അടൂര്‍ പ്രകാശിനെതിരായ ദ്രുത പരിശോധന പൂര്‍ത്തിയാക്കണം

കൊച്ചി: വിവാദ സ്വാമി സന്തോഷ് മാധവന് ബിനാമി ബന്ധമുള്ള ആര്‍എം ഇസഡ് എന്ന ഐടി കമ്പനിക്കു വേണ്ടി മിച്ചഭൂമി ദാനം നല്‍കിയ കേസില്‍ മന്ത്രി അടൂര്‍ പ്രകാശിനെതിരായ വിജിലന്‍സിന്റെ ദ്രുത പരിശോധന 15 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. പരാതിക്കാരന്റെ മൊഴി എടുക്കുകയും പരാതിക്ക് ആസ്പദമായ വസ്തുതകളും തെളിവുകളും വിജിലന്‍സ് പരിശോധിക്കുകയും വേണമെന്ന് കോടതി ഉത്തരവിട്ടു.
കേസ് സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കാന്‍ നാലാഴ്ച അനുവദിക്കണമെന്ന വിജിലന്‍സിന്റെ ആവശ്യം തള്ളിയാണ് ജസ്റ്റിസ് പി ഉബൈദിന്റെ ഉത്തരവ്. ഐടി കമ്പനിക്ക് 118 ഏക്കര്‍ മിച്ച ഭൂമിയില്‍ ഹൈടെക്ക് ഐടി പാര്‍ക്ക് സ്ഥാപിക്കാന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് താനടക്കമുള്ളവര്‍ക്കെതിരേ ദ്രുതാന്വേഷണത്തിന് ഉത്തരവിട്ട മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് അടൂര്‍ പ്രകാശ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. മന്ത്രിക്കെതിരേ പരാതി നല്‍കിയ കളമശ്ശേരി സ്വദേശി ജി ഗിരീഷ് ബാബുവിന്റെ മൊഴിയും ഇതിന് ആധാരമായ രേഖകളും റിപോര്‍ട്ട് ലഭിക്കുമ്പോള്‍ വിശദമായി പരിശോധിച്ച് വേണം തുടരന്വേഷണം ഉള്‍പ്പെടെയുള്ള നടപടികളില്‍ തീരുമാനമെടുക്കാനെന്ന് വിജിലന്‍സ് കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.
ഊഹാപോഹങ്ങളുടെയും ആരോപണങ്ങളുടെയും മാധ്യമ വാര്‍ത്തകളുടെയും അടിസ്ഥാനത്തില്‍ മാത്രം നടപടികള്‍ പാടില്ല. പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുന്നതാണോയെന്നു പരിശോധിക്കണം. റിപോര്‍ട്ട് പരിശോധിച്ച് നടപടിയെടുക്കേണ്ടത് വിജിലന്‍സ് കോടതിയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുത്തന്‍വേലിക്കരയില്‍ തണ്ണീര്‍ത്തടം നികത്താനും ഐടി പാര്‍ക്ക് നിര്‍മിക്കാനും അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഗവര്‍ണറുടെ അനുമതി ഈ തീരുമാനത്തിന് ലഭിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ ഹരജി.
വസ്തുതകള്‍ മറച്ചുവച്ചാണ് സ്വകാര്യകമ്പനി അനുമതി സമ്പാദിച്ചത്. നിയമപരമല്ലെന്ന് ബോധ്യപ്പെട്ടതോടെ ഈ ഉത്തരവ് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍, ഇത് വ്യക്തിപരമായ തീരുമാനമെന്ന നിലയില്‍ കണ്ടാണ് ദ്രുതപരിശോധന നടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്. വിവാദ ഉത്തരവ് പിന്‍വലിച്ച സാഹചര്യത്തില്‍ പരാതിയും അതിന്‍മേലുള്ള വിജിലന്‍സ് കോടതി ഉത്തരവും നിലനില്‍ക്കുന്നതല്ലെന്നും നടപടി നിയമവിരുദ്ധമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ക്രമക്കേട് ബോധ്യമായപ്പോള്‍ മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് പാടം നികത്തി നിര്‍മാണത്തിന് അനുമതി നല്‍കിയ റിപോര്‍ട്ട് പിന്‍വലിച്ചതെന്ന് വിജിലന്‍സും കോടതിക്ക് നല്‍കിയ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it