ernakulam local

അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കി കൊച്ചി നഗരസഭ ബജറ്റ്

കൊച്ചി: അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കി കൊച്ചി നഗരസഭയുടെ 2016-17 ലെ ബജറ്റ് അവതരിപ്പിച്ചു. 883,55,98,970 രൂപ വരവും 840,95,02,339 രൂപ ചെലവും 24,57,96,631 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് കൗണ്‍സിലിന്റെ അംഗീകാരത്തിനായി സമര്‍പിച്ചത്.
കൊച്ചിയെ ലോക നഗരങ്ങളുടെ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്ന സ്മാര്‍ട്ട്‌സിറ്റീസ് പദ്ധതി നടത്തിപ്പിനും സാമ്പത്തിക പ്രതിസന്ധി മറികറക്കുന്നതിനായി വരുമാന സ്രോതസ്സിനും പ്രത്യേക പരിഗണനയാണ് ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദ് ഇന്നലെ അവതരിപ്പിച്ച ബജറ്റില്‍ നല്‍കിയിരിക്കുന്നത്. നാളെ ബജറ്റിനെ കുറിച്ച് പൊതുര്‍ച്ച നടക്കും. ചൊവ്വാഴ്ച ബജറ്റ് പാസാക്കും.
അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പൊതുസ്ഥലങ്ങളുടെ സംരക്ഷണം, ഗതാഗത സംവിധാനങ്ങളുടെ ആധുനിക വല്‍ക്കരണം, സേവനങ്ങളുടെ കാര്യക്ഷമത എന്നിവയ്ക്ക് ബജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. കൂടാതെ കൊതുക് നശീകരണം, പൊതുഗതാഗതം, ഉറവിട മാലിന്യ സംസ്‌കരണം, കനാല്‍ നവീകരണം, ഇ-ഗവേണന്‍സ് തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടുകള്‍ മാറ്റിവച്ചിട്ടുണ്ട്.
കോര്‍പറേഷന്റെ ഭരണ നിര്‍വഹണ സംവിധാനങ്ങള്‍ ആധുനിക വല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണ നിര്‍വഹണം ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ സഹായത്തോടെയാക്കുക, പൂര്‍ണ ഇ-ഗവേണന്‍സ് പദ്ധതി, എല്ലാ നികുതികളും ഓണ്‍ലൈനില്‍ ലഭ്യമാക്കുക, പൊതുജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നതിനായി സിറ്റിസണ്‍സ് ഡിജിറ്റല്‍ ഡയറക്ടറി, ഇ-ജാലകം പദ്ധതി തുടങ്ങിയവകള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഖരമാലിന്യ സംസ്‌കരണത്തിനായി വേസ്റ്റ് ടു എനര്‍ജി പ്ലാന്റിന്റെ നിര്‍മാണം ഈ വര്‍ഷം തന്നെ ആരംഭിക്കും. കൂടാതെ ഫോര്‍ട്ടുകൊച്ചിയിലെയും എറണാകുളം മാര്‍ക്കറ്റിലെയും മാലിന്യ ശേഖരണവും ശുചിത്വ പരിപാലനവും ടെന്‍ഡര്‍ നടപടികളിലൂടെ യോഗ്യതയുള്ള ഏജന്‍സിയെ ഏല്‍പിക്കും. നഗരത്തെ ഇലക്ട്രോണിക് മാലിന്യ മുക്ത നഗരമാക്കുന്നതിനുള്ള കര്‍മ പദ്ധതികളും ഊര്‍ജിതമാക്കും. ഇ-മാലിന്യം ശേഖരിക്കുന്നതിനായി ഡ്രോപ് ഓഫ് റിക്കവറി സെന്ററുകള്‍ വിവിധയിടങ്ങളില്‍ തുടങ്ങും. കൊതുകു നിവാരണത്തിനായി ഇന്റഗ്രേറ്റഡ് മൊസ്‌കിറ്റോ കണ്‍ട്രോള്‍ പ്രോഗ്രാം നടപ്പാക്കും. കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ എട്ടുകോടി രൂപ വകയിരുത്തി.
പോണ്ടിച്ചേരിയിലെ വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സാങ്കേതിക സഹായത്തോടെ കൊതുക് നിവാരണത്തിനായി ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിക്കും. കൊതുക് ഉള്‍പ്പടെയുള്ള ജീവികള്‍ പെരുകാതിരിക്കാനും ഓടകളിലെ ദുര്‍ഗന്ധം അകറ്റുന്നതിനുമായി മൈസൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ വികസിപ്പിച്ച രീതിയിലുള്ള ജൈവലായനി നഗരസഭ സ്വന്തമായി നിര്‍മിക്കും. ഇതിനായി ഒരു പ്രത്യേക വിഭാഗം രൂപീകരിക്കും.
സ്വീവേജുമായി ബന്ധപ്പെട്ട് കിഴക്കന്‍ മേഖലകളിലും പടിഞ്ഞാറന്‍ മേഖലകളിലും ആരംഭിച്ച പദ്ധതികളുടെ പൂര്‍ത്തീകരണം, വിവിധ പ്രദേശങ്ങളില്‍ വികേന്ദ്രീകൃത സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍, സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവ നിര്‍മിക്കും.
വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി സ്‌റ്റോം വാട്ടര്‍ മാനേജ്‌മെന്റ് സിസ്റ്റം വിഭാവനം ചെയ്തിട്ടുണ്ട്. കാനകളുടെയും കനാലുകളുടെയും നവീകരണത്തിനും പ്രത്യേക ഊന്നല്‍ നല്‍കിട്ടുണ്ട്.
കേരള വാട്ടര്‍ അതോറിറ്റിയുമായി സഹകരിച്ച് ജെഎന്‍എന്‍യുആര്‍എം, സ്മാര്‍ട്ട് സിറ്റീസ്, അമൃത് പദ്ധതികളുടെ സഹായത്തോടെ നഗരത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളം ലഭ്യമാക്കുകയും ആയിരം കുടുംബങ്ങള്‍ക്ക് മഴവെള്ള സംഭരണി നിര്‍മിച്ചു നല്‍കുകയും ചെയ്യും.
റോഡുകളുടെ നിര്‍മാണത്തിനും പരിപാലനത്തിനും ഊന്നല്‍ നല്‍കി 15 വര്‍ഷം ഗ്യാരന്റിയോടുകൂടിയ ആന്യൂറ്റി സ്‌കീം ഈ വര്‍ഷം പ്രാബല്യത്തില്‍ വരുത്തും. എസ്എ റോഡ്, പള്ളുരുത്തി 40 അടി റോഡ്, ചിറ്റൂര്‍ റോഡ്, പശ്ചിമകൊച്ചി സാന്റോ ഗോപാലന്‍ റോഡ് എന്നിവ ഈ രീതിയില്‍ പുനര്‍ നിര്‍മിക്കും.
റോഡുകള്‍ ആധുനിക വല്‍ക്കരിക്കുന്നതിനുള്ള പദ്ധതി, ആധുനിക ജങ്ഷനുകള്‍ക്കുള്ള പദ്ധതി, അംഗപരിമിതര്‍ക്കുള്ള പദ്ധതികള്‍ തുടങ്ങിയവയും ബജറ്റില്‍ വിഭാവനം ചെയ്തിട്ടുണ്ട്. കാല്‍നട യാത്രക്കാര്‍ക്ക് മുന്തിയ പരിഗണന നല്‍കിക്കൊണ്ടുള്ള വിവിധ പദ്ധതികളും ബജറ്റിലുണ്ട്.
കച്ചേരിപ്പടി, കലൂര്‍, ഇടപ്പള്ളി, പള്ളുരുത്തി എന്നിവിടങ്ങളില്‍ വിവിധോദ്ദേശ കെട്ടിട സമുച്ഛയങ്ങള്‍ നിര്‍മിക്കും. സൈന്‍ബോര്‍ഡുകള്‍ക്കുള്ള നിയന്ത്രണം മുതല്‍ പോസ്റ്ററുകള്‍ക്കും ബാനറുകള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കര്‍മ പദ്ധതികള്‍ ബജറ്റില്‍ ആവിഷ്‌കരിക്കരിച്ചിട്ടുണ്ട്. സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും അശരണര്‍ക്കും താങ്ങും തണലുമാവുന്ന പ്രകാശഗോപുരം, എല്ലാവര്‍ക്കും ഭക്ഷണം, ഭവനം, വയോജന സംരക്ഷണം, വിഭിന്നശേഷിക്കാര്‍ക്ക് ഇന്‍ഷുറന്‍സ്, സ്‌നേഹതീരം, സ്വാന്തന സഹായം ഹൃദയപൂര്‍വം എന്നീ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കൂടാതെ പള്ളുരുത്തിയില്‍ പുതിയ അഗതിമന്ദിരം, എല്ലാവര്‍ക്കും ശുചിമുറി, തെരുവു കച്ചവടക്കാരുടെ ക്ഷേമ പദ്ധതികള്‍ എന്നിവയും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം ലക്ഷ്യംവച്ചുകൊണ്ടുള്ള വിവിധ കര്‍മ പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റ് ഓഫ് ഹോസ്പിറ്റല്‍സ് എന്ന പുതിയ പദ്ധതിയും ഹോമിയോ ഡിസ്പന്‍സറികളുടെ നടത്തിപ്പിനായി ഹോമിയോ ക്യാംപുകള്‍, ആയൂര്‍വേദ ആശുപത്രികള്‍ക്കായുള്ള പദ്ധതികള്‍ എന്നിവയും ബജറ്റില്‍ വിഭാവനംചെയ്തിട്ടുണ്ട്.
വളര്‍ത്തു നായ്ക്കള്‍ക്ക് മൈക്രോ ചിപ്പ് ഘടിപ്പിക്കല്‍ നിര്‍ബന്ധമാക്കും. സമഗ്ര കായിക നയം നല്‍കി കായിക മേഖലയെ പ്രോല്‍സാഹിപ്പിക്കും. സാംസ്‌കാരിക മേഖലയ്ക്കും കാര്‍ഷിക മേഖലയ്ക്കും പ്രത്യേക പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it