അടുത്ത വര്‍ഷം മുതല്‍ ബിഎഡ് ഒരു വര്‍ഷമായി ചുരുക്കുന്നു

പൊന്നാനി: അധ്യാപക പരിശീലന കോഴ്‌സായ ബിഎഡ് അടുത്ത വര്‍ഷം മുതല്‍ ഒരു വര്‍ഷത്തെ കോഴ്‌സാക്കി മാറ്റാന്‍ തീരുമാനമായി. രണ്ടുവര്‍ഷത്തെ കോഴ്‌സാക്കി ബിഎഡിനെ മാറ്റിയതോടെ കുട്ടികള്‍ ഗണ്യമായി കുറഞ്ഞതായി നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ നടത്തിയ വിവരശേഖരണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ കോഴ്‌സ് ഒരു വര്‍ഷത്തെ കോഴ്‌സാക്കി മാറ്റാനാണ് വിവിധ സര്‍വകലാശാലകളുടെ തീരുമാനം. കഴിഞ്ഞ വര്‍ഷം മുതലാണ് ബിഎഡ് കോഴ്‌സ് രണ്ടു വര്‍ഷമാക്കി മാറ്റിയത്. രണ്ടു വര്‍ഷം കാലാവധി നീട്ടിയിരുന്നെങ്കിലും അധ്യാപക വിദ്യാര്‍ഥികളുടെ ഗുണനിലവാരം വര്‍ധിപ്പിക്കാനുള്ള മാറ്റം പാഠ്യപദ്ധതിയില്‍ കാണുന്നില്ലെന്ന് ബിഎഡ് കോളജുകളിലെ അധ്യാപകര്‍ പറയുന്നു. ബിഎഡ് കോഴ്‌സ് രണ്ട് വര്‍ഷമാക്കി നീട്ടിയതോടെ വിവിധ സര്‍വകലാശാലകളിലെ 200 ഓളം ബിഎഡ് കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ ഗണ്യമായി കുറഞ്ഞിരുന്നു. കേരളത്തില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളിലെ ബിഎഡ് സെന്ററുകളുടെയും അവസ്ഥ ഇതു തന്നെയാണ്. ബിഎഡ് കാലാവധി ഒരു വര്‍ഷമാക്കി ചുരുക്കാനുള്ള തീരുമാനം വിദ്യാര്‍ഥികള്‍ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. സര്‍ക്കാര്‍ നടത്തുന്നതും സര്‍വകലാശാലകള്‍ നടത്തുന്നതും, സ്വാശ്രയ മേഖലയിലെ ബിഎഡ് കോളജുകളിലും കുട്ടികള്‍ ഈ വര്‍ഷം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് എന്‍സിടിഇയുടെ പരിശോധനയില്‍ കണ്ടെത്തിയത്. ജസ്റ്റിസ് വര്‍മ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണു രാജ്യവ്യാപകമായി ബിഎഡ് കോഴ്‌സുകളുടെ കാലാവധി രണ്ടു വര്‍ഷമാക്കി വര്‍ധിപ്പിച്ചത്.
Next Story

RELATED STORIES

Share it