Gulf

അടുത്ത വര്‍ഷം 60 പാര്‍ക്കുകള്‍

ദോഹ: അടുത്ത വര്‍ഷം അവസാനത്തോടെ രാജ്യത്ത് അറുപത് പൊതുപാര്‍ക്കുകള്‍ കൂടി സജ്ജമാകുമെന്ന് മുനിസിപ്പാലിറ്റി-നഗരാസൂത്രണ മന്ത്രാലയം വ്യക്തമാക്കി. ഇതില്‍ പന്ത്രണ്ട് പാര്‍ക്കുകളുടെ പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നും മന്ത്രാലയത്തിലെ പബ്ലിക് പാര്‍ക്ക് ഡിപാര്‍ട്ട്‌മെന്റിലെ പദ്ധതി വിഭാഗം തലവന്‍ എന്‍ജിനീയര്‍ ഖാലിദ് അഹ്മദ് അല്‍സന്‍ദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍ ഡിപാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ക്കുകള്‍ക്കു പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പാതകളും ഒരുക്കുന്നുണ്ട്. ഒരു തീം പാര്‍ക്ക് നിര്‍മിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളും പബ്ലിക് പാര്‍ക്ക് ഡിപാര്‍ട്ട്‌മെന്റ് ആരംഭിച്ചിട്ടുണ്ട്. നവീനമായ രീതിയില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയാവും തീംപാര്‍ക്ക് നിര്‍മിക്കുക.
പാര്‍ക്കുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ലംഘിക്കാന്‍ ഒരു കരാറുകാരെയും അനുവദിക്കില്ല. 2010 മുതല്‍ 2015വരെയുള്ള കാലയളവില്‍ നാല്‍പ്പത് പാര്‍ക്കുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതായും ഖാലിദ് അഹമ്മദ് അല്‍സന്‍ദി വ്യക്തമാക്കി. കൂടുതല്‍ പാര്‍ക്കുകളില്ലാത്ത സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പുതിയ പാര്‍ക്കുകള്‍ വരിക. ഈ പാര്‍ക്കുകളുടെ ഡിസൈന്‍ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള ജോലികള്‍ മന്ത്രാലയത്തില്‍ പുരോഗമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. പാര്‍ക്കുകളുടെ നിര്‍മാണ, വികസനവുമായി ബന്ധപ്പെട്ട മിക്ക പദ്ധതികളും ഈ വര്‍ഷം തന്നെ നടപ്പാക്കും. അത്യാധുനിക സൗകര്യങ്ങളോടെയായിരിക്കും പാര്‍ക്കുകളുടെ നിര്‍മാണം. മികച്ച ലൈറ്റിങ് സംവിധാനം(പ്രകാശ വിന്യാസം), സണ്‍ഷെയ്ഡുകള്‍, റബ്ബര്‍ഫ്‌ളോറുകള്‍ എന്നിവ പ്രത്യേകതയാകും. ഐടി കമ്യൂണിക്കേഷന്‍സ് മന്ത്രാലയവുമായി സഹകരിച്ച് സൗജന്യ വൈഫൈ സേവനവും ലഭ്യമാക്കും. ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങുന്ന രണ്ടു പാര്‍ക്കുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ജലകായിക വിനോദസൗകര്യങ്ങള്‍(വാട്ടര്‍ ഗെയിം) ഒരുക്കും. പാര്‍ക്കുകള്‍ക്ക് സ്ഥലം കണ്ടെത്തല്‍, നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട് നഗരാസൂത്രണ വകുപ്പ്, സ്റ്റേറ്റ് പ്രോപ്പര്‍ട്ടീസ് വകുപ്പ്, മറ്റു സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it