അടൂര്‍ പീഡനം: മകളെ വിട്ടുകിട്ടാനുള്ള മാതാവിന്റെ അപേക്ഷ കോടതി തള്ളി

പത്തനംതിട്ട/കൊല്ലം: കൂട്ട ബലാല്‍സംഗത്തിന് ഇരയായ കടമ്പനാട് സ്വദേശിനിയായ പെണ്‍കുട്ടിയെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് മാതാവു സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളി. മാതാവിനൊപ്പം പോവാന്‍ പെണ്‍കുട്ടി വിസമ്മതിച്ചു. എട്ടാംക്ലാസില്‍ പഠിക്കവെ രണ്ടാനച്ഛന്റെ പീഡനത്തിനിരയായിട്ടുണ്ടെന്ന് പെണ്‍കുട്ടി കോടതിയില്‍ മൊഴിനല്‍കി.
ഇതേത്തുടര്‍ന്നാണ് മാതാവിനൊപ്പം വിട്ടയയ്ക്കണമെന്ന ഹരജി പത്തനംതിട്ട അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി-ഒന്ന് ജഡ്ജി പി വിജയന്‍ തള്ളിയത്. പെണ്‍കുട്ടി മാതാവിന്റെ സംരക്ഷണയില്‍ സുരക്ഷിതയല്ലെന്നും കോടതി കണ്ടെത്തി. കേസന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ഈ സാഹചര്യത്തില്‍ മാതാവിനൊപ്പം പോവാന്‍ അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനും കോടതിയെ ബോധിപ്പിച്ചു. പെണ്‍കുട്ടിയുടെ സുരക്ഷയും പരിഗണിക്കണമെന്ന് പോലിസും അഭ്യര്‍ഥിച്ചു.
ഇതു ശരിവച്ച കോടതി മാതാവിന്റെ അപേക്ഷ തള്ളുകയായിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയെ കോഴഞ്ചേരി മഹിളാ മന്ദിരത്തിലേക്കുതന്നെ തിരിച്ചയച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹന്‍സലാഹ് മുഹമ്മദ് ഹാജരായി
അതേസമയം പെണ്‍കുട്ടികളെ കെട്ടിയിട്ടു പീഡിപ്പിച്ച സംഭവത്തിലെ പ്രതികളെ ശൂരനാട് പോലിസ് കസ്റ്റഡിയില്‍ വാങ്ങി. ഇന്നലെ ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നാണ് പ്രതികളായ ശരത്, രതീഷ്, രാജ്കുമാര്‍, നാസിം, പ്രമോദ്, രോഹിത് എന്നിവരെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങിയത്.
ഇന്നലെ പ്രതികളെ അവരുടെ വീടുകളിലും പീഡനം നടന്ന സ്ഥലങ്ങളിലും എത്തിച്ച് തെളിവെടുപ്പു നടത്തി. നാളെ പ്രതികളെ കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it