Citizen Video

അടുത്ത വര്‍ഷം മുതല്‍ പുതിയ വിദ്യാഭ്യാസ നയം

സ്വന്തം പ്രതിനിധിന്യൂഡല്‍ഹി: അടുത്ത വര്‍ഷം മുതല്‍ രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയം കൊണ്ടു വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടു രൂപം തയ്യാറാക്കുന്നതിനായി സര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസ നയ വികസന കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി. ജോസ് കെ മാണി എംപിയുടെ ചോദ്യത്തിന് ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാസിബിഎസ്ഇയെയും സംസ്ഥാന വിദ്യാഭ്യാസ മേഖലയെയും സംയുക്തമായി സഹകരിപ്പിച്ച് പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കും. മുന്‍ കാബിനറ്റ് സെക്രട്ടറി ടിഎസ്ആര്‍ സുബ്രഹ്മണ്യന്‍ ആണ് പുതിയ വിദ്യാഭ്യാസ നയ വികസന സമിതിയുടെ ചെയര്‍മാന്‍. സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സിബിഎസ്ഇ പാഠപുസ്തകങ്ങള്‍ ഇ-പാഠശാല പദ്ധതിയിലൂടെ സൗജന്യമായി ലഭ്യമാക്കും. വിവിധ മേഖലകളില്‍ നിന്നു വിദഗ്ധാഭിപ്രായം സ്വീകരിച്ച് വിദ്യാഭ്യാസ നയത്തിനു രൂപം നല്‍കും. മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന വിദഗ്ധാഭിപ്രായ ശേഖരണത്തിലൂടെയാണ് പുതിയ നയത്തിനു രൂപം നല്‍കുക. ഓണ്‍ലൈന്‍ വഴിയും അടിസ്ഥാന ഘടകങ്ങളില്‍ നിന്നും ദേശീയ തലത്തിലും അഭിപ്രായങ്ങള്‍ സ്വീകരിക്കും. സര്‍ക്കാര്‍ പോര്‍ട്ടല്‍ വഴിയുള്ള ഓണ്‍ലൈന്‍ അഭ്രിപ്രായ ശേഖരണം 2015 ജനുവരി 26 മുതല്‍ ഒക്ടോബര്‍ 31 വരെയായിരുന്നു. 33 വിഷയങ്ങളെ അടിസ്ഥാനമാക്കി 29,000 നിര്‍ദേശങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭിച്ചു. 573 ജില്ലകളും 11 സംസ്ഥാനങ്ങളും വിദഗ്ധാഭിപ്രായങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്തു. ബാക്കി സംസ്ഥാനങ്ങള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനങ്ങളില്‍ നിന്നും വിദ്യാഭ്യാസ മേഖലകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് പുതിയ വിദ്യാഭ്യാസ നയ വികസന കമ്മിറ്റി വിദ്യാഭ്യാസ നയത്തിന്റെ കരടിനു രൂപം നല്‍കും. ഗേറ്റ് സ്‌കോളര്‍ഷിപ്പ് തുക 8000ല്‍ നിന്നും 12,400 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് പികെ ബിജു എംപിയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി അറിയിച്ചു. 2015-16 വര്‍ഷത്തില്‍ നവംബര്‍ 11 വരെ സ്‌കോളര്‍ഷിപ്പായി 151.56 കോടി രൂപ വിതരണം ചെയ്തതായും മന്ത്രി വ്യക്തമാക്കി.അതെസമയം ഭഗവത്ഗീതയും വേദങ്ങളും ഉള്‍പ്പെടെയുള്ള മതഗ്രന്ഥങ്ങള്‍ പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് സര്‍ക്കാരിന് ഒരു ശുപാര്‍ശയും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ലോക്‌സഭയില്‍ രേഖാമൂലം മറുപടി നല്‍കി. കേന്ദ്രീയ വിദ്യാലയങ്ങളിലെ ആറു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കും ജര്‍മന്‍ ഭാഷ അധിക ഭാഷയായി പഠിക്കാം. എന്നാല്‍, ചുരുങ്ങിയത് പതിനഞ്ചു വിദ്യാര്‍ഥികളെങ്കിലും ഒരു സ്‌കൂളില്‍ ജര്‍മന്‍ ഭാഷ തെരഞ്ഞെടുത്തവര്‍ ഉണ്ടാവണമെന്നും മന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it