍ എന്നിവര്‍ സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയിരുന്നു. 140 ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന കള്ളക്കര ഊരില്‍നിന്ന് 100 മീറ്റര്‍ മാത്രം അകലെയാണ് കുന്നിന്‍ചെരിവില്‍ പാര്‍പ്പിട നിര്‍മാണത്തിന് ഒട്ടും യോഗ്യമല്ലാത്ത ഈ ഭൂമിയെന്നും ഉദ്യോഗസ്ഥര്‍ റിപോര്‍ട്ട് ചെയ്തിട്ടും ആദിവാസി ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന തീരുമാനമാണ് റവന്യുമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇത്തരം വസ്തുതകള്‍ റിപോര്‍ട്ട് ചെയ്ത ഉദ്യോഗസ്ഥരെ മന്ത്രി ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടായി. ഈ സാഹചര്യത്തില്‍ ആദിവാസികളെ ദ്രോഹിക്കുന്ന വിധത്തിലുള്ള ഈ നടപടി പിന്‍വലിപ്പിക്കാന്‍ കമ്മീഷന്‍ ഇടപെടണമെന്ന് വിഎസ് അഭ്യര്‍ഥിച്ചു.
ഒരു സെന്റിന് 500 രൂപ വിലവരുന്ന ഭൂമി നല്‍കി സെന്റിന് ലക്ഷങ്ങള്‍ വിലയുള്ള ഭൂമി സര്‍ക്കാര്‍ പതിച്ചുനല്‍കുന്നതിന് പിന്നില്‍ കോടികളുടെ അഴിമതിയാണുള്ളത്. ഈ കേസില്‍ മന്ത്രി അടൂര്‍ പ്രകാശിനെതിരേ ദ്രുത പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കും വിഎസ് കത്ത് നല്‍കി.
Next Story

RELATED STORIES

Share it