അടുത്ത റിപബ്ലിക് ദിനത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് മുഖ്യാതിഥിയായേക്കും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 67ാമത് റിപബ്ലിക് ദിന ആഘോഷ ചടങ്ങില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹോളാന്‍ദ് മുഖ്യാതിഥിയാവുമെന്ന് റിപോര്‍ട്ട്. ഇന്ത്യയോ ഫ്രാന്‍സോ ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരം പുറത്തുവിട്ടിട്ടില്ല. എന്നാല്‍, ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഫ്രഞ്ച് പത്രമാണ് ഇതുസംബന്ധിച്ച റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്. രണ്ടു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ഫ്രഞ്ച് വിദേശകാര്യമന്ത്രി ലോറന്റ് ഫാബിയസ് വെള്ളിയാഴ്ച ഡല്‍ഹിയിലെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരുമായും ലോറന്റ് ഫാബിയസ് നടത്തിയ കൂടിക്കാഴ്ചയിലാണ് ഫ്രാന്‍സ്വാ ഹോളാന്‍ദിന്റെ സന്ദര്‍ശനകാര്യത്തില്‍ അന്തിമതീരുമാനമായതെന്നാണ് റിപോര്‍ട്ട്. അടുത്തമാസം 30ന് പാരിസ് കാലാവസ്ഥാ സമ്മേളനം ഫ്രാ ന്‍സില്‍ നടക്കുകയാണ്. ഈ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കുമെന്നാണു സൂചന.
മോദിയല്ലെങ്കില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജോ മറ്റു പ്രതിനിധിയോ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന കൂടിക്കാഴ്ചയ്ക്കു ശേഷമായിരിക്കും ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍, സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റജോയി എന്നിവരുടെ പേരുകളും അടുത്ത വര്‍ഷം നടക്കുന്ന റിപബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യാതിഥികളുടെ പട്ടികയില്‍ ഉണ്ടെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു.
റിപബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ വിദേശരാഷ്ട്ര തലവന്‍മാരെ വിശിഷ്ടാതിഥിയായി ക്ഷണിക്കുക പതിവാണ്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ മുഖ്യാതിഥി.
Next Story

RELATED STORIES

Share it