അടൂരില്‍ മാണിക്കുനേരെ കരിങ്കൊടി പ്രതിഷേധം

അടൂര്‍: അടൂരില്‍ കെ എം മാണിക്കുനേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയതിനെ തുടര്‍ന്ന് സ്വീകരണപരിപാടി അലങ്കോലപ്പെട്ടു. പ്രതിഷേധത്തിനിടയിലും മാണിയെ പ്രവര്‍ത്തകര്‍ ഹാരമണിയിച്ചു സ്വീകരിച്ചു.
സമരക്കാര്‍ക്കു നേരെ പോലിസ് ലാത്തിച്ചാര്‍ജ് നടത്തിയത് സംഘര്‍ഷത്തിനിടയാക്കി. ഇതേത്തുടര്‍ന്ന് എം സി റോഡില്‍ ഒന്നര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. കൊട്ടരക്കരയിലെ സ്വീകരണത്തിനു ശേഷം ഏനാത്ത് എത്തിയ മാണി വാഹനങ്ങളുടെ അകമ്പടിയോടെയാണ് അടൂരിലേക്കു പോയത്. അദ്ദേഹം എത്തുന്നതിനു മുമ്പു തന്നെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് അഡ്വ. എസ് രാജീവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കരിങ്കൊടിയും കറുത്ത ബാനറുമായി നഗരം ചുറ്റി പ്രകടനം നടത്തി. തുടര്‍ന്ന് കെഎസ്ആര്‍ടിസി കവലയുടെ പടിഞ്ഞാറുഭാഗത്ത് നിലയുറപ്പിച്ചു. 12 മണിയോടെ സ്ഥലത്തെത്തിയ മാണിയുടെ വാഹനവ്യൂഹത്തിനുനേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി.
മാണിക്കുനേരെ കരിങ്കൊടി കാട്ടിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ നേരിടാന്‍ കേരളാ കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകര്‍ എത്തിയതോടെ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. ഇതേത്തുടര്‍ന്ന് പോലിസ് ലാത്തിവീശുകയായിരുന്നു. വീണ്ടും നഗരത്തില്‍ സംഘടിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ബാരിക്കേഡുകള്‍ തീര്‍ത്താണ് പോലിസ് പ്രതിരോധിച്ചത്. സംഘര്‍ഷത്തിനിടെ കെ എം മാണിയെ വേദിയിലേക്ക് ആനയിച്ച പ്രവര്‍ത്തകര്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ചു സ്വീകരിച്ചു.
ഏതാനും വാക്കുകളില്‍ പ്രസംഗം അവസാനിപ്പിച്ച മാണി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായി പറഞ്ഞു.
Next Story

RELATED STORIES

Share it